ജോലി കിട്ടാന്‍ റിയാലിറ്റി ഷോ

Posted on: 10 Aug 2014




തൊഴില്‍ നേടാന്‍ ശ്രമിക്കുന്ന ഒരാള്‍ നേരിടുന്ന പ്രശ്‌നം തന്റെ കഴിവുകള്‍ തൊഴില്‍ ദാദാവിനെ എങ്ങനെ ഫലപ്രദമായി ബോധ്യപ്പെടുത്തും എന്നതാണ്. തൊഴില്‍ തേടി വരുന്നയാളിന്റെ യഥാര്‍ത്ഥ കഴിവുകള്‍ അല്ലെങ്കില്‍ കഴിവുകേടുകള്‍ എങ്ങനെ
മനസ്സിലാക്കും എന്നത് തൊഴില്‍ ദാദാവിനും ഒരു പ്രശ്‌നമാണ്. കഴിവുണ്ടെങ്കിലും ഒരാള്‍ മടിയില്ലാതെ പണിയെടുക്കുമോ എന്ന് മുന്‍കൂട്ടി അറിയാന്‍ വളരെ ബുദ്ധിമുട്ടാണ്.

ഒരര്‍ഥത്തില്‍ ഈ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയില്ല. അതിനുവേണ്ടി നമ്മള്‍ പരോക്ഷ മാര്‍ഗങ്ങളെ അല്ലെങ്കില്‍ സൂചകങ്ങളെ ആശ്രയിക്കും. അതിന്റെ അടിസ്ഥാനത്തില്‍ തൊഴിലന്വേഷകരെ തരം തിരിക്കും. നേടിയ ബിരുദം, പഠിച്ച കോളേജ്, അല്ലെങ്കില്‍ സര്‍വകലാശാല തുടങ്ങിയവയൊക്കെ ഇത്തരം പരോക്ഷ സൂചനകള്‍ മാത്രമാണ്. ഇതുകാരണം അറിയപ്പെടുന്ന കോളേജില്‍ പഠിക്കുന്ന ശരാശരിക്കാരന് നല്ല ജോലി കിട്ടാനുള്ള സാധ്യത കൂട്ടാനും അധികം പ്രശസ്തി ഇല്ലാത്ത സ്ഥാപനത്തില്‍ പഠിക്കുന്ന മിടുക്കരുടെ ഭാവി അത്ര ശോഭാനമാകാതിരിക്കാനും ഇടയുണ്ട്.

മത്സരപരീക്ഷ നടത്തിയാല്‍ ഈ പ്രശ്‌നം പരിഹരിച്ചുകൂടെ എന്ന് ചോദിക്കാം? ചില മത്സര പരീക്ഷകള്‍ നല്‍കുന്നതും പരോക്ഷ സൂചകങ്ങള്‍ മാത്രമാണ്. പ്യൂണ്‍ ജോലിക്കും പോലീസ് ഓഫീസറെ തെരഞ്ഞെടുക്കാനും നടത്തുന്ന മത്സര പരീക്ഷകളും ഈ
തൊഴിലുകള്‍ക്ക് വേണ്ട വൈദഗ്ധ്യവും തമ്മില്‍ കാര്യമായ ബന്ധമില്ലല്ലൊ.

ഈ പ്രശ്‌നം വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഞാന്‍ സാധാരണ ഉപയോഗിക്കാറുള്ള ഉദാഹരണമാണ് ഐ ഐ എമ്മില്‍ നിന്നു പഠിച്ചിറങ്ങുന്നവര്‍ക്ക് കിട്ടുന്ന വളരെ ഉയര്‍ന്ന ശമ്പളം. ഐ ഐ എമ്മും ഒരു രണ്ടാംകിട മാനേജ്‌മെന്റ് കോളേജും തമ്മില്‍
സിലബസ്സിന്റെ കാര്യത്തിലോ പഠിപ്പിക്കലിലോ കാര്യമായ വ്യത്യാസമുണ്ടാകാന്‍ ഇടയില്ല . അഥവാ ഉണ്ടായാല്‍ ഇക്കാര്യം താരതമ്യേന എളുപ്പം പരിഹരിക്കാന്‍ രണ്ടാംകിട സ്ഥാപനത്തിന് കഴിയും. എന്നിരിക്കിലും ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് കിട്ടാനിടയുള്ള ശമ്പളം ഐ ഐ എമ്മിലേതിനേക്കാള്‍ കാര്യമായി കുറഞ്ഞിരിക്കും. എന്താണിതിനു കാരണം ?

ധാരാളം പേര്‍ മത്സരിക്കുന്ന പരീക്ഷയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുറച്ചു പേരാണ് ഐ ഐ എമ്മില്‍ വിദ്യാര്‍ഥികള്‍ ആകുന്നതു എന്നത് തൊഴില്‍ ദാദാക്കള്‍ക്ക് ചില സൂചനകള്‍ നല്‍കുന്നു. ഇത് കാരണം ധാരാളം കമ്പനികള്‍ ഐ ഐ എമ്മില്‍ നിന്ന് പഠിച്ചു വരുന്നവരെ ജോലിക്കെടുക്കാന്‍ മത്സരിക്കുമ്പോള്‍ അവര്‍ക്ക് കൊടുക്കേണ്ട ശമ്പളവും വര്‍ദ്ധിക്കും.

അടുത്ത കാലത്തായി സോഫ്റ്റ്‌വേര്‍ കമ്പനികള്‍ ഓണ്‍ലൈനായി സോഫ്റ്റ്‌വേര്‍ ഉണ്ടാക്കുന്ന മത്സരങ്ങള്‍ സംഘടിപ്പിച്ചു അതില്‍ ജയിക്കുന്നവരെ ജോലിക്കെടുക്കുന്ന പരിപാടി തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ കോളേജുകളില്‍ പോയി കുട്ടികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയക്ക് പകരം ഇത്തരം ഓണ്‍ ലൈന്‍ മത്സരം വ്യാപകമാകും എന്ന് ചിലര്‍ പ്രവചിക്കുന്നു. ഈ മാറ്റം മുകളില്‍ സൂചിപ്പിച്ച
പ്രശ്‌നത്തിനുള്ള ഒരു പരിഹാരമാണ്. അതുവഴി പേരില്ലാത്ത കോളേജില്‍ പഠിക്കുന്നവരും ചിലപ്പോള്‍ തോല്‍ക്കുന്നവരും ആയ മിടുക്കന്‍മാര്‍ക്കും മിടുക്കികള്‍ക്കും നല്ല ജോലി കിട്ടുന്നതിനു ഇടയാക്കും

എല്ലാ രംഗങ്ങളിലും ഈ പ്രശ്‌നമുണ്ട് . നടനാകാന്‍ അല്ലെങ്കില്‍ പിന്നണിഗായകനാകാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ ശരിയായ കഴിവ് കൊണ്ട് മാത്രം സിനിമാ രംഗത്ത് എത്തിപ്പെടണം എന്നില്ല . കുടുംബ ബന്ധങ്ങള്‍, പ്രമുഖരുടെ ശുപാര്‍ശ തുടങ്ങിയ പരോക്ഷ സൂചകങ്ങളെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ അടുത്തകാലത്ത് ടി വി ചാനലുകളില്‍ നടക്കുന്ന റിയാലിറ്റി ഷോകള്‍ വഴി വലിയ ബന്ധങ്ങള്‍ ഒന്നുമില്ലാത്ത സാധാരണ ക്കാര്‍ക്കും ശ്രദ്ധിക്കപ്പെടുന്ന ഗായകരാകാനുള്ള അവസരമൊരുക്കുന്നുണ്ട് ഓണ്‍ ലൈന്‍ സോഫ്റ്റ് വേര്‍ നിര്‍മാണ മത്സരം അത്തരമൊരു റിയാലിറ്റി ഷോയാണ്!

വി. ശാന്തകുമാര്‍

»  News in this Section

Enter your email address: