
താന്‍ അവതരിപ്പിച്ച ബജറ്റിനെ കുറിച്ചും ഈ സര്‍ക്കാരിനെ നയിക്കുന്ന മോദിയുടെ സാമ്പത്തിക നിലപാടിനെ കുറിച്ചും ജെയ്റ്റ്‌ലി ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് ജൂലൈ 15 നു നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ചെലവഴിക്കുന്നവരുടെ കയ്യില്‍ നികുതിയിളവുകള്‍ വഴി കൂടുതല്‍ പണമെത്തിക്കുകയും അതുവഴി അവരെ കൂടുതല്‍ ചെലവഴിക്കാനും സമ്പാദിക്കാനും പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്റെ നിലപാട്; ഉയര്‍ന്ന നികുതി പ്രധാന മന്ത്രിയുടെ നിലപാടിന് എതിരാണ്.
ഈ നിലപാടുകള്‍ രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമോ എന്നു പരിശോധിക്കേണ്ടതുണ്ട് . യു.പി.എ കാലത്ത് സംഭവിച്ചത് എന്താണ്? നികുതി ഉയര്‍ത്താതെ സര്‍ക്കാര്‍ കടം വാങ്ങി വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ചെലവാക്കി. ഈ ചെലവു ചെയ്യല്‍ കാരണം സമൂഹത്തില്‍ ചില വിഭാഗക്കാരുടെ കയ്യില്‍ കൂടുതല്‍ പണമെത്തി. എന്നിട്ടും സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂടിയില്ല
ഇതിനു ഒരു കാരണം സാമ്പത്തിക വ്യവസ്ഥയില്‍ വേണ്ടത്ര നിക്ഷേപം ഉണ്ടായില്ല എന്നതാണ്. സര്‍ക്കാര്‍ കൂടുതല്‍ പണം കടം വാങ്ങിയാല്‍ പലിശ നിരക്ക്
ഉയര്‍ന്നിരിക്കുകയും അത് ഉല്‍പാദന വ്യവസ്ഥയില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകുന്നവരെ പിറകോട്ടു വലിക്കുകയും ചെയ്യും.
അപ്പോള്‍ ആളുകളുടെ കയ്യില്‍ പണമുണ്ടാകുകയും എന്നാല്‍ സര്‍ക്കാര്‍ കൂടുതല്‍ കടം വാങ്ങേണ്ടി വരികയും ചെയ്യുന്ന അവസ്ഥയില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയരണമെന്നില്ല. മാത്രമല്ല ഉല്‍പാദനം വേണ്ടത്ര ഉയരാതെ ജനം കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായി വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കും
ധനക്കമ്മി കുറക്കാതെ ജനങ്ങളുടെ കയ്യില്‍ പണം കൊടുത്താല്‍ സാമ്പത്തിക വളര്‍ച്ച ഉയരുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്. ഡജഅ ചെയ്തതും ജനങ്ങളുടെ കയ്യില്‍ പണം എത്തിക്കലാണ്. കടം മേടിച്ചാണ് എന്ന് മാത്രം. മാത്രമല്ല ആ പണം തൊഴിലുറപ്പ് പദ്ധതിയും മറ്റും വഴി കിട്ടിയവരില്‍ ദരിദ്രര്‍ ഏറെ ഉണ്ടായിരുന്നു.
പാവപ്പെട്ടവര്‍ (മറ്റുള്ളവരെ അപേക്ഷിച്ച് ) തങ്ങള്‍ക്കു കിട്ടുന്ന പണത്തിന്റെ ഭൂരിപക്ഷവും ചെലവഴിക്കും. എന്നിട്ടും അത് വിലക്കയറ്റം ഉയര്ത്തിയതല്ലാതെ
സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താന്‍ സഹായിച്ചില്ല
അതുകൊണ്ട് തൊഴിലുറപ്പ് പദ്ധതിയും മറ്റും വഴി പാവപ്പെട്ടവര്‍ക്ക് കിട്ടുന്ന സഹായം കുറയ്ക്കണം എന്നല്ല ഇവിടെ വാദിക്കുന്നത്. അങ്ങനെ പണം
ചെലവഴിക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ച ഉയര്‍ന്നില്ലെങ്കിലും രാജ്യത്തു നിലനില്‍ക്കുന്ന ദാരിദ്ര്യം കുറയും . അത് നല്ല കാര്യമാണ്. ഈ സര്‍ക്കാരും
അത്തരം സാമൂഹ്യ സുരക്ഷാ നടപടികള്‍ തുടരാനാണ് സാധ്യത
ആ അവസ്ഥയില്‍ ധനക്കമ്മി കുറയണമെങ്കില്‍ മധ്യവര്‍ഗക്കാരും പണക്കാരും തങ്ങള്‍ക്കു സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന സബ്‌സിഡികള്‍ വേണ്ടെന്നു വയ്ക്കാനും കൂടുതല്‍ നികുതി കൊടുക്കാനും തയ്യാറാകണം. അതിനു അവരെ പ്രേരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം
അങ്ങനെയൊരു നിലപാട് എടുക്കാന്‍ ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ച് ഈ സര്‍ക്കാരും (മുന്‍സര്‍ക്കാരിനെ പോലെ) മടി കാണിക്കും എന്നാണ് തോന്നുന്നത്. തങ്ങളെ ജയിച്ചു വരാന്‍ സഹായിച്ച ഇടത്തരക്കാരെയും പണക്കാരെയും പിണക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറാകും എന്ന് കരുതാനാവില്ല
വാല്‍ക്കഷ്ണം:
ഞാന്‍ യു.പി.എ ക്കാരനായതുകൊണ്ട് ആണ് ബി.ജെ.പി സര്‍ക്കാരിനെ എതിര്‍ക്കുന്നത് എന്ന് ഒരു സുഹൃത്ത് എഴുതി അറിയിച്ചിരുന്നു. ആ നിഗമനം ശരിയല്ല. ബി.ജെ.പിയുടെ മതാതിഷ്ടിത സാമൂഹ്യ നിലപാടുകളോടുള്ള എന്റെ വിയോജിപ്പ് നേരത്തെ എഴുതിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക വളര്‍ച്ച വേണമെന്ന പൊതു നിലപാടാണ് കൊണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഉള്ളത്. പക്ഷെ അതിനു വേണ്ട നടപടികള്‍ എടുക്കേണ്ട ഘട്ടം വരുമ്പോള്‍ ഹൃസ്വ കാല രാഷ്ട്രീയ താല്‍പര്യങ്ങള്‍ ആണ് ഇരു കൂട്ടരെയും നയിക്കുന്നത്. എന്നാല്‍ മോദി വന്നാല്‍ ഇതിനു ഒരു മാറ്റം വരുമെന്ന് ചില നിരീക്ഷകര്‍ കരുതി. അവര്‍ക്ക് തെറ്റ് പറ്റിയെന്നാണോ സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്?