വെറുമൊരു ബജറ്റ്‌

Posted on: 12 Jul 2014




മോദിയില്‍ അമിത പ്രതീക്ഷ പാടില്ലെന്ന് ഞാന്‍ നേരത്തെ എഴുതിയിരുന്നു. ആ വിലയിരുത്തല്‍ ശരിവയ്ക്കുന്ന ബജറ്റാണ് അരുണ്‍ ജയ്റ്റ്‌ലി പുറത്തിറക്കിയിരിക്കുന്നത്. വിശദമായ ഒരു വിശകലനത്തിന് മുതിരാതെ ചില സമീപനങ്ങള്‍ മാത്രം ചൂണ്ടി കാണിക്കാം. ഒരു പുതിയ സര്‍ക്കാരിന് ആദ്യ വര്‍ഷമാണ് അത്ര മധുരമില്ലാത്ത നയങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന കാലം. നാലും അഞ്ചും വര്‍ഷമാകുമ്പോള്‍ തെരഞ്ഞെടുപ്പു പേടി തുടങ്ങും. ഈ സര്‍ക്കാരിന് ഇപ്പോഴേ പേടി തുടങ്ങിയോ എന്നാണ് സംശയം.

കഴിഞ്ഞ സര്‍ക്കാര്‍ രണ്ടു തരം വെല്ലുവിളികള്‍ നേരിട്ടിരുന്നു. ഭരണ പക്ഷത്തെ കക്ഷികളെ തങ്ങളുടെ നയത്തിന്റെ കൂടെ നിറുത്താന്‍ ബുദ്ധിമുട്ടി. ദീര്‍ഘകാല
വളര്‍ച്ചക്ക് വേണ്ടി ഹൃസ്വകാലത്തില്‍ ചില ത്യാഗങ്ങള്‍ സഹിക്കേണ്ടി വരുമെന്ന് വിവിധ വിഭാഗം ജനങ്ങളെ ബോധ്യപെടുത്തുക എന്നതായിരുന്നു രണ്ടാമത്തെ വെല്ലുവിളി.

എന്നാല്‍ ഈ ഭരണകക്ഷിക്ക് സ്വന്തമായി ഭൂരിപക്ഷമുണ്ട്. ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യമുള്ള ആളാണ് എന്ന ഇമേജുള്ള നേതാവ്. എന്നിട്ടുമെന്തേ ഇത് വെറുമൊരു ബജറ്റായി മാറിയത്. ധനക്കമ്മി കുറക്കാന്‍ ചിദംബരം ചെയ്തതിനേക്കാള്‍ ഒരു നീക്കവുമില്ല. സബ്‌സിഡി കുറയ്ക്കുമെന്ന് ആവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ കാര്യത്തോട് അടുക്കുമ്പോള്‍ ധൈര്യം കുറയാനിടയുണ്ട് . റെയില്‍വേ കൂലിയില്‍ ഇളവ് നല്‍കിയത് പോലെ, പെട്രോളിയം സബ്‌സ്ടിയുടെ കാര്യത്തിലെന്ന പോലെ, നയങ്ങള്‍ നടപ്പാക്കുന്ന സമയം വരുമ്പോള്‍ കാലിടറാന്‍ ഇടയുണ്ട്.

കാര്‍ഷിക രംഗത്ത് കടലഭ്യത കൂട്ടാന്‍ ശ്രമം. ഇത് കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കില്ല. കൂടുതല്‍ നിക്ഷേപവും കൃഷിയില്‍ നിന്നും കുറെ ആളുകളെ വിദ്യാഭാസവും മറ്റും വഴി പിന്തിരിപ്പിക്കാനുള്ള ശ്രമവുമാണ് വേണ്ടത്.

ഇന്‍ഷുറന്‍സ് രംഗത്ത് 49 ശതമാനം വിദേശ നിക്ഷേപവും ജി എസ് റ്റി നടപ്പാക്കലും പ്രസംഗത്തിലുണ്ട്. ഇതിനു നിയമ നിര്‍മാണം വേണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേ ഇവ നടപ്പാക്കാമായിരുന്നു. ഇനിയെങ്കിലും രണ്ടു കൂട്ടരും മനസ്സ് വച്ചാല്‍ നല്ലത്.

ധനക്കമ്മി കുറക്കാന്‍ മുതലാളിമാര്ക്ക് കിട്ടുന്ന ഇളവുകള്‍ കുറയ്ക്കാം. അവരും സാമ്പത്തിക ശേഷി ഉള്ളവരും കൂടുതല്‍ നികുതി നല്‍കാം. ഇങ്ങനെയൊരു നയ സമീപനം എടുക്കാന്‍ മോദിക്കും ധൈര്യം പോരാ.

എന്നാല്‍ സാമൂഹ്യ രംഗത്ത് ഗുണപരമായ മാറ്റം വരുത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ആയി ഒന്നും കാണുന്നില്ല. ചെലവുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഡൈയറക്ട് ക്യാഷ് ട്രാന്‍സ്ഫര്‍ തുടരുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വേണ്ടത്ര ഊന്നല്‍ ഇല്ല. ഈ സര്‍ക്കാരിനെ പിന്താങ്ങുന്ന സാമ്പത്തിക പണ്ഡിതര്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടിരിന്നു. ആ ദിശയിലും നടപടിയൊന്നും കാണുന്നില്ല

ധനക്കമ്മി കുറയാതിരിക്കുമ്പോള്‍, സര്‍ക്കാരിന്റെ കയ്യില്‍ വേണ്ടത്ര പണം ഇല്ലാതിരിക്കുമ്പോള്‍ എല്ലാത്തിനും സ്വകാര്യ നിക്ഷേപം വേണം. റോഡിനും
ജലസേചനത്തിനും തുറമുഖത്തിനും വേണ്ടത്ര സ്വകാര്യ നിഷേപം കിട്ടാന്‍ തടസ്സങ്ങളുണ്ട് അല്ലാതെ എല്ലാം പി.പി.പി കൊണ്ട് പരിഹരിക്കാന്‍ കഴിയും എന്ന്
കരുതുന്നത് മണ്ടത്തരമാണ്. കൌശിക് ബസു പറഞ്ഞ പോലെ പി.പി.പി എന്ന പദം ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഉപയോഗിച്ച് ഓക്കാനം വരുന്ന സ്ഥിതിയില്‍ ആയിട്ടുണ്ട്.

ഞാന്‍ മോദിയെ കുറ്റം പറയുന്നില്ല. അധികാരത്തില്‍ തുടരാന്‍ ഇഷ്ടപ്പെടുന്ന ഏതൊരു നേതാവും നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ചെയ്യാവുന്ന കാര്യങ്ങളെ അദ്ദേഹവും ചെയ്യുന്നുള്ളൂ. മറിച്ചു മോദി വന്നാല്‍ ഇപ്പോള്‍ എല്ലാം ശരിപ്പെടുത്തിക്കളയും എന്ന് കരുതി കൈകൊട്ടുന്ന നിരീക്ഷകരെ വേണം കുറ്റം
പറയാന്‍.

പക്ഷെ എല്ലാവരെയും സുഖിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഒരു ദോഷമുണ്ട്. ആര്‍ക്കും ഇഷ്ടപ്പെടാത്ത അവസ്ഥയുണ്ടാകും. അങ്ങോട്ടാണോ ഈ സര്‍കാരിന്റെ പോക്ക്?


വി. ശാന്തകുമാര്‍

»  News in this Section

Enter your email address: