ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ എത്രയും വേഗം സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കാനുള്ള നടപടികളെടുക്കുമെന്നു പ്രതീക്ഷിച്ചവരുണ്ട്. ഓഹരി വിപണിയില്‍ തുടക്കത്തിലുണ്ടായ വളര്‍ച്ച ഇത്തരത്തിലുള്ള പ്രതീക്ഷയുടെ ഫലമാണ്. സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളും മിക്ക സാമ്പത്തിക നിരീക്ഷകരും അത്തരത്തില്‍ പ്രതീക്ഷിച്ചു.
തീര്‍ച്ചയായും ഈ സര്‍ക്കാരിനു ചില അനുകൂല ഘടകങ്ങളുണ്ട്. ഭരിക്കുന്ന പ്രധാന പാര്‍ട്ടിക്ക് ലോകസഭയില്‍ തനിച്ചുള്ള ഭൂരിപക്ഷം, പ്രധാന മന്ത്രിക്ക് തന്റെ പാര്‍ട്ടിയിലും ഭരണത്തിലും ഉള്ള അനിഷേധ്യമായ മേല്‍ക്കൈ, തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ തടസ്സമന്യേ നടപ്പാക്കാന്‍ ശ്രമിക്കുന്ന ആളാണ് എന്ന് പ്രധാന മന്ത്രിക്കുള്ള ഇമേജ്, ഇതൊക്കെ അനുകൂല സാഹചര്യങ്ങള്‍
സൃഷ്ടിക്കുന്നു. പക്ഷെ ഇതൊക്കെ ഉപയോഗപ്പെടുത്തി സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള നടപടികള്‍ വേഗതിലെടുക്കും എന്ന് കരുതാമോ?
സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കാനുള്ള നടപടികളെ കുറിച്ച് ഏകദേശ പൊതുധാരണ ഉണ്ട്. ഒരു വശത്ത് ധനക്കമ്മി കുറക്കണം. അത് പലിശ നിരക്കുകള്‍ കുറയുന്നതിന് ഇടയാക്കും. എന്നാല്‍ വേണ്ടത്ര പൊതു സംവിധാനങ്ങള്‍ ഉണ്ടാകുന്നതിനും എല്ലാവര്‍ക്കും സാമ്പത്തിക വളര്‍ച്ചയുടെ ഗുണം കിട്ടാന്‍ സഹായിക്കുന്ന നടപടികള്‍ക്കും (പൊതു വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സാമൂഹ്യ സുരക്ഷ തുടങ്ങിയവയ്ക്ക്) സര്‍ക്കാര്‍ പണം ചെലവു ചെയ്യണം. വിലക്കയറ്റം ഒരു പ്രധാന പ്രശ്‌നമാണെങ്കിലും അതിനു ഉത്പാദന വിതരണ സംവിധാനങ്ങളില്‍ നിക്ഷേപം നടത്തണം. അത് എളുപ്പം ഗുണം കിട്ടുന്ന കാര്യമല്ല. പൊതുവെ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകണം. ഇത്തരത്തില്‍ എളുപ്പത്തില്‍ മുന്നോട്ടു പോകാന്‍ മോഡി സര്‍ക്കാരിനു കഴിയുമോ?
ഇതിനു കുറച്ചു കൂടി യാഥാര്‍ത്യമായ തരത്തിലുള്ള ഉത്തരം കണ്ടെത്തണമെങ്കില്‍ ഈ സര്‍ക്കാരിനെ പിന്താങ്ങുന്നവരുടെയും ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തിന്റെയും 'political economy' മനസ്സിലാക്കണം. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഒരു സര്‍ക്കാരിനു എന്ത് ചെയ്യാന്‍ കഴിയും, കഴിയില്ല എന്നത് ഭരിക്കുന്ന വ്യക്തിയുടെ കഴിവിനെയോ പാര്‍ട്ടിയുടെ ഭൂരിപക്ഷത്തെയോ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം.
ഈ സര്‍ക്കാര്‍ എടുത്ത ചില നടപടികള്‍ നോക്കാം:
1. ചില്ലറവ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം വേണ്ടെന്നു തീരുമാനിച്ചു. ഇത് സാമ്പത്തിക വളര്‍ച്ച കരുതിയോ തങ്ങളെ പിന്തുണക്കുന്ന ഒരു വിഭാഗത്തെ പിണക്കേണ്ട എന്നു കരുതിയോ?
2. റെയില്‍വേ നിരക്ക് കൂട്ടിയപ്പോള്‍ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ സബര്‍ബന്‍ ട്രെയിനുകള്‍ക്ക് വരര്‍ധിപ്പിച്ചില്ല. ഇത് റെയില്‍വേയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുമോ? ഈ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ കേരളത്തിലും ബീഹാറിലും മറ്റിടങ്ങളിലും പാസ്സഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കുന്നവരെക്കാള്‍ ദരിദ്രരാണോ?
3. പെട്രോളിന്റെ ഇറക്കുമതി തീരുവ കുറക്കാന്‍ പോകുന്നു. ഇത് ധനക്കമ്മി കുറക്കാന്‍ സഹായിക്കുമോ? പെട്രോള്‍ ഉപയോഗിക്കുന്നവര്‍ മറ്റു സാധനങ്ങള്‍ വാങ്ങുന്നവരെക്കാള്‍ നികുതിയിളവിന് അര്‍ഹരാണോ?
4. പാചക വാതകതിന്റെയും ഡീസലിന്റെയും സബ്‌സിഡി കുറക്കുന്ന കാര്യത്തില്‍ ഇപ്പോഴേ ചാഞ്ചാട്ടം തുടങ്ങി. ഇത് ധനക്കമ്മി കുറക്കാന്‍ സഹായിക്കുമോ? ഇന്ത്യയില്‍ ദാരിദ്യം ഒഴിവാക്കാനും വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സാര്‍വത്രിക വികസനം ഉറപ്പാക്കാനും സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കണോ അതോ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ സബ്‌സിഡി നല്‍കണോ?
ഇനി സര്‍ക്കാരിന്റെ മുന്നിലുള്ള ചില വെല്ലുവിളികളും അവയോടു എങ്ങനെയാണ് പ്രതികരിക്കാന്‍ സാധ്യത എന്നും നോക്കാം.
1. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചാല്‍ അത് ധനക്കമ്മി കുറക്കാന്‍ അല്‍പം സഹായിച്ചേക്കാം. എന്നാല്‍ ഇക്കാര്യത്തിലൂടെ തങ്ങളെ പിന്തുണച്ച മുതലാളിമാരെയും മാധ്യമങ്ങളെയും പിണക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?
2. വരുന്ന ബജറ്റില്‍ ആദായ നികുതി നിരക്ക് കുറയ്ക്കാനോ ആ നികുതി നല്‍കേണ്ടി വരുന്നവരുടെ എണ്ണം കുറയ്ക്കാനോ ഉള്ള സമ്മര്‍ദം സര്‍ക്കാരിനു മേലുണ്ട്. അതിനു വഴങ്ങിയാല്‍ അത് ധനക്കമ്മി കുറയ്ക്കാന്‍ സഹായിക്കുമോ?
3. കാര്‍ഷിക കടം എഴുതി തള്ളാന്‍ തയ്യാറാവുന്ന തെലങ്കാന പോലുളള സംസ്ഥാനങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിനു കഴിയുമോ?
4. ഇന്ന് ഇന്ത്യയൊട്ടാകെ കടുത്ത വൈദ്യതി ക്ഷാമം നേരിടുന്നു. വര്‍ധിച്ചു വരുന്ന ഉത്പാദന ചെലവു ഉയര്‍ന്ന താരിഫ് വഴി നല്‍കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകാത്തതാണ് ഇതിനൊരു പ്രധാന കാരണം. പാചക വാതകത്തിന് വില വര്‍ദ്ധിപ്പിക്കാന്‍ മടിക്കുന്ന സര്‍ക്കാരിനു വൈദ്യുതിയുടെ വില വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ പ്രേരിപ്പിക്കാന്‍ കഴിയുമോ?
വ്യവസായത്തിനു ഭൂമി കിട്ടുകയെന്നത് ഇന്ത്യയില്‍ കടുത്ത പ്രശ്‌നമാണ്. കുറച്ചു പണം കൊടുത്തു സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയാല്‍ അത് കടുത്ത പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകും. ഇക്കാര്യത്തില്‍ കുറുക്കു വഴികളില്ല. ഇപ്പോഴും പകുതിയോളം ഇന്ത്യക്കാര്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കേണ്ടി വരുന്നു എന്നതാണ് ഇതിനു പ്രധാന കാരണം. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും കൃഷിയില്‍ നിന്നും കൂടുതല്‍
ആളുകളെ പിന്മാറാന്‍ സഹായിക്കുന്ന വിദ്യാഭ്യാസവും വ്യവസായ വളര്‍ച്ചയും സാര്‍വത്രിക വികസനവും ആണ് ശരിയായ വഴി. പക്ഷെ ഹൃസ്വ കാലാടിസ്ഥാനത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിടും
മോദി ഗുജറാത്തില്‍ ചെയ്തില്ലെ അതുപോലെ കേന്ദ്രത്തിലും നടപ്പാക്കും എന്നതാണ് ചിലരുടെ പ്രതീക്ഷ. ഇവിടെ രണ്ടു പ്രശ്‌നങ്ങള്‍ ഉണ്ട്. ഒന്ന് കേന്ദ്രത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ഒരു സംസ്ഥാനത്തിന്റേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ആകര്‍ഷകമാണ് എങ്കിലും അദ്ദേഹം കേന്ദ്ര ഭരണത്തിന്റെ വെല്ലുവിളികള്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടുള്ള ലക്ഷണമില്ല. രണ്ടാമത്തെ പ്രശ്‌നം ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ സംസ്ഥാന തലത്തില്‍ നേരിടേണ്ടവയാണ് . ഗുജറാത്ത് പോലെയല്ല മറ്റു സംസ്ഥാനങ്ങള്‍. ഇക്കാര്യത്തില്‍ കേന്ദ്രത്തിനു (അത് മോദി നയിച്ചാലും ) എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് പ്രധാന പ്രശ്‌നം.
ഇത് പ്രധാന മന്ത്രിയെയോ അദ്ദേഹത്തിന്റെ ഭരണത്തെയോ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചു എഴുതിയതല്ല. നമ്മുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യ ബോധത്തോട് കൂടിയുള്ളതാകണം. സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായ നടപടികള്‍ വേണ്ടത്ര ജനാധിപത്യമില്ലാത്ത ജനാധിപത്യവല്‍ക്കരിക്കപെടാത്ത രാജ്യങ്ങളില്‍ എളുപ്പം എടുക്കാന്‍ കഴിയും. എന്നാല്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ അത്തരം നടപടികള്‍ സ്വീകരിക്കണമെങ്കില്‍ അവ കൊണ്ട് തങ്ങള്‍ക്കു ഗുണമുണ്ടാകും എന്ന് ഭൂരിപക്ഷത്തിനു തോന്നണം. ഇന്ത്യയില്‍ ആ അവസ്ഥ ഇനിയും ഉണ്ടായിട്ടില്ല. ആ അവസ്ഥയില്‍ എത്താനുള്ള നടപടികളാണ് പ്രധാനം.