തിരുവനന്തപുരം: 'ഭൂമിക്ക് സൂര്യനോട് പ്രണയമുണ്ട്. അതുകൊണ്ടാണ് നിയതമായ അച്ചുതണ്ടില്‍ ഒരിക്കലും സൂര്യനെ വിട്ടകലാതെ ഭൂമി ചുറ്റുന്നത്. പ്രപഞ്ചമാകെയും സമസ്ത ജീവജാലങ്ങളിലും പ്രണയഭാവമുണ്ട്'- തീക്ഷ്ണപ്രണയത്തിന്റെയും ജീവിതസത്യങ്ങളുടെയും കഥയും കവിതയും സിനിമയും മലയാളിക്ക് സമ്മാനിച്ച ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകളാണിത്. തിങ്കളാഴ്ച 75 വയസ് തികയുന്ന അദ്ദേഹം, സിനിമയില്‍ അമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
'എന്റെ വരികളില്‍ പ്രണയഭാവമുണ്ട്. സ്‌നേഹനിരാസവുമുണ്ട്. അത് സ്വാഭാവികമായി വരുന്നതാണ്. ജീവിതത്തിന്റെ യാത്രകളില്‍ അനുഭവിച്ചതും കണ്ടതുമൊക്കെയാണ് സിനിമയായും കവിതയായും വന്നത്'- ജന്മനാളിന്റെ ആഘോഷമേതുമില്ലാതെ, തിരുവനന്തപുരത്ത് പേയാട്ടുള്ള വീട്ടിലിരുന്ന് അദ്ദേഹം പറയുന്നു.
പി.ഭാസ്‌കരനും വയലാറും സൃഷ്ടിച്ച ഭാവതരംഗത്തില്‍നിന്ന് വേറിട്ട പുതിയൊരു പാത സൃഷ്ടിച്ചുകൊണ്ടാണ് ശ്രീകുമാരന്‍തമ്പി മലയാള സിനിമാഗാനരംഗത്ത് കാലുറപ്പിക്കുന്നത്. കോഴിക്കോട് അസിസ്റ്റന്റ് ടൗണ്‍പ്ലാനറായി ജോലിനോക്കിയിരുന്ന കാലത്താണ് അദ്ദേഹം മലയാള സിനിമാഗാനങ്ങള്‍ എഴുതിത്തുടങ്ങുന്നത്. 1966-ല്‍ 'കാട്ടുമല്ലിക' എന്ന ചിത്രത്തിലെ ഗാനത്തോടെ മലയാളസിനിമയുടെ അവിഭാജ്യ ഘടകമാകുകയായിരുന്നു.
മലയാളിയുടെ ഹൃദയത്തില്‍ത്തൊടുന്ന അനശ്വരഗാനങ്ങളാണ് പിന്നീട് ജനിച്ചത്. ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ തുടങ്ങി പ്രഗത്ഭരായ സംഗീതസംവിധായകര്‍ ആ ഗാനങ്ങളെ തീക്ഷ്ണവും മധുരമയവുമാക്കി. ശ്രീകുമാരന്‍തമ്പിയുടെ പാട്ടുമൂളാതെ ഒരു ദിവസംപോലും ഒരു മലയാളിക്കും ഇല്ല എന്ന സ്ഥിതി വരെയായി.
'സിനിമയാണ് എന്റെ ഊര്‍ജം. എന്റെ ജോലിപോലും ഉപേക്ഷിച്ച് ഞാന്‍ സിനിമയിലേക്ക് വരികയായിരുന്നു. സിനിമയിലേക്കെത്തുംമുമ്പുതന്നെ എന്റെ കവിതാസമാഹാരങ്ങള്‍ പുറത്തിറങ്ങിയിരുന്നു. നാല് നോവലുകളും ഒരു നാടകവും ഞാനെഴുതി. നാടകവും നോവലുകളും സിനിമകളാക്കി. അതില്‍ കുട്ടനാടിന്റെ പശ്ചാത്തലത്തിലെഴുതിയ നോവല്‍ സിനിമയാക്കിയില്ല. അത് സിനിമയാക്കണമെന്നാണ് മോഹം. പക്ഷേ, അത് എത്രത്തോളം പ്രായോഗികമാകുമെന്നറിയില്ല. കാരണം അതിനുണ്ടാകുന്ന െചലവുതന്നെ. മടമുറിക്കലും പകയും കര്‍ഷകനും ജന്മിയുമൊക്കെയുള്ള ഈ സിനിമയുടെ പശ്ചാത്തലം ഒരു പക്ഷേ, ഇന്നത്തെ തലമുറ വായിച്ചുപോലും അറിഞ്ഞിട്ടുണ്ടാകില്ല'- അദ്ദേഹം പറയുന്നു.
ഗാനരംഗത്തേക്കെത്തുംമുമ്പുതന്നെ തിരക്കഥയുമായി അദ്ദേഹം മലയാള സിനിമയിലേക്കെത്തിയിരുന്നു. എന്നാല്‍, കഥാഗതിയില്‍ മാറ്റംവരുത്തണമെന്ന നിര്‍മാതാവിന്റെ നിര്‍ദേശത്തോട് യോജിക്കാതെ അദ്ദേഹം അത് പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. ജനം അംഗീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു നിര്‍മാതാവ് കഥയില്‍ ഭേദഗതി നിര്‍ദേശിച്ചത്. പിന്നീട് സിനിമയില്‍ നിലയുറപ്പിച്ചശേഷം അദ്ദേഹം ആദ്യം എഴുതിയ തിരക്കഥയില്‍ പി.ഭാസ്‌കരന്‍ ആ സിനിമ സംവിധാനംചെയ്തു. 'കാക്കത്തമ്പുരാട്ടി' എന്ന ആ സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
മലയാളസിനിമയുടെ ഏറ്റവും പരിതാപകരമായ ഇപ്പോഴത്തെ അവസ്ഥയില്‍ മനോവേദനയുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. പ്രതിഭയ്ക്ക് രണ്ടാംസ്ഥാനവും സാങ്കേതികതയുടെ ധാരാളിത്തത്തിന് അമിത പരിഗണനയും നല്‍കിയതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു.
മലയാളത്തിന് അനശ്വരഗാനങ്ങളേറെ സമ്മാനിച്ച ഈ എഴുത്തുകാരന്‍ ഈ രംഗത്തുനിന്ന് മാറിനില്‍ക്കുകയാണ്. താന്‍ സംവിധാനംചെയ്ത സിനിമയ്ക്ക് ഗാനമെഴുതിയെന്നല്ലാതെ മറ്റാര്‍ക്കും വേണ്ടിയിപ്പോള്‍ എഴുതുന്നില്ലെന്ന് അദ്ദേഹം പറയുന്നു. 'കാരണം മലയാള സിനിമയിപ്പോള്‍ വരികള്‍ക്കും ഭാവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നില്ല. നല്ല ഗാനങ്ങളായി ജനം അംഗീകരിച്ച നിരവധി പാട്ടുകള്‍ ഇപ്പോഴുണ്ട്. എണ്ണം കൂട്ടാനായി മാത്രം വീണ്ടുമെഴുതിയാല്‍ ആ ബഹുമാനവും നഷ്ടപ്പെടും. കാരണം സിനിമയിലിപ്പോള്‍ പാട്ടില്ല, ബഹളം മാത്രമേയുള്ളൂ. എന്നാലും എഴുതാതിരിക്കാന്‍ എനിക്കാവില്ല. കാരണം സ്വപ്‌നങ്ങളേറെയുണ്ട് പങ്കുെവക്കാന്‍'- സിനിമയുടെ വസന്തകാലത്തിന് വഴിയൊരുക്കിയ കവി പറയുന്നു.