സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം?

രവി മേനോന്‍ Posted on: 15 Mar 2015


പണ്ടു പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോള്‍, കൊണ്ടുപോകരുതേ എന്‍ മുരളി കൊണ്ടുപോകരുതേ എന്ന സൂപ്പര്‍ ഹിറ്റ് ലളിതഗാനം ശ്രീകുമാരന്‍ തമ്പി എഴുതിയത് മൂന്നരപതിറ്റാണ്ടു മുമ്പാണ്. എച്ച്.എം.വി.യുടെ മധുരഗീതങ്ങള്‍ എന്ന ആല്‍ബത്തിനുവേണ്ടി.

ഹൃദയരാഗങ്ങളുടെ ആ പൊന്‍മുരളി ഇടനെഞ്ചില്‍ ഇന്നും ഭദ്രമായി കാത്തു സൂക്ഷിക്കുന്നു, തമ്പി, അതില്‍ നിന്നൂറിവന്ന നിത്യ സുന്ദരഗാനങ്ങളുടെ കാര്യമാണ് കഷ്ടം. സ്വന്തം ആത്മാവിന്റെ ഭാഗമായ ഗാനങ്ങള്‍ മറ്റാരൊക്കെയോ ചേര്‍ന്നു തട്ടിക്കൊണ്ടുപോകുന്നത് നിസ്സഹായനായി കണ്ടുനില്‍ക്കേണ്ടിവരുന്ന കവിയുടെ ഗതികേട് ആലോചിച്ചുനോക്കൂ. ശ്രീകുമാരന്‍ തമ്പി അതനുഭവിച്ചുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇന്നും കഥ തുടരുന്നു.

കഴിഞ്ഞ പതിറ്റാണ്ടുകള്‍ക്കിടയ്ക്ക് മലയാളികളുടെ രാഗദ്വേഷങ്ങളെയും ആതങ്കാഹ്ലാദങ്ങളെയും പ്രണയസങ്കല്പങ്ങളെയുമൊക്കെ അഗാധമായി സ്വാധീനിച്ചിട്ടിള്ള ആ ഗാനങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഹൈജാക്ക് ചെയ്യുന്നവരില്‍, ടെലിവിഷന്‍ ചാനലുകളുണ്ട്, വാരികകളുണ്ട്. ഗാനമേളാ സംഘാടകര്‍ മുതല്‍ ആദരണീയ സാഹിത്യനായകര്‍ വരെയുണ്ട്. തമ്പിയുടെ ഗാനങ്ങള്‍ വയലാര്‍ രാമവര്‍മയ്ക്കും പി.ഭാസ്‌കരനും യൂസഫലിക്കും എസ്.എല്‍.പുരം സദാനന്ദനുമെല്ലാം നിസ്സങ്കോചം ചാര്‍ത്തിക്കൊടുക്കാന്‍ മത്സരിക്കുന്നു അവര്‍.

സ്വന്തം ഗാനങ്ങള്‍ ഇത്തരത്തില്‍ മറ്റാരുടെയെങ്കിലും ക്രെഡിറ്റില്‍ പുറത്തുവരുന്നതില്‍ ദുഃഖമില്ലേ എന്നു ചോദിച്ചാല്‍, പതിവു ചിരിയോടെ ശ്രീകുമാര്‍ തമ്പി പറയും: 'ഉണ്ടാവാതിരിക്കുമോ? പക്ഷേ, ഇതെന്റെ യോഗമാണ്. സ്വന്തം നേട്ടങ്ങളുടെ ഫലം മറ്റുള്ളവര്‍ അനുഭവിക്കുന്നതു കാണേണ്ടി വരുമെന്ന് എന്റെ ജാതകത്തിലുണ്ട്.'

ജാതകഫലം തമ്പിയുടെ ഗാനങ്ങള്‍ക്കും ബാധകം. അന്തരിച്ച പി.ഭാസ്‌കരന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഒരു പ്രമുഖ ചാനല്‍ അവതരിപ്പിച്ച സുദീര്‍ഘമായ സംഗീതപരിപാടിയാണ് മറ്റൊരുദാഹരണം. ചലച്ചിത്രമേഖലയില്‍ ഭാസ്‌കരന്റെ അമൂല്യസംഭാവനകള്‍ വിശദമായി വിവരിച്ചു കൊണ്ടുള്ള അവതരണം, മറക്കാനാവാത്ത ഗാനരംഗങ്ങള്‍. പേരും ഗംഭീരം, മധുരകല്പനകളുടെ പാട്ടുകാരന്‍. ആര്‍ക്കുമുണ്ടാവില്ല ഭിന്നാഭിപ്രായം. കുഴപ്പം ഒന്നുമാത്രം. ഭാസ്‌കരന്റേതെന്നു പറഞ്ഞ് പരിപാടിയില്‍ സംപ്രേഷണം ചെയ്ത ഗാനങ്ങളില്‍ ചിലതെങ്കിലും ശ്രീകുമാരന്‍ തമ്പിയുടെ രചനകളായിരുന്നു, ഭാര്യമാര്‍ സൂക്ഷിക്കുക എന്ന ചിത്രത്തിലെ ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തമാണ് ഒന്ന്. മറ്റൊന്നു വിലയ്ക്കുവാങ്ങിയ വീണയിലെ അവള്‍ചിരിച്ചാല്‍ മുത്തു ചിതറും രണ്ടും ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്ന പ്രശസ്ത ഗാനങ്ങള്‍. സമാധാനം ഒന്നുമാത്രം മധുരകല്പനകളുടെ പാട്ടുകാരന്‍ എന്ന വിശേഷണം തമ്പിക്കും യോജിക്കുമല്ലോ.

ഭാസ്‌കരന്‍ മാസ്റ്ററുടെ നിര്യാണവാര്‍ത്തയ്‌ക്കൊപ്പം ചില ചാനലുകളും പത്രങ്ങളും വെബ്‌സൈറ്റുകളും നല്‍കിയ ഗാനങ്ങളുടെ പട്ടികയിലുണ്ടായിരുന്നു തമ്പിയുടെ രചനകള്‍. സന്ധ്യക്കെന്തിനു സിന്ദൂരം(മായ) ഉദാഹരണം.

അതിന് ഒന്നു രണ്ടാഴ്ചമാത്രം മുമ്പാണ് സ്വരലയയുടെ യേശുദാസ് അവാര്‍ഡ് ദാനച്ചടങ്ങില്‍ ഭരണിക്കാവ് ശിവകുമാര്‍ എന്ന ഗാനരചയിതാവിനുള്ള സ്മരണാഞ്ജലിയായി തമ്പിയുടെ ഉഷസ്സോ സന്ധ്യയോ സുന്ദരി (സുമംഗലി) എന്ന ഗാനം ആലപിക്കപ്പെട്ടത്. പാടിയത് സാക്ഷാല്‍ ഗാനഗന്ധര്‍വ്വന്‍ തന്നെ. പതിനായിരക്കണക്കിന് പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്ത (അതില്‍ തന്നെ ഒരൊറ്റ ദിവസം പത്തും പതിനഞ്ചും വരെ) ചരിത്രമുള്ള യേശുദാസ് താന്‍ പാടിയ മുഴുവന്‍ പാട്ടുകളുടെയും രചയിതാക്കളെ കൃത്യമായി ഓര്‍ത്തിരിക്കണമെന്നില്ല. എന്നാല്‍, സ്‌റ്റേജില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഈ പിഴവ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട ചുമതലയുണ്ടായിരുന്നു. പിറ്റേന്നിറങ്ങിയ പത്രങ്ങളും ഗാനത്തിന്റെ പിതൃത്വം ഭരണിക്കാവിന് തന്നെ നല്‍കി എന്നതാണ് കൗതുകകരം.

എന്തായാലും യേശുദാസ് മാന്യത കാണിച്ചു. തെറ്റ് തിരിച്ചറിഞ്ഞ ഗായകന്‍, പിറ്റേന്നു തന്നെ തമ്പിയെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്തി. ഭരണിക്കാവിന്റെ മനസ്സു മനസ്സിന്റെ കാതില്‍ (ചോറ്റാനിക്കര അമ്മ) എന്ന ഗാനമാണ് താന്‍ പാടാന്‍ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

തമ്പിക്ക് അത്ഭുതം തോന്നയിരിക്കയില്ല. ഇന്നോ ഇന്നലെയോ കേട്ടുതുടങ്ങിയതല്ലല്ലോ അദ്ദേഹം ഇത്തരം വിശദീകരണങ്ങള്‍. വയലാര്‍, പി.ഭാസ്‌കരന്‍, ഒ.എന്‍.വി.എന്നിവരുടെ നിരയിലേക്ക്, പ്രണയാര്‍ദ്രമായ ഒരു കവി മനസ്സും അല്പം ധിക്കാരവുമായി തമ്പി കടന്നുചെന്ന കാലത്തോളം പഴക്കമുണ്ടതിന്.

ആധികാരിക ചരിത്രരേഖകളായി വരുംതലമുറകള്‍ സ്വീകരിച്ചേക്കാവുന്ന മഹദ്ഗ്രന്ഥങ്ങളില്‍ പോലും ഇത്തരം പിഴവുകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. നാലാങ്കല്‍ കൃഷ്ണപിള്ളയുടെ മഹാക്ഷേത്രങ്ങള്‍ക്ക് മുന്നില്‍



എന്ന കൃതിയുടെ കാര്യമെടുക്കുക. പ്രശസ്ത ക്ഷേത്രങ്ങളുടെ ചരിത്ര പശ്ചാത്തലവും ഐതിഹ്യങ്ങളുമെല്ലാം രസകരമായി വിവരിക്കുന്ന പുസ്തകമാണിത്. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചശേഷം നാലാങ്കല്‍ എഴുതുന്നു: ''ക്ഷേത്രത്തില്‍ തൊഴുതു മടങ്ങവേ അതാ വയലാറിന്റെ മനോഹരമായ സരസ്വതീസ്തുതി കാതില്‍ മുഴങ്ങുന്നു. മനസ്സിലുണരൂ ഉഷഃ സന്ധ്യയായ്...'
'
മറുനാട്ടില്‍ ഒരു മലയാളി എന്ന ചിത്രത്തിനുവേണ്ടി തമ്പി എഴുതിയ ഗാനമാണതെന്ന് നാലാങ്കല്‍ അറിഞ്ഞിരിക്കില്ല. നഷ്ടം തമ്പിക്കുതന്നെ.
ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് ഇക്കാര്യം നേരിട്ട് നാലാങ്കലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്ന് തമ്പി പറയുന്നു. വിചിത്രമായിരുന്നു ഗ്രന്ഥകര്‍ത്താവിന്റെ പ്രതികരണം. ''ഇത്രയും അഗാധമായ ആശയമുള്ള പാട്ട് ചെറുപ്പക്കാരനായ തമ്പി എഴുതിയതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതു വയലാറിനേ എഴുതാനാകൂ...''

പുസ്തകത്തിന്റെ പിന്തുടര്‍ന്നുവന്ന പതിപ്പുകളില്‍ നാലാങ്കല്‍ തന്റെ തെറ്റു തിരുത്തിയോ എന്നറിയില്ല തമ്പിക്ക്. ''കാവ്യഗുണവും അഗാധമായ ആശയങ്ങളുമുള്ള ഗാനങ്ങള്‍ വയലാര്‍ ധാരാളമ എഴുതിയിട്ടുണ്ടെന്നത് സത്യം. എങ്കിലും അത്തരം ഗാനങ്ങള്‍ വയലാറിനു മാത്രമേ എഴുതാന്‍കഴിയൂ എന്ന വാദം അംഗീകരിക്കാന്‍ പ്രയാസമുണ്ട്.''

സിനിമയിലെ ചില പ്രത്യേക സന്ദര്‍ഭങ്ങള്‍ക്കുവേണ്ടി മാത്രമായി രചിക്കപ്പെടുന്ന ഗാനങ്ങള്‍ അനശ്വരതയാര്‍ജ്ജിക്കുന്നതിനു പിന്നില്‍ ഗാനരചയിതാവിന്റെ പ്രതിഭാ വിലാസത്തിനുമുണ്ട് നല്ലൊരു പങ്ക്. ഗാനങ്ങള്‍ ആദ്യമെഴുതി ചിട്ടപ്പെടുത്തിയിരുന്ന 1960 കളിലും 70 കളിലുമാണ് ഈ പ്രതിഭയുടെ തിളക്കം ഏറെയും നമുക്കനുഭവപ്പെട്ടത്. വയലാര്‍, ഭാസ്‌കരന്‍, ഒ.എന്‍.വി., ശ്രീകുമാരന്‍ തമ്പി, യൂസഫലി എന്നിവരുടെ രചനകള്‍ അവയുടെ മൗലികതകൊണ്ടും വൈവിധ്യംകൊണ്ടും വേറിട്ടുനില്‍ക്കുന്നു.

അന്നും ഇന്നും ചലച്ചിത്രഗാനരംഗങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവയല്ല അവയുടെ വ്യക്തിത്വം. സിനിമ വിസ്മൃതിയിലൊടുങ്ങിയാലും പാട്ടുകള്‍ നമ്മുടെ മനസ്സില്‍ തങ്ങുന്നതും അതുകൊണ്ടുതന്നെ.

ഗാംഭീര്യമാര്‍ന്ന ആശയങ്ങളും മാനവിക ദര്‍ശനങ്ങളും അല്പം തത്വചിന്തയുമൊക്കെ ഇടകലര്‍ന്ന കാവ്യശില്പങ്ങളാണ് വയലാര്‍ ഗാനങ്ങള്‍. ഭാസ്‌കരന്‍മാസ്റ്ററുടേത് ഇളനീര്‍ മധുരമുള്ള നാടന്‍ ശീലുകളാണ്. അക്ഷരാഭ്യാസമില്ലാത്ത മലയാളിക്കുപോലും അനായാസമായി ഹൃദയത്തില്‍ ഏറ്റുവാങ്ങാന്‍ കഴിയുന്ന ഗാനങ്ങള്‍. ഒ.എന്‍.വി. യുടെ ഗാനങ്ങളുടെ സവിശേഷത അവയുടെ ആര്‍ദ്രതയാണ്. ഗൃഹാതുരത്വത്തിന്റെ നനവാര്‍ന്ന മിഴികളിലൂടെ അവ നമ്മെ മറ്റേതോ ലോകത്തേക്ക് കൈപിടിച്ചാനയിക്കുന്നു.

ഈ ഘടകങ്ങളില്‍ പലതും തമ്പിയുടെ ഗാനങ്ങളിലുമുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചനകളുടെ മുഖമുദ്ര അവയില്‍ പതിഞ്ഞുകിടക്കുന്ന പ്രണയഭാവം തന്നെ. ഇത്രയും പ്രണയലോലമായ വരികള്‍ എഴുതിയ ഗാനരചയിതാക്കള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറെയുണ്ടാവില്ല. ഹൃദയസരസ്സ് എന്ന പേരില്‍ അടുത്തകാലത്ത് പ്രസിദ്ധീകൃതമായ ശ്രീകുമാരന്‍ തമ്പിയുടെ ആയിരത്തൊന്ന് ഗാനങ്ങളുടെ സമാഹാരത്തില്‍ പകുതിയോളം പ്രണയഗാനങ്ങളായത് സ്വാഭാവികം. 'സ്വര്‍ഗ്ഗത്തില്‍ നരകവും നരകത്തില്‍ സ്വര്‍ഗ്ഗവുമുണ്ടെന്ന് തന്നെ പഠിപ്പിച്ച പ്രണയത്തി'നാണ് തമ്പി ഈ സമാഹാരം സമര്‍പ്പിച്ചിരിക്കുന്നതുതന്നെ. ''പ്രണയത്തിന് മനസ്സിനെ ഒരുപോലെ ആര്‍ദ്രമാക്കാനും ജ്വലിപ്പിക്കാനും കഴിയുന്നു. ശ്രീകുമാരന്‍ തമ്പിയുടെ ഹൃദയസരസ്സിലെ പ്രണയപുഷ്പമേ എന്ന ഗാനം ഒന്നുമൂളാത്തവര്‍ ആരുണ്ട്? ഏതു കാമുകന്റെയും ഗാനമാണത്. കാമുകിയുടെ കവിളില്‍ എത്രയോ സന്ധ്യകളുടെ അരുണിമയും കണ്ണുകളില്‍ എത്രയോ സമുദ്രഹൃദന്തങ്ങളുടെ നീലിമയും കണ്ട് അത്ഭുതം കൊള്ളുന്ന യൗവനത്തിന്റെ ഗാനമാണത്'' പുസ്തകത്തിന്റെ അവതാരികയില്‍ ഒ.എന്‍.വി. എഴുതുന്നു.

സംശയമുണ്ടെങ്കില്‍ തമ്പിയുടെ പ്രണയഗാനങ്ങളിലൂടെ വെറുതെ കണ്ണോടിക്കുക. ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, സന്ധ്യക്കെന്തിനു സിന്ദൂരം, ഹൃദയേശ്വരി നിന്‍ നെടുവീര്‍പ്പില്‍, എത്ര ചിരിച്ചാലും, എത്ര സുന്ദരീ എത്ര പ്രിയങ്കരി, എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍, താമരത്തോണിയില്‍ താലോലമാടി, പൊന്നും തരിവള മിന്നും കൈകളില്‍, ഇന്നുമെന്റെ കണ്ണുനീരില്‍, ആ ത്രിസന്ധ്യതന്‍ അനഘമുദ്രകള്‍.... ഒരു നിത്യകാമുകന്റെ ഹൃദയമില്ലേ ഈ ഗാനങ്ങളിലെല്ലാം?

വിലയ്ക്കുവാങ്ങിയ വീണ ഓര്‍ക്കുക. 1971-ല്‍ പി. ഭാസ്‌കരന്റെ സംവിധാനത്തില്‍ പുറത്തുവന്ന ഈ ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി-ദക്ഷിണാമൂര്‍ത്തി ടീം ഒരുക്കിയ ഗാനങ്ങള്‍ എല്ലാം ഹിറ്റായിരുന്നു. സുഖമെവിടെ ദുഃഖമെവിടെ, അവള്‍ ചിരിച്ചാല്‍ മുത്തു ചിതറും, ദേവഗായകനെ ദൈവം ശപിച്ചു, ഇഴനൊന്തു തകര്‍ന്നൊരു മണിവീണ എന്നീ ഗാനങ്ങള്‍. മറ്റു പാട്ടുകള്‍ രചിച്ചത് ഭാസ്‌കരന്‍ മാസ്റ്ററാണ്. ആ ഗാനങ്ങളും ജനപ്രീതിയില്‍ പിന്നിലായിരുന്നില്ല. കാട്ടിലെ പാഴ്മുളം തണ്ടില്‍നിന്നും, ഇനിയുറങ്ങൂ, ഏകാന്തജീവനില്‍ എന്നിവ മറക്കാനാവുമോ? നിര്‍ഭാഗ്യവശാല്‍ പടത്തിന്റെ ഗ്രാമഫോണ്‍ റെക്കാര്‍ഡില്‍ ശ്രീകുമാരന്‍തമ്പിക്ക് രണ്ടേരണ്ടു ഗാനങ്ങള്‍ക്കേ ക്രെഡിറ്റുള്ളൂ. ദേവഗായകനെ, ഇഴനൊന്തു തകര്‍ന്നൊരു എന്നിവയ്ക്കു മാത്രം സ്വാഭാവികമായും തമ്പി എഴുതിയ മറ്റു ഗാനങ്ങളുടെ 'അവകാശം' ആകാശവാണി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കാലാകാലമായി ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് നല്‍കിപ്പോന്നു. സുഖമെവിടെ എന്ന ഗാനം ആകാശവാണിയിലൂടെ പതിവായി 'ഭാസ്‌കര രചനയില്‍' പുറത്തുവന്ന കാലമുണ്ടായിരുന്നു. ഈ ഗാനത്തിന്റെ കൂടി പേരിലാണ് ശ്രീകുമാരന്‍തമ്പിക്ക് ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം 1972-ല്‍ ലഭിച്ചതെന്നത് മറ്റൊരു കൗതുകം.

റെക്കാര്‍ഡ് കമ്പനിയുടെ പിഴവില്‍ പടത്തിന്റെ സംവിധായകനായ ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് പങ്കുണ്ടെന്ന് തമ്പി വിശ്വസിക്കുന്നില്ല. ഏതോ ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ വിവരക്കേട് കൊണ്ടുവന്ന പിശകായിരിക്കാം അത്. പാട്ടിനെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പലപ്പോഴും റെക്കാര്‍ഡ് കമ്പനിക്ക് കൈമാറുന്നത് അസിസ്റ്റന്റ് ഡയറക്ടര്‍മാരാണ്.

ഡിസ്‌കിലെ പിശക് ശ്രദ്ധയില്‍പെടുത്തിക്കൊണ്ട് താന്‍ എച്ച്.എം.വി.ക്കും ആകാശവാണിക്കും കത്തയച്ചിരുന്നുവെന്ന് തമ്പി പറയുന്നു. പാട്ടുകളുടെ സി.ഡി. പുറത്തിറങ്ങുമ്പോഴെങ്കിലും പഴയ തെറ്റ് തിരുത്തപ്പെടുമെന്നായിരുന്നു പ്രതീക്ഷ. ഇപ്പോഴും ചില ആല്‍ബങ്ങളിലെങ്കിലും പഴയ തെറ്റ് വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്- ഒരു ഒഴിയാബാധപോലെ!

മലയാള പദ്യസാഹിത്യചരിത്രം എഴുതിയ ടി.എം. ചുമ്മാറിന് പിണഞ്ഞ അബദ്ധവും ശ്രീകുമാരന്‍ തമ്പി ഓര്‍ക്കുന്നു. ''1973 ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണത്. ഞാന്‍ സിനിമയില്‍ എത്തിയിട്ട് ഏഴു വര്‍ഷമേ ആയിരുന്നുള്ളൂ. എങ്കിലും എന്നെ പ്രശംസിച്ച് നല്ല വാക്കുകള്‍ കുറിച്ച ചുമ്മാര്‍ ഞാനെഴുതിയ ദുഃഖമേ നിനക്ക് പുലര്‍കാലവന്ദനം എന്ന ഗാനം ഒ.എന്‍.വി.യുടെ പാട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നതാണ് വിരോധാഭാസം''.

ഏതായാലും തെറ്റ് ചൂണ്ടിക്കാണിച്ച് തമ്പി ചുമ്മാറിന് എഴുതി: ''ക്ഷമാപണത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാന്‍ സിനിമ കാണാറില്ല. ഇതാരോ തെറ്റിദ്ധരിപ്പിച്ചതാണ്. തിരുത്താം.'' നിര്‍ഭാഗ്യവശാല്‍ പുതിയ പതിപ്പില്‍ തെറ്റുതിരുത്താന്‍ ചുമ്മാറിന് യോഗമുണ്ടായില്ല. അതിനു മുമ്പേ അദ്ദേഹം കഥാവശേഷനായി.

മാധ്യമ പ്രവര്‍ത്തകര്‍ക്കും ടെലിവിഷന്‍ സംഗീത പരിപാടികളുടെ നിര്‍മാതാക്കള്‍ക്കും അവതാരകര്‍ക്കും ഗാനശില്പികളെക്കുറിച്ച് മിനിമം ധാരണയെങ്കിലും ഉണ്ടാവുന്നത് നന്നായിരിക്കുമെന്ന് ശ്രീകുമാരന്‍ തമ്പിക്ക് അഭിപ്രായമുണ്ട്. ''എറണാകുളത്ത് മാക്ടയുടെ ആദ്യ മെഗാ സംഗീതനിശ അരങ്ങേറുന്നു. 90 കളുടെ തുടക്കത്തിലാണ്.

ഹൃദയസരസ്സിലെ എന്ന ഗാനം സ്റ്റേജില്‍ വെച്ച് ദക്ഷിണാമൂര്‍ത്തി പാടിക്കൊടുത്ത് യേശുദാസ് ആലപിച്ചതായിരുന്നു ആ പരിപാടിയുടെ ഏറ്റവും വലിയ ആകര്‍ഷണം. പിറ്റേന്നറിങ്ങിയ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ത്തന്നെ വന്ന റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു: 'വയലാറിന്റെ അനശ്വരങ്ങളായ വരികള്‍ സ്വാമി പാടിയപ്പോള്‍ യേശുദാസ് അവ ഏറ്റുപാടി. അപൂര്‍വ പ്രതിഭകളുടെ ഒരു ത്രിവേണി സംഗമം....' പാടുന്ന പുഴയ്ക്കുവേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് താനെഴുതിയ പ്രണയഗാനം അന്യാധീനപ്പെടുന്നത് നിസ്സഹായനായി കണ്ടുനില്‍ക്കാനായിരുന്നു പതിവുപോലെ തമ്പിയുടെ വിധി.''

നൃത്തശാല എന്ന ചിത്രത്തില്‍ തമ്പി രചിച്ച അതീവഹൃദ്യമായ ഒരു ഗാനമുണ്ട്. പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു, സ്വര്‍ണ പീതാംബരമുലഞ്ഞു വീണു...പ്രകൃതിയുടെ ശൃംഗാരഭാവം ആപാദചൂഡം തുളുമ്പിനില്‍ക്കുന്ന രചന. ദക്ഷിണാമൂര്‍ത്തി പകര്‍ന്നു നല്‍കിയ ഈണവും യേശുദാസിന്റെ ശബ്ദസൗകുമാര്യവും ചേര്‍ന്ന് അനശ്വരമാക്കിയ ഗാനമാണത്. നൃത്തശാല എന്ന ശരാശരി ചിത്രത്തെ ഇന്നും നാം ഓര്‍ക്കുന്നത് ഒരുപക്ഷേ, ഈ ഗാനത്തിന്റെ പേരിലായിരിക്കും.

അഭയത്തിനുശേഷം ശോഭനാ പരമേശ്വരന്‍നായര്‍ നിര്‍മ്മിച്ച പടമാണ് പ്രേംനസീര്‍ നായകനായി അഭിനയിച്ച നൃത്തശാല. പരമേശ്വരന്‍നായരുടെ പടങ്ങളില്‍ ഭാസ്‌കരനല്ലാതെ മറ്റാരെങ്കിലും ഗാനരചന നിര്‍വഹിക്കുന്നത് അപൂര്‍വമായിരുന്നു. ''സംവിധായകന്‍ എ.ബി.രാജിന്റെ നിര്‍ബന്ധപ്രകാരമാണ് ഭാസ്‌കരന്‍മാഷോടൊപ്പം ഞാനും ഗാനരചയിതാവായി രംഗത്തു വരുന്നത്. പടത്തിലെ പാട്ടുകള്‍ അങ്ങനെ ഞങ്ങള്‍ ഇരുവരും പങ്കിട്ടെടുക്കുന്നു''.

പടം പുറത്തിറങ്ങി ഏറെക്കഴിയുംമുമ്പ് കുങ്കുമം വാരികയില്‍ ഒരു നിരൂപണം വന്നു. പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരനാണ് നിരൂപകന്‍. പടത്തെ പ്രശംസിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നതോര്‍ക്കുന്നു. ആ ലേഖനത്തിലെ ഒരു പരാമര്‍ശം ഞാന്‍ ഇന്നും മറന്നിട്ടില്ല. പെരുമ്പടവത്തിന്റെ വാചകം ഏതാണ്ടിങ്ങനെയായിരുന്നു. ''പടം കണ്ടശേഷവും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു മനോഹര ഗാനമുണ്ട്- പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു... നൃത്തശാലയില്‍ രണ്ടു ഗാനരചയിതാക്കളുണ്ടെങ്കിലും ഈ ഗാനം ഭാസ്‌കരനേ എഴുതാന്‍ കഴിയൂ...''

വല്ലാത്ത വേദന തോന്നിയ സന്ദര്‍ഭമായിരുന്നു അതെന്നു തമ്പി പറയുന്നു. ''പില്‍ക്കാലത്ത് ഞാന്‍ നേരിട്ടുതന്നെ ഇക്കാര്യം പെരുമ്പടവത്തോടു പറഞ്ഞിട്ടുണ്ട്.''

ഇത്തരമൊരു തെറ്റായ പരാമര്‍ശം തന്റെ ലേഖനത്തില്‍ കടന്നുവന്നിരുന്നോ എന്നോര്‍മയില്ല പെരുമ്പടവത്തിന്. ''പൊന്‍വെയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഗാനമാണ്. മനോഹരമായ കവിത. അത്രയും നല്ല ഗാനങ്ങള്‍ അപൂര്‍വമായേ സിനിമയില്‍ വന്നിട്ടുള്ളൂ. എന്തായാലും തമ്പി സൂചിപ്പിച്ചതു പോലെ ലേഖനത്തില്‍ എഴുതിയത് തെറ്റിപ്പോയിട്ടുണ്ടെങ്കില്‍ അതൊരു പാപമാണെന്നു തന്നെ ഞാന്‍ കരുതുന്നു. ഒരിക്കലും കരുതിക്കൂട്ടി എഴുതിയതാവില്ല. നോട്ടപ്പിശകുകൊണ്ട് വന്നതാവാനേ തരമുള്ളൂ.''പ്രായശ്ചിത്തമായി ഈ ഗാനത്തെ പ്രശംസിച്ചുകൊണ്ട് പില്‍ക്കാലത്ത് താനൊരു ലേഖനം തന്നെ എഴുതിയിട്ടുണ്ടെന്നും പെരുമ്പടവം പറയുന്നു. ''അത് തമ്പിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നറിയില്ല. ഗാനത്തിന്റെ യഥാര്‍ത്ഥ ശില്പികളോടുള്ള ആദരവ് ഉള്‍ക്കൊണ്ടുതന്നെയാണ് ഈ ലേഖനം എഴുതിയത്''.

നോട്ടപ്പിശകു മാത്രമല്ല. കാവ്യഭംഗിയുള്ള ഗാനങ്ങള്‍ ചിലര്‍ക്കുമാത്രമേ എഴുതാനാകൂ എന്ന മുന്‍വിധിയും ഇത്തരം അബദ്ധങ്ങള്‍ക്കു പിന്നിലുണ്ടാവാമെന്ന് തമ്പി ചൂണ്ടിക്കാട്ടുന്നു. ''ഒറ്റ നോട്ടത്തില്‍ ഇത്തരം പരാതികള്‍ ബാലിശമായി തോന്നാം. എങ്കിലും അവ യഥാര്‍ത്ഥ ഗാനസ്രഷ്ടാവിന് വരുത്തിവെക്കുന്ന മനോവേദന വളരെ വലുതാണ്. ആ വേദന ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍''.

ഏഷ്യാനെറ്റിലെ 'പാട്ടുപെട്ടി'യുടെ തുടക്കകാലത്ത് പി. ഭാസ്‌കരന്റെ ഗാനങ്ങളെ ആസ്പദമാക്കിയുള്ള പരിപാടിയുടെ ഒടുവില്‍ പൊന്‍വെയില്‍ കടന്നുവന്നത് തമ്പി മറന്നിട്ടില്ല. ഇതേ പരിപാടിയില്‍ തന്നെ ഗാനത്തിന്റെ രചന യൂസഫലി എന്ന് ഒരിക്കല്‍ എഴുതിക്കാണിച്ചിട്ടുമുണ്ട്. ''യൂസഫലിയും ദക്ഷിണാമൂര്‍ത്തിയും സിനിമയില്‍ ഒരിക്കലും ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടില്ല എന്നറിയാത്ത ആരെങ്കിലുമാകാം ആ വീഴ്ചവരുത്തിയത്.''

പാട്ടുപെട്ടിയുടെ അവതാരകനായി സുരേഷ് വന്നശേഷം ഈ പിഴവ് ആവര്‍ത്തിക്കപ്പെട്ടിട്ടില്ലെന്ന് ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ക്കുന്നു. ''സംശയം തോന്നുമ്പോള്‍ എന്നെ നേരിട്ടു വിളിച്ചു ചോദിക്കാനുള്ള ഔചിത്യം അദ്ദേഹം കാണിക്കാറുണ്ട്. അവതാരകര്‍ക്ക് മിനിമം വേണ്ട ഗുണമാണത്.''
പി. ഭാസ്‌കരനും യൂസഫലിക്കും മാത്രമല്ല നാടക-തിരക്കഥാകൃത്തായ എസ്.എല്‍.പുരം സദാനന്ദനും പൊന്‍വെയിലിന്റെ പിതൃത്വം സ്വീകരിക്കാനുള്ള യോഗമുണ്ടായിട്ടുണ്ടെന്ന് തമ്പി ഓര്‍ക്കുന്നു. ''ഏഷ്യാനെറ്റ് പ്ലസിന്റെ വകയായിരുന്നു ഈ അബദ്ധം. അനശ്വരഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടിയില്‍ പാട്ടിനൊപ്പം രചന: എസ്.എല്‍.പുരം എന്നു കണ്ടപ്പോള്‍ ശരിക്കും അന്തംവിട്ടുപോയി''.





പിന്നീടാണ് ആ മണ്ടത്തരത്തിനു പിന്നിലെ 'രഹസ്യം' തമ്പിക്കു പിടികിട്ടുന്നത്. ഗാനശില്പികളെക്കുറിച്ച് സംശയം തോന്നിയപ്പോള്‍ സിനിമയുടെ വി.സി.ഡി. ഇട്ടുകാണുകയായിരുന്നു പരിപാടിയുടെ പ്രൊഡ്യൂസര്‍. ശീര്‍ഷകങ്ങളുടെ കൂട്ടത്തില്‍ രചന എസ്.എല്‍.പുരം എന്നു കണ്ടപ്പോല്‍ നിസ്സംശയം അതു ഗാനരചനതന്നെ എന്നുറപ്പിക്കുന്നു ടിയാന്‍. സിനിമയുടെ തിരക്കഥയെഴുതിയ എസ്.എല്‍.പുരത്തിന് ഗാനരചയിതാവിന്റെ കുപ്പായം കൂടി വീണുകിട്ടുന്നത് അങ്ങനെയാണ്.

ദൂരദര്‍ശനില്‍ കുറച്ചുകാലം മുമ്പ് ഹൃദയസരസ്സിലെ പി.ഭാസ്‌കരന്റെ പേരില്‍ വന്നതും തമ്പിയുടെ ഓര്‍മ്മയിലുണ്ട്. ''പിഴവുകള്‍ ആര്‍ക്കും പിണയാം. പക്ഷേ, അവ തിരുത്താനുള്ള ഔചിത്യം മാധ്യമങ്ങള്‍ പ്രകടിപ്പിച്ചേ പറ്റൂ. എന്തു തെറ്റും പത്തു പ്രാവശ്യം ആവര്‍ത്തിച്ചാല്‍ ശരിയായി മാറുന്ന കാലമാണ്.''

ഒരു ചലച്ചിത്രത്തിലെ ഗാനങ്ങള്‍ മുഴുവന്‍ എഴുതിയിട്ടും ടൈറ്റില്‍ കാര്‍ഡില്‍ പേര് നിഷേധിക്കപ്പെട്ട അനുഭവവുമുണ്ട് തമ്പിക്ക്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അക്കരെ അക്കരെ ആണ് ചിത്രം.

''ഷൂട്ടിങ്ങിനായി ഒരു ദിവസം കഴിഞ്ഞ് യു.എസിലേക്ക് പുറപ്പെടേണ്ടതിനാല്‍ തിടുക്കത്തില്‍ രണ്ടു പാട്ട് എഴുതിത്തരണമെന്ന് നിര്‍മ്മാതാവ് വിളിച്ചു പറയുന്നുണ്ടായിരുന്നു. അങ്ങനെ വുഡ്‌ലാന്‍ഡ്‌സില്‍ വെച്ച് വളരെ പെട്ടെന്നാണ് സ്വര്‍ഗത്തിലോ ഭൂമിയിലോ, കണ്ണ് കണ്ണില്‍ കൊണ്ട നിമിഷം എന്നീ ഗാനങ്ങള്‍ എഴുതിത്തീര്‍ത്തത്.'' ഔസേപ്പച്ചന്റെ ഈണത്തില്‍. തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ അക്കരെ അക്കരെ അക്കരെ കണ്ടിരിക്കേ തിരശ്ശീലയില്‍ തെളിഞ്ഞ ടൈറ്റില്‍ കാര്‍ഡ് കണ്ട് തമ്പി ഞെട്ടി - ഗാനരചന: ഷിബു ചക്രവര്‍ത്തി.

ഇനി പാട്ടെങ്ങാനും താനറിയാതെ അവര്‍ മാറ്റിയിരിക്കുമോ എന്നായി തമ്പിയുടെ ചിന്ത. പടം കണ്ടു തീര്‍ന്നപ്പോള്‍ ആ സംശയവും നീങ്ങി. പാട്ടുകള്‍ തന്റേതു തന്നെ. ''അപമാനിതനായതുപോലെയാണ് എനിക്ക് തോന്നിയത്. വല്ലാത്ത ദേഷ്യവും വന്നു.''

ഷോ കഴിഞ്ഞയുടന്‍ പടത്തിന്റെ എഡിറ്റര്‍ എന്‍.ഗോപാലകൃഷ്ണന്റെ വീട്ടിലേക്കാണ് തമ്പി ചെന്നത്. എന്നോട് ഈ അനീതി വേണ്ടായിരുന്നു. എന്നു തുറന്നുപറഞ്ഞപ്പോള്‍ അത്ഭുതത്തില്‍ പൊതിഞ്ഞ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ''അപ്പോള്‍ ഷിബുവല്ലേ എഴുതിയത്?''

തൊട്ടുമുമ്പത്തേ പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഷിബുചക്രവര്‍ത്തി - ഔസേപ്പച്ചന്‍ ടീമിന്റേതായിരുന്നു ഗാനങ്ങള്‍. ഈണം ഔസേപ്പച്ചന്റേതെങ്കില്‍ രചന ഷിബുവിന്റേതു തന്നെ എന്ന് ധരിച്ചുവശായ ഏതോ അസോഷ്യേറ്റ് ഡയറക്ടര്‍ ഒപ്പിച്ച വേലയായിരുന്നു ടൈറ്റിലിലെ മറിമായം എന്ന് തമ്പി അറിഞ്ഞത് പിന്നീടാണ്.

അപൂര്‍വമായെങ്കിലും അപരന്റെ ഗാനത്തിന്റെ പിതൃത്വം ഏറ്റെടുക്കേണ്ടി വന്ന അനുഭവവമുണ്ട് ശ്രീകുമാരന്‍ തമ്പിക്ക്. 'റൊമാന്റിക് പോയറ്റ്' എന്ന പേരില്‍ തമ്പിയുടെ ഹിറ്റ് ഗാനങ്ങള്‍ ഉള്‍പ്പെടുത്തി 'സരിഗമ' പുറത്തിറക്കിയ ആല്‍ബത്തില്‍ ഒന്ന് ഭാസ്‌കരന്‍ മാസ്റ്ററുടെ സൃഷ്ടിയായിരുന്നു - ഇനിയുറങ്ങൂ. തെറ്റ് ശ്രദ്ധയില്‍പെട്ടയുടന്‍ കാര്യം വിശദമാക്കിക്കൊണ്ട് താന്‍ കാസറ്റു കമ്പനിക്ക് എഴുതിയിരുന്നുവെന്ന് തമ്പി പറയുന്നു. ''അവര്‍ തെറ്റ് തിരുത്തിയോ എന്നറിയില്ല. സ്വന്തം രചന മാറ്റാരുടെയെങ്കിലും പേരില്‍ പുറത്തുവരുന്നതിന്റെ വേദന ആവോളം അനുഭവിച്ചിട്ടുള്ള എനിക്ക് ആ ഗതികേട് മറ്റാര്‍ക്കും ഉണ്ടാവരുതെന്ന് നിര്‍ബന്ധവുമുണ്ട്.''

അര്‍ഹിച്ച അംഗീകാരങ്ങള്‍ നിഷേധിക്കപ്പെട്ട അനുഭവം സംഗീതരംഗത്തു മാത്രം ഒതുങ്ങുന്നതല്ലെന്ന് തമ്പി പറയും. നിര്‍ഭാഗ്യം കൊണ്ടു മാത്രം ദേശീയ ബഹുമതികള്‍പോലും ഒഴിഞ്ഞുപോയിട്ടുണ്ട്. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് അവസാനറൗണ്ടിലാണ് എനിക്ക് നഷ്ടപ്പെട്ടത്. മോഹിനിയാട്ടമായിരുന്നു ചിത്രം. പല്ലവി എന്ന കന്നഡ ചിത്രത്തിന്റെ സംവിധായകന്‍ ലങ്കേഷിനായിരുന്നു ആ വര്‍ഷം അവാര്‍ഡ്. ശിവരാമകാരാന്ത് ചെയര്‍മാനായ ജൂറി കന്നഡ സിനിമയ്ക്ക് അവാര്‍ഡ് നല്‍കിയതില്‍ അത്ഭുതം തോന്നിയില്ല. മികച്ച പ്രാദേശിക ചിത്രത്തിന്റെ ദേശീയ അവാര്‍ഡിനായുള്ള മത്സരത്തില്‍ അടൂരിന്റെ എലിപ്പത്തായത്തിനോട് ഒരൊറ്റ വോട്ടിനാണ് എന്റെ ഗാനം തോറ്റത്.

''കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അവസാ റൗണ്ടില്‍ പരിഗണിക്കപ്പെട്ട മൂന്നു കൃതികളില്‍ എന്റെ കാക്കത്തമ്പുരാട്ടിയും ഉണ്ടായിരുന്നു. പക്ഷേ, അന്ത്യ ഘട്ടത്തില്‍ തഴയപ്പെട്ടു. എഞ്ചിനിയറുടെ വീണ എന്ന കവിതാസമാഹാരവും പിന്തള്ളപ്പെട്ടത് അവസാന റൗണ്ടിലാണ്.''

നിര്‍ഭാഗ്യത്തിന്റെ ഈ പരമ്പരയ്ക്കിടയിലും ശ്രീകുമാരന്‍ തമ്പിക്ക് ആഹ്ലാദവും സംതൃപ്തിയും പകരുന്നത് സ്വന്തം ഗാനങ്ങളുടെ അസാധാരണ ജനപ്രീതി തന്നെ. ഹൃദയസരസ്സിന് വെറും ആറുമാസത്തിനകമാണ് പുതിയ പതിപ്പ് വന്നത്. വയലാറിന്റേയോ പി.ഭാസ്‌കരന്റെയോ രചനകള്‍ എന്ന് തങ്ങള്‍ ഇത്രകാലം വിശ്വസിച്ചുപോന്ന പല പ്രശസ്ത ഗാനങ്ങളുടെയും സ്രഷ്ടാവ് ശ്രീകുമാരന്‍ തമ്പിയാണെന്ന തിരിച്ചറിവ് പുസ്തകത്തിന്റെ വായനക്കാരില്‍ പലര്‍ക്കും അത്ഭുതകരമായ വെളിപാടായിരുന്നു. ഇനിയെങ്കിലും പഴയ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന് പ്രതീക്ഷയിലാണ് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍.

മോഹിനിയാട്ടത്തിലെ സ്വന്തമെന്ന പദത്തിനെന്തര്‍ഥം എന്ന പ്രശസ്ത ഗാനമെഴുതിയ കവിക്ക് അങ്ങനെ പ്രതീക്ഷിക്കാന്‍ മാത്രമല്ലേ പറ്റൂ?



കടപ്പാട്-ഒലിവ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ എങ്ങനെ നാം മറക്കും എന്ന പുസ്തകത്തില്‍ നിന്നും








Sreekumaran Thampi Interview
Sreekumaran Thampi Songs

 

ga