പാട്ടിന്റെ വഴിയെ
പി. പ്രജിത്ത് Posted on: 20 Aug 2011

ഓര്‍മകളുടെ യാത്ര തുടങ്ങുന്നത് നെല്ലിക്കുന്ന് പള്ളിയില്‍നിന്നാണ്. പള്ളിയിലെ ക്വൊയര്‍ സംഘത്തില്‍ പാടാനെത്തിയ എട്ടുവയസ്സുകാരന്‍ പിന്നീട് ആ പാട്ടുകളില്‍ ഒലിച്ചുപോയി. ഗ്രാമവും നഗരവും പിന്നിട്ട അവന്റെ പെരുമ മലയാളികള്‍ക്കഭിമാനം നല്കി. അവനൊരുക്കിയ ഗാനങ്ങള്‍ ഏകാന്തതയിലും വിരഹത്തിലും അവര്‍ക്ക് കൂട്ടുവന്നു.
വി.സി. ജോര്‍ജ് എന്ന ഗുരുവിന്റെ കരം പിടിച്ചാണ് ജോണ്‍സണ്‍ ആദ്യമായി സംഗീതലോകത്തിന്റെ പടവുകള്‍ കയറുന്നത്. ചെറുപ്പത്തില്‍ത്തന്നെ ഒട്ടുമിക്ക സംഗീത ഉപകരണങ്ങളും അനായാസം ഉപയോഗിക്കാന്‍ ശീലിച്ച ജോണ്‍സണ്‍ ആള്‍ക്കൂട്ടങ്ങള്‍ക്കുമുമ്പില്‍ താരമായി. 1968 ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് 'വോയ്‌സ് ഓഫ് ട്രിച്ചൂര്‍' എന്ന ടീം തുടങ്ങി.
ട്രൂപ്പിനുവേണ്ടി പാടാനെത്തിയ പി. ജയചന്ദ്രന്‍ വഴി ദേവരാജന്‍മാസ്റ്ററിലേക്ക് ചെന്നെത്തി. 1974 മുതല്‍ ദേവരാജന്‍ മാസ്റ്ററുടെ പ്രധാന സംഗീതസഹായിയായി പ്രവര്‍ത്തിച്ച ജോണ്‍സന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു.
1974ല്‍ ഭരതന്റെ 'ആരവം' എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയാണ്‌സ്വതന്ത്ര സംവിധായകനായി ജോണ്‍സണ്‍ സിനിമാലോകത്തേക്ക് ചേക്കേറിത്. 1981ല്‍ ആര്‍.കെ. ദാമോദരന്‍ ഗാനമൊരുക്കിയ 'ഇണയെത്തേടി' എന്ന ചിത്രത്തില്‍ സ്വതന്ത്രഗാന സംവിധായകനായി. പിന്നീടങ്ങോട്ട് മലയാളത്തില്‍ പ്രഗത്ഭരായ സംവിധായകരെല്ലാം ജോണ്‍സന്റെ സംഗീതം തേടിയെത്തി.
ഫീമെയില്‍ ഗായകന്‍
തിരക്കുകളുമായി ചെന്നൈയിലേക്ക് ചെന്നുവീഴുമ്പോഴും നാട്ടിലെ സൗഹൃദങ്ങള്‍ ജോണ്‍സനേറെ പ്രിയപ്പെട്ടതായിരുന്നു. പെണ്‍പാട്ടുകാരികള്‍ ഇല്ലാത്ത ക്വൊയറുകളിലും ഗാനമേള ടീമുകളിലും ഫീമെയില്‍ വോയ്‌സില്‍ പാടിത്തകര്‍ത്ത സംഭവങ്ങളെക്കുറിച്ച് ജോണ്‍സണ്‍ എന്നും ആഹ്ലാദത്തോടെ സംസാരിച്ചു. ജോണ്‍സണും സുഹൃത്ത് റീസണുമായിരുന്നു തൃശ്ശൂരിലെ പഴയകാല ഫീമെയില്‍ ഗായകര്‍. 'താമരക്കുമ്പിളല്ലോ മമഹൃദയം...' എന്നുതുടങ്ങുന്ന ഗാനം ഗാനമേളകളിലെന്നും ജോണ്‍സനേറെ കൈയടി നേടിക്കൊടുത്തു.
വി.സി. ജോര്‍ജാണ് ജോണ്‍സനെ ഹാര്‍മോണിയം പഠിപ്പിച്ചത്. ഗാനമേള വേദികളിലന്ന് തബലയും ഹാര്‍മോണിയവുമെല്ലാം തറയിലിരുന്നാണ് വായിച്ചിരുന്നത്.
പൊതുവെ ചെറുതായിരുന്ന ജോണ്‍സണ്‍ നിലത്തിരുന്ന് ഹാര്‍മോണിയം വായിക്കാന്‍ ഏറെ പണിപ്പെട്ടു. വായന തുടങ്ങുമ്പോള്‍ ഏന്തിവലിഞ്ഞാണ് ജോണ്‍സണ്‍ ബെല്ലോസ് എത്തിപ്പിടിച്ചത്. കൈയെത്തിപ്പിടിച്ച് തറയിലിരുന്ന് ഹാര്‍മോണിയം വായിച്ചിരുന്ന ജോണ്‍സന്റെ ചിത്രം ഇന്നും സുഹൃത്തുക്കള്‍ക്കിടയില്‍ മായാതെ നില്‍ക്കുന്നു.
ഹാര്‍മോണിയപ്പെട്ടിയേക്കാള്‍ ചെറിയ ജോണ്‍സണ്‍ ഹാര്‍മോണിയം വായിക്കുന്നതാണ് തൃശ്ശൂര്‍ ഗാനമേളയുടെ പ്രധാന ആകര്‍ഷണമെന്ന് സെന്റ് തോമസ് കോളേജിലെ മലയാളം മേധാവി ചുമ്മാര്‍ ചൂണ്ടല്‍മാഷ് അന്ന് എഴുതി.
ജലതരംഗങ്ങളിലെ സംഗീതം
വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കാന്‍ ഒരിക്കലും താത്പര്യം കാണിക്കാതിരുന്ന ജോണ്‍സനെപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു. വൈകുന്നേരങ്ങളില്‍ തൃശ്ശൂരിലെ സീഗോ ഹോട്ടലിലിരുന്ന് വെള്ളം നിറച്ച ഗ്ലാസുകളില്‍ സ്പൂണുകൊണ്ട് താളംകൊട്ടി ജലതരംഗങ്ങളില്‍നിന്ന് സംഗീതം സൃഷ്ടിക്കുന്നതായിരുന്നു ജോണ്‍സന്റെ പ്രിയ വിനോദം. പല അളവില്‍ വെള്ളം നിറച്ച ഗ്ലാസുകളില്‍ സ്റ്റിക്കുകൊണ്ട് തട്ടി ജലതരംഗസംഗീമുണ്ടാക്കുന്ന കഴിവ് മുതിര്‍ന്നശേഷവും ജോണ്‍സണ്‍ പൊതുവേദികളില്‍ പ്രകടിപ്പിച്ചു. നാടകങ്ങള്‍ക്ക് സംഗീതമൊരുക്കിയും അണിയറയിലിരുന്ന് പാടിയുമെല്ലാമാണ് അന്ന് ആ സൗഹൃദക്കൂട്ടം പണം സമ്പാദിച്ചിരുന്നത്.
പഴയകാല ഗാനമേളകളിലെ നായകനായിരുന്നു ജോണ്‍സണ്‍. എ.എന്‍. ഗണേശിന്റെ നാടകങ്ങള്‍ തുടങ്ങും മുമ്പ് ജോണ്‍സണ്‍ പങ്കെടുക്കുന്ന ഗാനമേളകള്‍ സ്ഥിരമായി.
ഔസേപ്പച്ചനും ജയന്‍മാഷുമെല്ലാമുള്ള സി.ഒ. ആന്റോയുടെ ഗാനമേളയിലെ പ്രധാന ആകര്‍ഷണം ജോണ്‍സനായിരുന്നു. ഒരിക്കല്‍ അങ്കമാലിയിലെ പരിപാടി കഴിഞ്ഞപ്പോള്‍ ജനക്കൂട്ടം ജോണ്‍സനെ വാരിപ്പുണര്‍ന്നു. 'ഹൊ... ഇതെന്താ സാധനം' എന്ന കൊച്ചിക്കാരുടെ ഡയലോഗ് ജോണ്‍സനുചുറ്റുമൊരലങ്കാരമായി വളരെക്കാലം നിന്നു.
അമ്പരപ്പിക്കുന്ന കൗമാരം
സ്റ്റേജ്‌ഷോയുമായി ബന്ധപ്പെട്ട് ജോണ്‍സണും സംഘവും ഒരിക്കല്‍ മദ്രാസിലേക്ക് വണ്ടികയറി. റിഹേഴ്‌സലിനിടയില്‍ ജോണ്‍സന്റെ വയലിന്റെ സ്ട്രിങ് പൊട്ടി. പുതിയ സ്ട്രിങ് വാങ്ങാനായി സിറ്റിയിലെ ഏറ്റവും വലിയ മ്യൂസിക് കടയിലേക്ക് ചെന്നു. ഒട്ടുമിക്ക സംഗീത ഉപകരണങ്ങളും കടയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സ്ട്രിങ് വാങ്ങാന്‍ചെന്ന ജോണ്‍സണ്‍ ഉപകരണങ്ങളിലോരോന്നിലും ആദ്യം തൊട്ടുതലോടി. പിന്നീട് അവയെല്ലാം വായിക്കാന്‍ തുടങ്ങി. ചെറിയ പ്രായത്തില്‍ത്തന്നെ എല്ലാ വാദ്യോപകരണങ്ങളും വായിക്കാനറിയുന്ന ജോണ്‍സണെ അമ്പരപ്പോടെയാണ് ഏവരും നോക്കിയത്. സംഗീതത്തില്‍ ജോണ്‍സണ്‍ എന്നും ഏവരെയും അത്ഭുതപ്പെടുത്തി.
റാഫിയുടെയും കിഷോര്‍കുമാറിന്റെയും ഗാനങ്ങളോടായിരുന്നു ജോണ്‍സനേറെ പ്രിയം. മലയാളം പാട്ടുകള്‍ കേള്‍ക്കുന്ന ശീലം കുറവായിരുന്നു. മലയാളം പാട്ടുകള്‍ മനസ്സില്‍ കയറിക്കൂടിയാല്‍ അത് പിന്നീടുള്ള കമ്പോസിങ്ങിനെ ബാധിക്കുമെന്ന് ജോണ്‍സണ്‍ സദാ പറയുമായിരുന്നു.
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നരീതിയില്‍ മലയാള സിനിമ, തന്നെ വളരെയധികം ഉപയോഗിച്ചതായി ജോണ്‍സണ്‍തന്നെ സൗഹൃദവേദികളില്‍ പറഞ്ഞിട്ടുണ്ട്. മെലഡിയോടായിരുന്നു അദ്ദേഹത്തിനെന്നും പ്രിയം. വരികള്‍ വായിച്ചശേഷം സംഗീതം നല്‍കുന്ന രീതിയായിരുന്നു ജോണ്‍സന് ഇഷ്ടം. സംഗീതത്തെ ചട്ടക്കൂടുകളിലാക്കി മാറ്റിയ പുതിയ ടെക്‌നോളജികളോട് അദ്ദേഹം സദാ കലഹിച്ചു. പാട്ടിന്റെ 35 വര്‍ഷം ആഘോഷിക്കണമെന്ന സുഹൃത്തുക്കളുടെ ആവശ്യത്തിനു സമ്മതം മൂളി, അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെയാണ് താരകം വിടപറഞ്ഞത്.