ഗന്ധര്‍വ സംഗീതജ്ഞന് ഇന്ന് വിട
Posted on: 20 Aug 2011

തൃശ്ശൂര്‍:ആയിരമായിരം ഹൃദയങ്ങളിലേക്ക് മെലഡിയുടെ അനശ്വരഗാനങ്ങള്‍ പകര്‍ന്ന സംഗീത സംവിധായകന്‍ ജോണ്‍സന് ശനിയാഴ്ച സാംസ്‌കാരിക നഗരം വിതുമ്പലോടെ അന്ത്യയാത്ര നല്‍കും. വെള്ളിയാഴ്ച രാത്രി ഒമ്പതരമണിയോടെയാണ് നെല്ലിക്കുന്ന് ജനതാ റോഡിലുള്ള തട്ടില്‍ തറവാട്ടിലേക്ക് ഭൗതികശരീരം എത്തിച്ചത്. നാടിന്റെ അഭിമാനമായിരുന്ന ആ സംഗീത പ്രണയിയെ ഒരുനോക്ക് കാണാന്‍ രാത്രിയിലും സുഹൃത്തുക്കളും നാട്ടുകാരും തേങ്ങലടക്കി കാത്തുനിന്നു.
ഭൗതികശരീരം 8.20ന് തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ 'എംബാം' ചെയ്യാന്‍ കൊണ്ടുവന്നു. മന്ത്രി കെ.പി. മോഹനന്‍, മേയര്‍ ഐ.പി. പോള്‍, എം.പി. വിന്‍സെന്റ് എം.എല്‍.എ. എന്നിവരും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഭൗതികശരീരം ഏറ്റുവാങ്ങിയത്.നെല്ലിക്കുന്ന് ജനതാ റോഡിലെ തട്ടില്‍ തറവാട്ടില്‍ എത്തിയ മൃതദേഹത്തില്‍ ടി.എ. റസാഖ്, അലക്‌സ് പോള്‍, ബാബു നാരായണന്‍, ഷോഗണ്‍ രാജു, ജോണ്‍ ഡാനിയല്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.ശവസംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് ഔദ്യോഗിക ബഹുമതികളോടെ നെല്ലിക്കുന്ന് പള്ളിയില്‍ ആരംഭിക്കും. അതിനുമുമ്പായി രാവിലെ 10 മുതല്‍ 12 വരെ മൃതദേഹം റീജണല്‍ തീയേറ്ററില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നാലരമണിക്കാണ് ചെന്നൈയില്‍നിന്ന് മൃതദേഹവുമായി ജെറ്റ് എയര്‍വേസ് നെടുമ്പാശ്ശേരിയിലേക്ക് പറന്നത്. ആറരയോടെ നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ തൃശ്ശൂര്‍ മേയര്‍ ഐ.പി. പോള്‍, ഡെപ്യൂട്ടി കളക്ടര്‍ ഇ.വി. സുശീല, സിബി മലയില്‍, സിയാദ് കോക്കര്‍, രഘുനാഥ് പലേരി, ജയരാജ് വാര്യര്‍, എസ്.എന്‍. സ്വാമി, തൃശ്ശൂര്‍ തഹസില്‍ദാര്‍ കെ.എം. പോള്‍സണ്‍, അനില്‍ ഉമ്മന്‍ എന്നിവര്‍ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
അനുശോചിച്ചു
കൊച്ചി: മലയാള ചലച്ചിത്ര സംഗീത രംഗത്ത് ദേവരാജന്‍ സ്‌കൂളുകാരനായിരുന്നു ജോണ്‍സണ്‍ എന്ന് അദ്ദേഹത്തിന്റെ ആദ്യഗാനം എഴുതിയ ആര്‍.കെ. ദാമോദരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പള്ളുരുത്തി: മലയാളികളുടെ മനസ്സില്‍ തിളങ്ങുന്ന നിരവധി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ജോണ്‍സന്റെ വിയോഗം നികത്താനാവാത്ത കനത്ത നഷ്ടമാണെന്ന് സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ ആത്മബന്ധം മറക്കാനാവില്ല-അദ്ദേഹം അനുസ്മരിച്ചു.
കൊച്ചി: സംഗീത സംവിധായകന്‍ ജോണ്‍സന്റെ നിര്യാണത്തില്‍ മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട) അനുശോചനം രേഖപ്പെടുത്തി.
ആര്‍.കെ ദാമോദരന്‍ ജോണ്‍സണെ അനുസ്മരിക്കുന്നു