പാട്ടിന്റെ പാലാഴിതീര്‍ത്ത സംഗീതപ്രതിഭയ്ക്ക് ചെന്നൈയുടെ വിട
Posted on: 20 Aug 2011

ചെന്നൈ: ഹൃദയതരളിതമാമൊരു ശോകഗാനം കണക്കെ അകാലത്തില്‍ പൊലിഞ്ഞ പാട്ടിന്റെ രാജകുമാരന് ചെന്നൈ വിങ്ങുന്ന മനസ്സോടെ വിടയേകി. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച അന്തരിച്ച ജോണ്‍സന്റെ ഭൗതികദേഹം വെള്ളിയാഴ്ച വൈകിട്ട് നാലിന് വിമാനമാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടുപോയി.
ജോണ്‍സന്റെ വിയോഗ വിവരമറിഞ്ഞ് ചലച്ചിത്ര രംഗത്തെ പ്രമുഖരുള്‍പ്പടെ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മൃതദേഹം സൂക്ഷിച്ചിരുന്ന പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ എത്തിക്കൊണ്ടിരുന്നത്. മരണവിവരം അറിഞ്ഞയുടനെയെത്തിയ സംഗീത സംവിധായകരും ജോണ്‍സന്റെ അടുത്ത സ്‌നേഹിതരുമായ ഔസേപ്പച്ചനും രാജാമണിയുമായിരുന്നു എല്ലാറ്റിന്റെയും മുഖ്യചുമതലക്കാര്‍.
രാജഹംസമേ... ഉള്‍പ്പടെയുള്ള ജോണ്‍സണ്‍ സൃഷ്ടികള്‍ക്ക് സ്വരമാധുര്യം പകര്‍ന്ന ഗായിക കെ.എസ്. ചിത്ര നേരത്തേത്തന്നെ ഭര്‍ത്താവിനൊപ്പമെത്തി അന്തിമോപചാരം അര്‍പ്പിച്ചു മടങ്ങി. സംഗീത സംവിധായകരായ എം. ജയചന്ദ്രന്‍, ദീപക് ദേവ്, ഗായിക സുജാത, മകളും പാട്ടുകാരിയുമായ ശ്വേതാമോഹന്‍, ചലച്ചിത്ര നടന്‍മാരായ ദേവന്‍, വിനീത് തുടങ്ങിയവര്‍ അധികം വൈകാതെയെത്തി. ജോണ്‍സന്റെ ഗാന സംഗീതാവിഷ്‌കാരത്തിന് ആദ്യകാലത്ത് എറ്റവും കുടുതല്‍ അവസരം തുറന്നിട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ഛായാഗ്രാഹകന്‍ വേണുവിനൊപ്പമാണ് പ്രിയസുഹൃത്തിനെ അവസാനമായിക്കാണാനെത്തിയത്. ആസ്പത്രി വളപ്പിലെ വിശ്രമമുറിയില്‍ ദുഃഖം താങ്ങാനാകാതെ തളര്‍ന്നിരുന്ന ജോണ്‍സന്റെ മകള്‍ ഷാന്‍, മകന്‍ റെന്‍ എന്നിവരെ ആശ്വസിപ്പിക്കാനെത്തിയ സത്യന്‍ എന്തുപറയണമെന്നറിയാതെ നിന്നു. സംവിധായകരായ ബ്ലസി, ബി. ഉണ്ണികൃഷ്ണന്‍, ദേവരാജന്‍മാഷിന്റെ ഭാര്യ ലീലാമണി, എഡിറ്റര്‍മാരായ എല്‍. ഭൂമിനാഥന്‍, രാജഗോപാല്‍, രഞ്ജന്‍ എബ്രഹാം, ശ്രീജിത്ത്, ചമയകലാകാരന്‍ പാണ്ഡ്യന്‍, നിര്‍മാണ രംഗത്തുള്ള ജൂബിലി ഗോപാലകൃഷ്ണന്‍, കോഴിക്കോട് രഘു എന്നിങ്ങനെ അശ്രുപൂജയര്‍പ്പിക്കാനെത്തിയവരുടെ നിര പിന്നെയും നീണ്ടു.
പ്രവാസി മലയാളികളുടെ കൂട്ടായ്മയായ സി.ടി.എം.എ.യെ പ്രതിനിധീകരിച്ചെത്തിയ പ്രസിഡന്‍റ് എം. നന്ദഗോവിന്ദാണ് പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള ആസ്പത്രി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പെട്ടെന്നു വിട്ടുകിട്ടാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഉച്ചയ്ക്ക് രണ്ടരയോടെ പോസ്റ്റ്‌മോര്‍ട്ടവും എംബാമിങ്ങും പൂര്‍ത്തിയാക്കിയ ശേഷം ആസ്പത്രിഹാളില്‍ അവസാനദര്‍ശനത്തിനായി കിടത്തിയ ജോണ്‍സന്റെ ഭൗതികശരീരത്തില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംവേണ്ടി നിരവധി പേര്‍ പുഷ്പാര്‍ച്ചന നടത്തി. മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരനുവേണ്ടി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബാംഗ്ലൂര്‍ വഴിയുള്ള സ്വകാര്യ വിമാനത്തില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഭാര്യ റാണിക്കും മക്കള്‍ക്കും പുറമേ ജോണ്‍സന്റെ സഹോദരന്‍ ജോര്‍ജും മൃതദേഹത്തെ അനുഗമിച്ചു.