Mathrubhumi Logo
  johnson

സാങ്കേതികക്കുരുക്കില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകി; പൊതുദര്‍ശനം മുടങ്ങി

Posted on: 20 Aug 2011

ചെന്നൈ: മുഗ്ദസംഗീതത്തിന്റെ ലാവണ്യലോകം ഉപേക്ഷിച്ച് നിതാന്ത മൗനത്തിലേക്ക് വിടചൊല്ലിപ്പിരിഞ്ഞ ജോണ്‍സന്റെ അന്തിമോപചാര ചടങ്ങുകള്‍ സാങ്കേതിക്കുരുക്കിനെത്തുടര്‍ന്ന് മണിക്കൂറുകളോളം വൈകി. പോരൂര്‍ ശ്രീരാമചന്ദ്രമെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന ജോണ്‍സന്റെ ഭൗതികശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിലുണ്ടായ അനിശ്ചിതത്വമാണ് പ്രശ്‌നമായത്. കടുത്ത ഹൃദയാഘത്തെത്തുടര്‍ന്ന വ്യാഴാഴ്ച രാത്രി കാട്ടുപാക്കത്തെ വസതിയില്‍ നിന്ന് ആസ്പത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ തന്നെ ജോണ്‍സന്റെ മരണം സംഭവിച്ചിരുന്നു. സ്വാഭാവിക മരണമായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം കൂടാതെ മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏറ്റുവാങ്ങി ചെന്നൈയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് സംസ്‌കാരത്തിനായി കേരളത്തിലേക്ക് കൊണ്ടുപോകാനായിരുന്നു ഭാര്യ റാണിയും കുടുംബാംഗങ്ങളും തീരുമാനിച്ചിരുന്നത്. എന്നാല്‍, മരണം നടന്നശേഷം ആസ്പത്രിയിലെത്തിയ രോഗിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കൂടാതെ വിട്ടുകൊടുക്കാന്‍ സാങ്കേതികമായ തടസ്സങ്ങളുണ്ടെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു.

തുടര്‍ന്ന് എന്തുചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ ബന്ധുക്കള്‍ ആശയക്കുഴപ്പത്തിലായതോടെ പതിനൊന്നു മണിക്ക് കാട്ടുപാക്കത്തെ വീട്ടില്‍ നിശ്ചയിച്ചിരുന്ന പൊതുദര്‍ശനച്ചടങ്ങ് മുടങ്ങി. മാധ്യമങ്ങളിലെ അറിയിപ്പുകണ്ട് വീട്ടിലെത്തിയ നിരവധി ആരാധകരും സുഹൃത്തുക്കളും നിരാശരായി മടങ്ങി. പിന്നീട് പ്രവാസി മലയാളി സംഘടനകളുടെ പൊതുവേദിയായ സി.ടി.എം.എ.യുടെ പ്രസിഡന്‍റ് എം. നന്ദഗോവിന്ദ്, ജോണ്‍സന്റെ സഹോദരന്‍ ജോര്‍ജുമായി സംസാരിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന കാര്യത്തില്‍ അനുകൂല തീരുമാനത്തിലെത്തുകയും ചെയ്തു. പൂനമല്ലി പോലീസ് സ്റ്റേഷനില്‍ മരണം സംബന്ധിച്ച വിവരം രേഖാമൂലം അറിയിക്കുകയും പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. തുടര്‍ന്ന് അമ്പത്തൂര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. രാജേന്ദ്രന്‍ നേരിട്ട് ആസ്പത്രിയിലെത്തി പോലീസ് നടപടിക്രമങ്ങള്‍ പെട്ടെന്നുതന്നെ പൂര്‍ത്തിയാക്കാന്‍ വേണ്ട നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഒരുമണിക്കൂറിനകം പൂര്‍ത്തിയാക്കാന്‍ ആസ്പത്രി അധികൃതരും സഹകരിച്ചു.

കേരളത്തിലേക്ക് വൈകിട്ട് നാലിനുള്ള വിമാനത്തില്‍ കൊണ്ടുപോകാനുള്ളതിനാല്‍ മൃതദേഹത്തിന്റെ പൊതുദര്‍ശനം ചുരുങ്ങിയ സമയത്തിലേക്ക് പരിമിതപ്പെടുത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളും തീരുമാനിച്ചു. അതുകൊണ്ട് തന്നെ മോര്‍ച്ചറിയോട് അനുബന്ധിച്ചുള്ള ചെറിയ ഇടനാഴിയില്‍ സ്‌ട്രെക്ചറില്‍ കിടത്തിയ ജോണ്‍സന്റെ ഭൗതികശരീരം അവസാനമായിക്കാണാന്‍ രാവിലെ മുതല്‍ ആസ്പത്രി പരിസരത്ത് തിങ്ങിക്കൂടിയവര്‍ക്ക് ശരിക്കും തിക്കിത്തിരക്കേണ്ടി വന്നു. മൃതദേഹവുമായി പോകുന്ന ആംബുലന്‍സ് വാഹനക്കുരുക്കില്‍ പെടാതിരിക്കാന്‍ വിമാനത്താവളം വരെ പ്രത്യേക ട്രാഫിക് സംവിധാനമൊരുക്കാന്‍ പോലീസ് മുന്‍കൈയെടുത്തതും ഏറെ സഹായകമായി.



ganangal
johnson hit songlist
photos photos


മറ്റു വാര്‍ത്തകള്‍

  12 »
jhonson adaranjalikal GAP

ഗാനങ്ങള്‍ കേള്‍ക്കാം

ആടിവാ കാറ്റേ നീലരാവില്‍ ഇന്നു നിന്റെ..   ഗോപികേ നിന്‍ അനുരാഗിണി     ഏതോ ജന്മകല്പന

Discuss