വിട്ടുവീഴ്ചകളില്ലാതെ
Posted on: 19 Aug 2011

''കാപട്യമില്ലാത്ത മനസ്സായിരുന്നു ജോണ്‍സേട്ടന്റേത്.'' ജോണ്‍സണ്‍ സംഗീതം നല്‍കിയിട്ടുള്ള അതിമനോഹരമായ നിരവധി പാട്ടുകള്‍ പാടാന്‍ ഭാഗ്യമുണ്ടായിട്ടുള്ള ഗായിക സുജാത പറയുന്നു. ''മനസ്സിലൊന്നുവെച്ചിട്ട് മറ്റൊന്നു പറയുന്ന ശിലം ജോണ്‍സേട്ടനുണ്ടായിരുന്നില്ല. അത്രയും സുതാര്യമായ മനസ്സായിരുന്നു ജോണ്‍സേട്ടന്റേത്.'' മകള്‍ ശ്വേതയുടെ വിവാഹം ക്ഷണിക്കാന്‍ മകളെയും കൂട്ടിയാണ് സുജാത ജോണ്‍സണെ കാണാന്‍ പോയത്. '' കല്യാണത്തിനൊന്നും പോവുന്ന ശിലം ജോണ്‍സേട്ടനില്ലെന്ന് എനിക്കറിയാമായിരുന്നു. കല്യാണത്തിന് വരലുണ്ടാവില്ലെന്ന് ജോണ്‍സേട്ടന്‍ എന്നോട് പറയുകയും ചെയ്തു. ശ്വേതയെക്കൊണ്ട് ജോണ്‍സേട്ടനെ നമസ്‌കരിപ്പിച്ചിട്ടാണ് ഞാന്‍ അന്നു മടങ്ങിയത്. ''
പാട്ടു പാടാന്‍ ജോണ്‍സണ്‍ വിളിച്ചാല്‍ അതി സന്തോഷത്തോടെയാണ് താന്‍ പോകാറുണ്ടായിരുന്നതെന്ന് സുജാത ഓര്‍ക്കുന്നു. '' സമ്പൂര്‍ണമായ പാട്ടായിരിക്കും ജോണ്‍സേട്ടന്‍ ഒരുക്കിയിട്ടുണ്ടാവുക. അദ്ദേഹം പറഞ്ഞുതരുന്നതു പോലെയങ്ങു പാടിയാല്‍ മതിയാവും. വിട്ടുവീഴ്ചകളില്ലാതിരുന്നതുകൊണ്ട് ജോണ്‍സേട്ടന് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. ''ജോണ്‍സന്റെ വലംകൈയായി എപ്പോഴും കൂടെ നിന്നിട്ടുള്ള സംഗീത സംവിധായകന്‍ രാജാമണി ജോണ്‍സന്റെ വിയോഗം ഇനിയും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ''1976-ല്‍ ' ഇതാ ഇവിടെ വരെ ' മുതല്‍ ഞാന്‍ ജോണ്‍സേട്ടന്റെ കൂടെയുണ്ട്. എന്നെ ഞാനാക്കിയ മനുഷ്യനാണ് ദാ ഇവിടെയിപ്പോള്‍... ' ' ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ജോണ്‍സന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ രാജാമണിയുടെ വാക്കുകള്‍ മുറിയുന്നു.
അവസരങ്ങള്‍ക്കു വേണ്ടി സ്വന്തം വ്യക്തിത്വം കളഞ്ഞുകുളിക്കാന്‍ ജോണ്‍സണ്‍ ഒരിക്കലും തയ്യാറായിരുന്നില്ല. ആത്മഗൗരവം കളഞ്ഞുള്ള ഒരു പരിപാടിക്കും താനില്ലെന്ന് ജോണ്‍സണ്‍ സുഹൃദ് സംഭാഷണങ്ങളില്‍ സംശയത്തിനിടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കുമായിരുന്നു- ''നമുക്ക് നമ്മളെ അറിയില്ലെങ്കില്‍ പിന്നെ എന്തോന്നു ജീവിതമാണ് നമ്മള്‍ ജീവിക്കുക'' തലയുയര്‍ത്തിപ്പിടിച്ച് ഒട്ടും കൂസലില്ലാതെ സംസാരിക്കുന്ന ജോണ്‍സണ്‍ എന്ന നിഷേധിയുടെ ചിത്രം മനസ്സില്‍ എന്നുമുണ്ടായിരിക്കും.
കെ.എ.ജോണി