മൗനമായി പറന്നകലുമ്പോള്‍...
Posted on: 19 Aug 2011

കോഴിക്കോട് ഹോട്ടല്‍ മഹാറാണിയിലെ മുറി. ജോണ്‍സണരികെ സംവിധായകന്‍ രഞ്ജന്‍ പ്രമോദ്. നാല് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ജോണ്‍സണ്‍ ഒരു അഭിമുഖത്തിന് ഇരുന്നുകൊടുക്കുകയായിരുന്നു. രഞ്ജന്റെ ഫോട്ടോഗ്രാഫര്‍ എന്ന സിനിമയ്ക്ക് സംഗീതസംവിധായകനായാണ് ജോണ്‍സണ്‍ എത്തിയത്. അജ്ഞാതവാസത്തില്‍നിന്നുള്ള മടങ്ങിവരവ്. ''ഞാന്‍ നിഷ്‌കാസിതനായതല്ല, അതുകൊണ്ടുതന്നെ തിരിച്ചുവന്നിരിക്കുന്നു എന്ന പ്രയോഗത്തോട് യോജിക്കുന്നുമില്ല''- സിഗരറ്റ് പുക ഊതിപ്പറത്തിക്കൊണ്ട് ജോണ്‍സണ്‍ ആദ്യം പറഞ്ഞ വാചകം ഇതായിരുന്നു. ചൈത്രവേണുവൂതുംപോലെ ഗന്ധര്‍വനെക്കൊണ്ട് പാടിച്ച പഴയ ജോണ്‍സണെ മുന്നില്‍ കാണുകയായിരുന്നു. പുഴയൊഴുകും പോലുള്ള പാട്ടുകള്‍ക്കിടയില്‍ നിന്ന് എവിടേക്കാണ് പോയതെന്ന് ആദ്യമായി തുറന്നുപറഞ്ഞു, പിന്നെ.
ഈണം നല്‍കിയ പാട്ടിന്റെ വരികളെ നേരില്‍ക്കാണേണ്ടിവന്ന അപൂര്‍വാനുഭവമായിരുന്നു ഈ സംഗീതസംവിധായകന്റേത്. ജോണ്‍സണിന്റെ വീണയില്‍ കൂടണയാനൊരു മൗനം എങ്ങുനിന്നോ പറന്നു വന്നു. പാട്ടിന്റെ പൊന്‍തൂവലൊതുക്കി നൊമ്പരം ഉള്ളില്‍പ്പിടഞ്ഞു. പിന്നെ പൂവിന്‍ ചൊടിയിലും മൗനം. ഭൂമി ദേവിതന്‍ ആത്മാവില്‍ മൗനം. വിണ്ണിന്റെ കണ്ണുനീര്‍ത്തുള്ളിയിലും കൊച്ചുമണ്‍തരിച്ചുണ്ടിലും മൗനം.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയുടെ റെക്കോഡിങ് വേളയിലായിരുന്നു അത്. ''നൊമ്പരക്കൂട്ടിലെ തിങ്കളേ... രാജകുമാരനിന്നേകനായ്'' എന്ന് ബിജുനാരായണന്‍ പാടുമ്പോള്‍ പേരറിയാത്ത വേദനയിലായിരുന്നു ജോണ്‍സണ്‍. എന്തായിരുന്നു കാരണമെന്ന് ചോദിച്ചപ്പോള്‍ ''അറിയില്ല'' എന്ന ഒറ്റവാക്കിലൊതുക്കി അദ്ദേഹം. സിനിമാപ്പാട്ടുകളുടെ പുതിയ ട്രന്‍ഡിനൊത്ത് ഓടാനാകാതെ ഒരു വിടവാങ്ങല്‍. സ്വരം നന്നായിരിക്കുമ്പോള്‍ പിന്‍വാങ്ങല്‍. ''അവസരം തേടി ആരെയും സമീപിക്കുന്നത് എനിക്കിഷ്ടമല്ല. ഇരുപത്തിരണ്ടാം വയസ്സില്‍ സിനിമയില്‍ വന്നയാളാണ് ഞാന്‍. ഇത്രയും നാളുകള്‍കൊണ്ട് ചെയ്ത പാട്ടുകളില്‍ പകുതിയെങ്കിലും കേള്‍വിക്കാര്‍ക്ക് ഇഷ്ടമായെങ്കില്‍ ഞാന്‍ സംതൃപ്തന്‍''- ഉള്‍വലിഞ്ഞതിനെക്കുറിച്ച് ജോണ്‍സണ്‍ പറഞ്ഞു.
ആ മൗനത്തിന്റെ കൂട്ടില്‍നിന്ന് ഏറെ പണിപ്പെട്ടാണ് രഞ്ജന്‍പ്രമോദ് ജോണ്‍സണെ കണ്ടെടുത്തത്. അങ്ങനെ ''എന്തേ കണ്ണനിത്ര കറുപ്പുനിറം'' എന്ന ചോദ്യം ജോണ്‍സന്റെ ഈണത്തില്‍ നമ്മള്‍ വീണ്ടും കേട്ടു.
ഒരു അക്കോഡിയന്‍ തേടി മദിരാശിയിലേക്കുള്ള യാത്രയാണ് ജോണ്‍സണ്‍ എന്ന സംഗീത സംവിധായകനെ സൃഷ്ടിച്ചത്. വോയ്‌സ് ഓഫ് ട്രിച്ചൂര്‍ എന്ന ഗാനമേള ട്രൂപ്പില്‍ എല്ലാ സംഗീതോപകരണങ്ങളും കൈകാര്യം ചെയ്തിരുന്ന നെല്ലിക്കുന്നുകാരന്‍ യുവാവ് ട്രൂപ്പിനുവേണ്ടി അക്കോഡിയന്‍ വാങ്ങാനാണ് സിനിമയുടെ നഗരത്തില്‍ തീവണ്ടിയിറങ്ങിയത്. ചെന്നുപറ്റിയത് ദേവരാജാങ്കണത്തില്‍. ദേവരാഗങ്ങളുടെ ശിഷ്യനായി പേരെടുത്ത് 'ആരവ'ത്തിലൂടെ സിനിമാപ്പാട്ടുകളുടെ ആരവത്തിലേക്ക്. ആന്റണി ഈസ്റ്റ്മാന്റെ 'ഇണയെത്തേടി'യായിരുന്നു സ്വന്തമായി ഈണമിട്ട ആദ്യചിത്രം.
അന്ന് ആ സിനിമയ്ക്കുവേണ്ടി ജോണ്‍സണെത്തേടിപ്പോയ കഥ കലൂര്‍ ഡെന്നീസ് ഓര്‍ക്കുന്നു: ''ഈസ്റ്റ്മാന്റെ സ്‌കൂട്ടറിലാണ് ഞങ്ങള്‍ പോയത്. മദിരാശിയിലെ കുടുസുമുറിയിലാണ് ജോണ്‍സണിന്റെ താമസം. ഒറ്റദിവസം കൊണ്ട് ജോണ്‍സണ്‍ ട്യൂണുമിട്ടു, റീ റെക്കോഡിങ്ങും നടത്തി. ഇന്നും ഒരത്ഭുതം പോലെ തോന്നുന്നു''-ജോണ്‍സണിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് കലൂര്‍ ഡെന്നീസ് പറഞ്ഞു.
''വ്യക്തിജീവിതത്തില്‍ ഒരുപാട് വിഷാദം അനുഭവിച്ചയാളാണ് ഞാന്‍. പക്ഷേ, അതൊന്നും പാട്ടില്‍കൊണ്ടുവന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ എന്റെ പാട്ടുകളെല്ലാം ഒരുപോലെ ആയിപ്പോകുമായിരുന്നു''- മുഖത്തെ സങ്കടം പടര്‍ന്നിറങ്ങിയാണോ ജോണ്‍സണിന്റെ വിഷാദഗാനങ്ങള്‍ക്ക് വല്ലാത്ത ശക്തിയുണ്ടായതെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു. ഈണമിട്ടപ്പോള്‍ കരയിച്ച ഗാനമായി ഓര്‍ത്തത് 'വരവേല്പി'ലെ ദൂരെ, ദൂരെ സാഗരവും.
കൈതപ്രത്തോടൊത്ത് മലയാളത്തിലെ ഏറ്റവും ശ്രുതിപ്പൊരുത്തമുള്ള ടീം സൃഷ്ടിച്ച ജോണ്‍സണ്‍ അന്ന് ചില സ്വരച്ചേര്‍ച്ചയില്ലായ്മകളെക്കുറിച്ചും പറഞ്ഞു. ''ജോണ്‍സണ്‍ എന്ന മ്യൂസിക് ഡയറക്ടര്‍ യേശുദാസിന്റെ ആരാധകനാണ്. പക്ഷേ, ജോണ്‍സണ്‍ എന്ന വ്യക്തിക്ക് യേശുദാസിനെ പരിചയമില്ല. യേശുദാസിന്റെ വീട്ടില്‍പ്പോകാത്ത മ്യൂസിക് ഡയറക്ടറാണ് ഞാന്‍''- വല്ലാത്തൊരു ശക്തിയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്.
സംഗീതം നല്‍കിയ പാട്ടുകളിലെ ഏറ്റവും ഇഷ്ടപ്പെട്ട വരികളെക്കുറിച്ചാണ് ഒടുവില്‍ ചോദിച്ചത്. താടി തടവി, കണ്ണടച്ച് ജോണ്‍സണ്‍ പാടി: ''സുന്ദരിപ്പൂവിന് നാണം,...എന്തോ മിണ്ടുവാന്‍ കാറ്റിന് മോഹം...''
ഒരു നിമിഷത്തെ ഇടവേളയ്ക്കുശേഷം പിന്നെയും പാടി: ''എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു...''
ജോണ്‍സണിന്റെ വീണയില്‍ എന്നേക്കുമായി കൂടണയാന്‍ ഒടുവില്‍ മരണത്തിന്റെ മൗനം പറന്നുവന്നിരിക്കുന്നു. മരിക്കാത്ത പാട്ടുകള്‍ ബാക്കി.
ശരത് കൃഷ്ണ