സംഗീത സംവിധായകന്‍ ജോണ്‍സണ്‍ അന്തരിച്ചു
Posted on: 19 Aug 2011

1953 മാര്‍ച്ച് 26-ന് തൃശ്ശൂരില്‍ ജനിച്ച ജോണ്‍സന്റെ സംഗീതരംഗത്തേക്കുള്ള വരവ് നെല്ലിക്കുന്ന് സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ ക്വയര്‍ സംഘത്തിലൂടെയായിരുന്നു. ഇവിടെനിന്ന് ഹാര്‍മോണിയത്തിലും ഗിത്താറിലും പരിശീലനം നേടിയ അദ്ദേഹം, 1968-ല്‍ 'വോയ്‌സ് ഓഫ് ട്രിച്ചൂര്‍' എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു.
ഗായകന്‍ പി. ജയചന്ദ്രനാണ് ജോണ്‍സണെ സംഗീത സംവിധായകന്‍ ജി. ദേവരാജന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തുന്നത്. ജോണ്‍സന്റെ കഴിവ് തിരിച്ചറിഞ്ഞ ദേവരാജന്‍ മാസ്റ്റര്‍ 1974-ല്‍ ചെന്നൈയിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീടിങ്ങോട്ട് ജോണ്‍സന്റെ വളര്‍ച്ചയായിരുന്നു. '81-ല്‍ പുറത്തിറങ്ങിയ, സില്‍ക്ക് സ്മിത നായികയായ 'ഇണയെത്തേടി' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് ഭരതന്റെ 'പാര്‍വതി' എന്ന ചിത്രത്തിന് ഈണം നല്കി.
സംവിധായകന്‍ പത്മരാജനുമായുള്ള ബന്ധമാണ് ജോണ്‍സണെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചത്. പത്മരാജന്റെ 'കൂടെവിടെ' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഈ ചിത്രത്തിലെ 'ആടി വാ കാറ്റേ...' എന്ന ഗാനം സൂപ്പര്‍ഹിറ്റായി മാറി. പത്മരാജന്റെ 17 ചിത്രങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതം പകര്‍ന്നിട്ടുണ്ട്. ഞാന്‍ ഗന്ധര്‍വന്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, പെരുന്തച്ചന്‍, പാളങ്ങള്‍, ഓര്‍മയ്ക്കായി, കാറ്റത്തെ കിളിക്കൂട്, എന്റെ ഉപാസന, ഒഴിവുകാലം, മാളൂട്ടി, ചമയം, പ്രേമഗീതങ്ങള്‍, ചുരം, ഒരു കഥ ഒരു നുണക്കഥ, സാക്ഷ്യം, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, കിരീടം, ചെങ്കോല്‍, ദശരഥം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കുടുംബസമേതം, ഭൂതക്കണ്ണാടി, അരയന്നങ്ങളുടെ വീട്, ശുഭയാത്ര, ഈ പുഴയും കടന്ന്, വരവേല്‍പ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അല്‍പ്പകാലം സംഗീതസംവിധാനരംഗത്തുനിന്ന് മാറിനില്‍ക്കേണ്ടി വന്ന ജോണ്‍സണ്‍ 2006-ല്‍ ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നെങ്കിലും പിന്നീട് ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് വേണ്ടത്ര ജ്വലിച്ചുനില്‍ക്കാനായില്ല. ഇതിനിടയില്‍ നിരവധി ആല്‍ബങ്ങള്‍ക്കുവേണ്ടി അദ്ദേഹം സംഗീതം നിര്‍വഹിച്ചു.
മികച്ച പശ്ചാത്തല സംഗീതം നിര്‍വഹിച്ചതിന് രണ്ടു തവണ ദേശീയ അവാര്‍ഡ് ലഭിച്ചു. പൊന്തന്‍മാട, സുകൃതം എന്നീ ചിത്രങ്ങള്‍ക്കായിരുന്നു ഇത്. ഓര്‍മയ്ക്കായി (1982), വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (1989), അങ്ങനെ ഒരു അവധിക്കാലത്ത് (1999) എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനത്തിന് കേരള സംസ്ഥാന അവാര്‍ഡും ജോണ്‍സണ് ലഭിച്ചു. കൂടാതെ സദയം (1992), സല്ലാപം (1996) എന്നീ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതമൊരുക്കിയതിനും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന്റെ സംഗീതത്തിന് 2006-ല്‍ മാതൃഭൂമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.