'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ'
എം.പി.സുരേന്ദ്രന്‍ Posted on: 19 Aug 2011

''നിന്റെ ഏറ്റവും പ്രിയപ്പെട്ട പത്ത് പാട്ടുകള്‍ ഏതാണ്?''
ഫോണില്‍ അങ്ങേത്തലയ്ക്കല്‍ ജോണ്‍സണ്‍ ചിരിച്ചു. കിണറ്റില്‍നിന്ന് ഒരു ശബ്ദം വരുന്നതുപോലെ ആഴമുള്ള ചിരി.
'നീ എഴുതിക്കോ'
അപ്പോള്‍ ഞാന്‍ മനസ്സില്‍ കുറിച്ചു. ഒന്നാമത്തെ പാട്ട്, രാജഹംസമേ? ചിത്രയുടെ നാഡിയില്‍നിന്ന് പിറന്ന പാട്ട്.
ഇപ്പോള്‍ അതൊക്കെ ദുഃഖത്തോടെ ഓര്‍ക്കുന്നു. പപ്പേട്ടനു (പത്മരാജന്‍)മായുള്ള ജോണ്‍സന്റെ സര്‍ഗ്ഗാത്മകമായ ബന്ധങ്ങള്‍. ഭരതനുമായുള്ള ആനന്ദസംവാദങ്ങള്‍. സത്യനു(സത്യന്‍ അന്തിക്കാട്)മായുള്ള സിനിമയിലെ പിറവികളെക്കുറിച്ചുള്ള പാട്ടുകള്‍. ബാലചന്ദ്രമേനോനുമായുള്ള ആത്മീയമായ സ്വകാര്യങ്ങള്‍. കൈതപ്രം-ജോണ്‍സണ്‍ എന്ന ഒരൊറ്റ പേരിലെ മാന്ത്രികത.
അപൂര്‍വ്വ പിറവിയായിരുന്നു ജോണ്‍സണ്‍. ചിലപ്പോഴൊക്കെ അയാള്‍ തനി തൃശ്ശൂര്‍ക്കാരനാവും. എല്ലാം തുറന്നുപറയുന്ന, തുറന്ന മനസ്സുള്ള തൃശ്ശൂര്‍ക്കാരന്‍. ചിലപ്പോള്‍ അയാള്‍ മൗനത്തിലേക്കു വീണുപോകും. നാലഞ്ചുകൊല്ലംമുമ്പ് ജോണ്‍സണ്‍ അങ്ങനെ മൗനത്തിലേക്ക് വീണുപോയി. മരണത്തെ മുഖാമുഖം കണ്ടതിനുശേഷമുള്ള കാലമായിരുന്നു അത്. സംഗീതം ബീജികളിലേക്ക് വീണുപോയപ്പോള്‍, സ്വയം പിന്‍വാങ്ങിയ ഒരു സംഗീതജ്ഞന്റെ മൗനമായിരുന്നു പിന്നീട്. കാരണം, അയാള്‍ ഒറിജിനലായിരുന്നു.
ജോണ്‍സന്റെ പാട്ടുകളില്‍ നിറഞ്ഞുനിന്നത്, വൈകാരികതയാണെന്ന് പലരും പറയാറുണ്ട്. വരവേല്പിലെ 'ദൂരെ ദൂരെ സാഗരം...' എന്ന പാട്ട് കഴിഞ്ഞപ്പോള്‍ ജോണ്‍സണ്‍ കരഞ്ഞു. യേശുദാസിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ക്കുശേഷം ദാസേട്ടനെ; ആ ശബ്ദത്തിന്റെ ഗരിമയെ ഊറ്റിയെടുത്തത് ജോണ്‍സനായിരുന്നു.
പണ്ട്, വോയ്‌സ് ഓഫ് ട്രിച്ചൂര്‍. ദാസേട്ടന്‍ പാടാനെത്തുമ്പോള്‍, ഗിറ്റാര്‍ മുതല്‍ കോംഗോ ഡ്രം വരെയുള്ള സംഗീതോപകരണങ്ങള്‍ പ്രയോഗിക്കുന്ന കുറിയ യുവാവിനെ ദാസേട്ടന്‍ കണ്ടിട്ടുണ്ട്. പത്തിരുപതു സംഗീതോപകരണങ്ങള്‍, ഗാനമേളയില്‍ വായിക്കുന്ന മാന്ത്രികനായ ഒരു യുവാവിനെ ആരും മറക്കുകയില്ല.
അറുപതുകളുടെ പാതിക്കുശേഷം, വോയ്‌സ് ഓഫ് ട്രിച്ചൂരിന്റെ പോള്‍സ് ബില്‍ഡിങ്ങിലുള്ള മാറാല പിടിച്ച ഒന്നാംനിലയിലെ മുറിയിലേക്ക് ജോണ്‍സണ്‍ കയറിവരുന്നത് ഇന്നും ഓര്‍മിക്കുന്നവരുണ്ട്. അന്ന് ആ കുട്ടി, വെറുമൊരു ഏഴാം ക്ലാസുകാരനായിരുന്നു. പക്ഷേ, ഹാര്‍മോണിയത്തില്‍, ആ വിരലുകള്‍ പതിയുമ്പോള്‍, പോള്‍സണ്‍ ചാലിശ്ശേരിയുടെ മനസ്സില്‍ സംശയം-ഇത് ബാബുക്ക(ബാബുരാജ്)യുടെ വേറെ ജന്മമാണോ?
പുല്ലാംകുഴല്‍ വാദകന്‍ വി.സി. ജോര്‍ജിന്റെ ഒപ്പം നെല്ലിക്കുന്ന് നമ്പ്രത്തങ്ങാടി അന്തോണിച്ചേട്ടന്റെ മൂത്തമകന്‍ ആദ്യം പഠിച്ചത് മാണിക്യവീണയുമായി... എന്ന ഗാനമായിരുന്നു. പിന്നീട് കാടാറുമാസം..., ഒരു പുഷ്പം മാത്രമെന്‍... എന്നീ ഗാനങ്ങള്‍. ജോണ്‍സന്റെ ഏറ്റവും വലിയ കഴിവ് ഓര്‍മയായിരുന്നുവെന്ന് ജോര്‍ജ് എപ്പോഴും പറയും. ജോര്‍ജ് കൊടുത്ത ഹാര്‍മോണിയത്തില്‍ ജോണ്‍സണ്‍ നീന്തിത്തുടിച്ചു. ഹാര്‍മോണിയമായിരുന്നു ജോണ്‍സന്റെ എല്ലാം. ഇന്നത്തെ, ആധുനിക സംഗീതജ്ഞരുടെ ഇടയിലെ അപരിഷ്‌കൃതന്‍ ജോണ്‍സനായിരുന്നു. അയാള്‍ സംഗീതം കണ്ടെടുത്തത് ഹാര്‍മോണിയത്തില്‍ നിന്നായിരുന്നു. ദേവരാജന്‍ മാസ്റ്ററും ബാബുരാജും ദക്ഷിണാമൂര്‍ത്തിയും രാഘവന്‍ മാസ്റ്ററും സംഗീതത്തെ കണ്ടെടുത്തത് ഈ പെട്ടിയില്‍നിന്നായിരുന്നു. അതിന്റെ അവസാനത്തെ പ്രജാപതിയായ വാദകന്‍ ജോണ്‍സണായിരുന്നു. പിന്നീട് വന്ന സംഗീതവംശം സാങ്കേതികസംഗീതജ്ഞരുടേതാണ്.
എഴുപതുകളില്‍ ദേവരാജന്‍ മാസ്റ്ററുടെ പിന്‍ഗാമിയും അനുയായിയുമായി കൂടിയ ജോണ്‍സനെ ആദ്യം തിരിച്ചറിഞ്ഞതും ദേവരാജന്‍ മാസ്റ്ററാണ്. ജയചന്ദ്രനാണ് ജോണ്‍സനെ മാസ്റ്ററുടെ അരികിലെത്തിച്ചത്. 30 വര്‍ഷങ്ങള്‍ക്കുമുമ്പ് ആന്റണി ഈസ്റ്റ്മാന്റെ 'ഇണയെ തേടി' എന്ന സില്‍ക്ക് സ്മിതയുടെ ചിത്രത്തില്‍ ആര്‍.കെ. ദാമോദരന്റെ വരികള്‍ക്ക് ജോണ്‍സണ്‍ ജയചന്ദ്രനെക്കൊണ്ട് പാടിച്ച് കടം വീട്ടി. ജോണ്‍സനെ അതിനിടയ്ക്കും പല സംവിധായകരും തേടിയെത്തിയിരുന്നു. അര്‍ജുനന്‍ മാസ്റ്ററും എ.ടി. ഉമ്മറുമൊക്കെ ജോണ്‍സനിലെ സംഗീതജ്ഞനെ നന്നായി അറിഞ്ഞിട്ടുണ്ട്. പക്ഷേ, ജോണ്‍സണ്‍ ദേവരാജന്‍ മാസ്റ്ററുടെ കൂടെനിന്നു. മനുഷ്യന്റെ വിരലുകള്‍ ഹാര്‍മോണിയത്തില്‍ സഞ്ചരിക്കുമ്പോള്‍ പിറക്കുന്ന പാട്ടുകളില്‍ ജോണ്‍സണ്‍ സായുജ്യം കണ്ടെത്തി.
'അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍...' കമ്പോസ് ചെയ്തപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു: 'യെവന്‍ നന്നാവുന്നുണ്ട്' അതാണ് ലോകത്തില്‍നിന്ന് കിട്ടിയ ഏറ്റവും വലിയ ബഹുമതിയെന്ന്, കണ്ടശ്ശാംകടവിലേക്ക് പോകുമ്പോള്‍ കാറില്‍ ചാരിക്കിടന്ന് ജോണ്‍സണ്‍ പറഞ്ഞു. ഞങ്ങളെ, പഴയപാട്ടുകാരന്‍ സദാനന്ദന്‍ അവിടെ കാത്തുനില്‍ക്കുകയായിരുന്നു.
അന്നു ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഗിരി പെട്ടെന്ന് പാട്ടുകള്‍ പാടി ജോണ്‍സനെ ഉന്മത്തനാക്കി. ആടി വാ കാറ്റേ..., തങ്കത്തോണി..., ഗോപികേ നിന്‍ വിരല്‍ത്തുമ്പില്‍..., സ്വര്‍ണ്ണമുകിലേ..., ദേവാങ്കണങ്ങള്‍..., കണ്ണീര്‍പ്പൂവിന്റെ കവിളില്‍ത്തലോടി... മധുരം ജീവാമൃതബിന്ദു. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...' ജോണ്‍സന്റെ മനസ്സ് ആരും അറിഞ്ഞിരുന്നില്ല. മെലഡിയുടെ ഗുല്‍മോഹറായിരുന്നു ജോണ്‍സണ്‍.