എന്തൊരു നഷ്ടം
ഔസേപ്പച്ചന്റെ ഓര്‍മകളിലൂടെ Posted on: 19 Aug 2011

ചെന്നൈ: സംഗീതലോകത്തില്‍ ജോണ്‍സൊനൊപ്പം ഏതാണ്ടൊരുമിച്ചാണ് ഞാനും കടന്നുവന്നത്. തൃശ്ശൂരിലെ പ്രമുഖ സംഗീതകൂട്ടായ്മയായ വോയ്‌സ് ഓഫ് ട്രിച്ചൂരില്‍ മ്യൂസിക് കണ്ടക്ടറുടെ റോളായിരുന്നു ജോണ്‍സണ്; ഞാനവിടെ വയലിനിസ്റ്റും. പിന്നീട് ചലച്ചിത്ര സംവിധായകനെന്ന നിലയില്‍ ജോണ്‍സണ്‍ മദ്രാസിലേക്ക് വന്നപ്പോഴും കളിക്കൂട്ടുക്കാരെന്ന നിലയിലുള്ള ആത്മബന്ധം കണ്ണിമുറിയാതെ തുടര്‍ന്നു. അദ്ദേഹത്തിന്റെ ഒട്ടേറെ ആദ്യകാല രചനകളില്‍ വയലിന്‍ വായിക്കാന്‍ എനിക്ക് അവസരം ലഭിക്കുകയും ചെയ്തു. പീന്നീട് ഞാന്‍ സംഗീതസംവിധാന മേഖലയില്‍ ചുവടുറപ്പിച്ചപ്പോള്‍ പ്രോത്സാഹനവും അഭിനന്ദനവുമേകാന്‍ ജോണ്‍സണ്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. തിരക്കുകള്‍ക്കും ജീവിതപ്രശ്‌നങ്ങള്‍ക്കുമെല്ലാമിടയിലും സ്‌നേഹത്തിന്റെ നനുത്ത സ്പര്‍ശം പരസ്പരം കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ക്കായിരുന്നു. അടുത്തിടെ ഒരു ടി.വി. ചാനലിലെ സംഗീത പരിപാടിയുടെ വേദിയിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടുപിരിഞ്ഞത്. ഇത്ര പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വേര്‍പാടിനോട് പൊരുത്തപ്പെടാനാകുന്നില്ല. പുതിയ സൃഷ്ടികളൊന്നും ചെയ്തില്ലെങ്കില്‍പ്പോലും ഇതുവരെ സംഗീതസംവിധാനം നിര്‍വഹിച്ച രചനകളുടെ മികവില്‍ മാത്രം മലയാള ചലച്ചിത്രലോകത്ത് ജോണ്‍സന്റെ നാമം ചിരപ്രതിഷ്ഠ നേടുമായിരുന്നു.
ജന്മസിദ്ധമായ പ്രതിഭാസമ്പന്നത കൊണ്ട് വേറിട്ടുനിന്ന ജോണ്‍സണ്‍, സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം ക്ലാസിക്കല്‍ നിലവാരമാര്‍ന്നവയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും അവ പകരുന്ന ആസ്വാദനാനുഭവം അതുല്യവും അമൂല്യവുമാണ്. ഞാനുള്‍പ്പെടെയുള്ള സംഗീതസംവിധായകര്‍ക്ക് മുന്നില്‍ ജോണ്‍സന്റെ സംഗീതസൃഷ്ടികള്‍ എപ്പോഴും മികച്ച പാഠപുസ്തകങ്ങളായി നിലകൊണ്ടു. ജോണ്‍സന്റെ അകാലവിയോഗം മലയാള ചലച്ചിത്രലോകത്തെ സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ്.
എനിക്ക് കൈമോശം വന്നതാകട്ടെ, സദാപ്രസന്നതയോടെ സൗഹൃദം പുലര്‍ത്തിയിരുന്ന ഉറ്റചങ്ങാതിയെയും.