രാജഹംസമേ... Posted on: 19 Aug 2011

തൃശ്ശൂര്‍: ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, രാഘവന്‍മാഷ്, ബാബുരാജ്, രവീന്ദ്രന്‍... ഇവരൊക്കെ കഴിഞ്ഞാല്‍ ആ നിരയില്‍ തിരിച്ചറിയുന്ന സ്വരം ജോണ്‍സന്റേതായിരുന്നു - സുഹൃത്തും സഹപ്രവര്‍ത്തകനുമൊക്കെയായ സംഗീത സംവിധായകന്‍ വിദ്യാധരന്‍മാസ്റ്റര്‍ ഓര്‍മ്മിച്ചു.
35 കൊല്ലം മുമ്പ് 'കല്പാന്തകാലത്തോളം...' എന്ന തന്റെ ഹിറ്റ് പാട്ടിനുവേണ്ടി ജോണ്‍സനെ ബന്ധപ്പെട്ട കാര്യം വിദ്യാധരന്‍മാസ്റ്റര്‍ സ്മരിച്ചു. 'എന്റെ ഗ്രാമം' എന്ന ആ സിനിമയിലെ റെക്കോഡിങ് മദ്രാസിലാണ് നടക്കുന്നത്. ഓര്‍ക്കസ്ട്രയ്ക്ക് ഒരാളെ വേണമെന്ന് പറഞ്ഞ് ഞാന്‍ ദേവരാജന്‍ മാഷെയാണ് സമീപിച്ചത്. അന്ന് ജോണ്‍സണ്‍ അദ്ദേഹത്തിന്റെ കൂടെയാണ്.
'വോയ്‌സ് ഓഫ് തൃശ്ശൂരിന്റെ' അവിഭാജ്യഘടകമായിരുന്ന ജോണ്‍സനെ ദേവരാജന്‍മാഷാണ് തൃശ്ശൂരില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. 'ആരെ വേണം' എന്നു ചോദിച്ചപ്പോള്‍ ഞാന്‍ ജോണ്‍സന്റെ പേരു പറഞ്ഞു. 'കല്പാന്തകാലത്തോളം...' ഉള്‍പ്പെടെ 'എന്റ ഗ്രാമം' എന്ന സിനിമയിലെ നാല് വ്യത്യസ്ത ഗാനങ്ങളുടെയും ഓര്‍ക്കസ്ട്ര നിര്‍വഹിച്ചത് ജോണ്‍സണായിരുന്നു.
അതിനും മുന്നേ തൃശ്ശൂരില്‍വെച്ച് എനിക്ക് ജോണ്‍സനെ അറിയം. എല്ലാ ഉപകരണങ്ങളും വായിക്കും. മൃദംഗം, ഫ്ലൂട്ട്, ഹാര്‍മോണിയം, ഗിറ്റാര്‍ എല്ലാം. ശാസ്ത്രീയമായ പഠനം എന്തെങ്കിലും ജോണ്‍സണുണ്ടായിരുന്നതായി എനിക്ക് അറിയില്ല. ഇപ്പോള്‍ തിരുവനന്തപുരത്തുള്ള വി.സി. ജോര്‍ജിന്റെ കീഴില്‍ കുറച്ചുകാലം ഹാര്‍മോണിയം പഠിച്ചു. പക്ഷേ, നല്ല പ്രതിഭയായിരുന്നു. ഞാന്‍ കേരളവര്‍മ്മ കോളേജില്‍ പാട്ട് പഠിപ്പിക്കുമ്പോള്‍ സെന്റ് തോമസ് കോളേജിലുള്ള ജോണ്‍സണും സംഘത്തിനും പാട്ട് നല്കിയതും ഓര്‍മ്മിക്കുന്നു. ദേവരാജന്‍ മാഷാണ് ജോണ്‍സന്റെ പ്രതിഭയെ പ്രയോഗത്തില്‍ വരുത്തിയതെന്ന് പറയാം.