ഗൗതം ഘോഷിന്റെ 'മോനെര്‍ മാനുഷി'ന് സുവര്‍ണ മയൂരം
പ്രേംചന്ദ് Posted on: 03 Dec 2010

പനാജി: പത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മികച്ച സിനിമയ്ക്കുള്ള സുവര്‍ണ മയൂരം വീണ്ടും ഇന്ത്യയ്ക്ക്. ബംഗാളി സംവിധായകനായ ഗൗതം ഘോഷിന്റെ 'മോനെര്‍ മാനുഷി'നാണ് 41-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ പുരസ്‌കാരം. നേരത്തേ 2000-ല്‍ ജയരാജ് സംവിധാനം ചെയ്ത 'കരുണ'ത്തിനാണ് ഇതേ പുരസ്‌കാരം ലഭിച്ചത്. 40 ലക്ഷം രൂപയാണ് സമ്മാനത്തുക.
പോളിഷ് സംവിധായിക ജെര്‍സി ആന്‍ട്‌സാക്ക് ചെയര്‍മാനായ അന്താരാഷ്ട്ര ജൂറിയാണ് സിനിമകള്‍ തിരഞ്ഞെടുത്തത്. ഇന്ത്യയില്‍നിന്ന് നടി രേവതിയായിരുന്നു ജൂറി അംഗം. 18 സിനിമകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഗൗതം ഘോഷിന്റെ 'മോനെര്‍ മാനുഷി'ന് പുറമെ കൗഷിക്ക് ഗാംഗുലി സംവിധാനം ചെയ്ത 'ജസ്റ്റ് എനദര്‍ ലൗ സ്റ്റോറി' മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരവും സ്വന്തമാക്കി.
ഡെന്മാര്‍ക്ക്, സ്വീഡന്‍ സംയുക്ത സംരംഭമായ 'ഇന്‍ എ ബെറ്റര്‍ വേള്‍ഡ്' സംവിധാനം ചെയ്ത സൂസന്‍ ബിയറിനാണ് മികച്ച സംവിധായികയ്ക്കുള്ള രജത മയൂരം. ഈ ചലച്ചിത്രോത്സവത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച നടനുള്ള പുരസ്‌കാരം തുര്‍ക്കി ചിത്രമായ 'ക്രോസിങ്ങി'ലെ അഭിനയത്തിന് ഗുവാന്‍ കിറിയും നടിക്കുള്ള പുരസ്‌കാരം പോളിഷ് ചിത്രമായ ലിറ്റല്‍ റോസിലെ അഭിനയത്തിന് മഗ്ദലീന ബോക്‌സാര്‍സ്‌കയും സ്വന്തമാക്കി. തൈക്ക കോഹന്‍ സംവിധാനം ചെയ്ത ന്യൂസീലന്‍ഡില്‍ നിന്നുള്ള സിനിമ 'ബോയ്'ക്കും പ്രത്യേക ജൂറി സമ്മാനമുണ്ട്.
ഇന്ത്യ, ബംഗ്ലാദേശ് സംയുക്ത സംരംഭമായ 'മോനെര്‍ മാനുഷി'ന് കിട്ടുന്ന അംഗീകാരം ഇരുരാഷ്ട്രങ്ങളുടെ സംസ്‌കാരത്തിന്റെ ഏകീഭാവത്തിന് കിട്ടുന്ന അംഗീകാരമാണെന്ന് ഗൗതം ഘോഷ് പറഞ്ഞു. സിനിമയുടെ സംവിധാനം, സംഗീതം, നൃത്തസംവിധാനം, തിരക്കഥ, ക്യാമറ എന്നിവ നിര്‍വഹിച്ചത് ഗൗതം ഘോഷ് തന്നെയാണ്. രബീന്ദ്രനാഥ ടാഗോറിന്റെ ജ്യേഷ്ഠനായ ജ്യോതീന്ദ്രനാഥ ടാഗോറും സൂഫി സംസ്‌കാരത്തിന്റെ പ്രതീകമായ ലലന്‍ ഫക്കീറും തമ്മിലുള്ള സാഹോദര്യത്തിന്റെ കഥയായ മോനെര്‍ മാനുഷ് ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിന്റെ കൂടി കഥയാണ്.
മികച്ച സംവിധായികയ്ക്ക് 15 ലക്ഷവും രജതമയൂരവും മികച്ച നടനും നടിക്കും 10 ലക്ഷം രൂപ വീതവും രജതമയൂരവും ലഭിക്കും. പ്രത്യേക ജൂറി പുരസ്‌കാരം നേടിയ രണ്ടു സിനിമകള്‍ക്കും രജതമയൂരവും 15 ലക്ഷം രൂപ തുല്യപാതിയായും വീതിച്ചുനല്കും.
സംവിധായകന്‍ കൂടിയായ ഋതുപര്‍ണഘോഷിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നു.
(ചിത്രം - ജസ്റ്റ് അനദര്‍ ലൗസ്റ്റോറി) എന്നാല്‍ ഘോഷ് അസുഖബാധിതനായത് കാരണം ചലച്ചിത്രോത്സവത്തില്‍ എത്താതിരുന്നതും നടനോ നടിക്കോ ഉള്ള പുരസ്‌കാരം 'മൂന്നാംലിംഗ'ത്തിന്റെ ഭാവങ്ങള്‍ ആവിഷ്‌കരിച്ച അഭിനയത്തിന് നല്കാനാവുമോ എന്ന ആശയക്കുഴപ്പവും പുരസ്‌കാരം ഋതുപര്‍ണഘോഷിന് ലഭിക്കുന്നത് ഇല്ലാതാക്കി എന്നാണറിയുന്നത്.
പുരസ്‌കാരങ്ങള്‍ ഗോവയിലെ മുഖ്യവേദിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, കേന്ദ്ര വാര്‍ത്താപ്രക്ഷേപണ സഹമന്ത്രി സി.എം. ജഠ്‌വ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. നടന്‍ സെയ്ഫ് അലിഖാന്‍ മുഖ്യാതിഥിയായി. നടന്‍ അര്‍ജുന്‍ രാംപാല്‍, നടിമാരായ പത്മപ്രിയ, പ്രിയാമണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജൂറി അംഗം രേവതി ജഡ്ജിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വായിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.