യുദ്ധവിരുദ്ധ സന്ദേശവുമായി 'കൗ' സ്വാതന്ത്ര്യഗീതമായി 'ഫ്രീഡം'
ഡോണ്‍ ജോര്‍ജ് Posted on: 01 Dec 2010

ഒരു പശുവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലൂടെ ജീവിതത്തിന്റെ ആഘോഷവും യുദ്ധവിരുദ്ധ സന്ദേശവും ദൃശ്യവത്കരിക്കാനാവുമോ? പുതുതലമുറ ചൈനീസ് സംവിധായകനായ ഗുവാന്‍ ഹുവിന്റെ 'കൗ' എന്ന സിനിമ പ്രഥമതലത്തില്‍ ഈ സന്ദേശങ്ങളെ ദൃശ്യഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിനൊപ്പം പ്രണയം, പ്രതിബദ്ധത തുടങ്ങി മാനവികാസ്തിത്വത്തിന്റെ വ്യത്യസ്ത മേഖലകളെ അന്യാദൃശമായ വിധത്തില്‍ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
ഒരേസമയം ഒരു നാടോടിക്കഥയുടെ ലളിതഭാവവും തത്ത്വചിന്താപരമായ കാഴ്ചപ്പാടിന്റെ സങ്കീര്‍ണതലങ്ങളും സ്പര്‍ശിക്കുന്ന ഈ സിനിമ പ്രേക്ഷകര്‍ക്ക് നൂതനമായ ദൃശ്യപരിപ്രേക്ഷ്യം സമ്മാനിക്കുന്നതായിരുന്നു. കറുത്ത ഹാസ്യവും റിയലിസത്തെ സവിശേഷമായി നിഷേധിക്കുന്ന ആഖ്യാനവും വിവിധതലങ്ങളിലുള്ള കാഴ്ചക്ക് 'കൗ'വിനെ സജ്ജമാക്കുന്നു.
രണ്ടാം ലോക മഹായുദ്ധ കാലത്താണ് കരുതല്‍ ഫ്യൂഡല്‍ സ്വഭാവം കാഴ്ചവെക്കുന്ന ഒരു ചൈനീസ് ഗ്രാമമാണ് കൗവിന് വേദിയാകുന്നത്. ജപ്പാനീസ് ബോംബിങ്ങിനൊടുവില്‍ ഈ ഗ്രാമത്തില്‍ ഭീമാകാരമുള്ള ഒരു പശുവും നിയു എര്‍ എന്ന കര്‍ഷകനും മാത്രം ബാക്കിയാവുന്നു. ഈ പശുവിനെ സംരക്ഷിക്കേണ്ട ചുമതല നിയു എറിനെ ഗ്രാമമുഖ്യനും സംഘവും ഏല്പിച്ചിട്ടുണ്ടെന്ന് ഫ്‌ളാഷ്ബാക്കിലും മനസ്സിലാക്കുന്നു.
നെതര്‍ലാന്‍ഡ്‌സില്‍നിന്ന് കൊണ്ടുവന്ന വളരെയധികം പാല്‍തരുന്ന പശു ഗ്രാമത്തിലെ ഏറ്റവും സംരക്ഷിക്കപ്പെട്ട ജീവിയായിരുന്നു. പശുവിനെ സംരക്ഷിക്കുകയെന്ന ചുമതല നിയു എറിന് അത്ര താത്പര്യമില്ലാത്ത ഒന്നാണ്. പശുവിന് കിട്ടുന്ന അംഗീകാരത്തില്‍ അയാള്‍ അസൂയാലുപോലുമായിരുന്നു. 'കമ്യൂണിസ്റ്റ് പശു'വെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡച്ച് പശുവിന് കിട്ടുന്ന അംഗീകാരം മൃഗങ്ങള്‍ക്കിടയില്‍ കമ്യൂണിസം ഇല്ലാത്തതുകൊണ്ടാണെന്ന് ഈ കര്‍ഷകന്‍ പറയുന്നുണ്ട്.

ഗ്രാമത്തില്‍ തനിച്ചായതോടെ നിയു എറും പശുവും തമ്മില്‍ വിചിത്രമായ മമതാബന്ധം രൂപപ്പെടുന്നു. തുടര്‍ന്ന് ഗ്രാമം യുദ്ധസംഘര്‍ഷം പ്രതിഫലിക്കുന്ന സൂക്ഷ്മസ്ഥലിയായി മാറുന്നു. ഗ്രാമത്തില്‍ കടന്നുവരുന്ന ജപ്പാന്‍, ചൈനീസ് പട്ടാളക്കാരും ചൈനീസ് അഭയാര്‍ഥികളുമെല്ലാം ദുരയുടെയും നൃശംസയുടെയും ഉടലെടുത്ത രൂപങ്ങളായാണ് പെരുമാറുന്നത്. പശുവിനെ കറക്കാനറിയുന്ന ജപ്പാന്‍ പട്ടാളക്കാരനാണ് ഇതിനൊരപവാദമാകുന്നത്.
ഗ്രാമത്തില്‍ കടന്നുവരുന്നവര്‍ക്കെല്ലാം പാല്‍ നല്‍കി ജീവന്റെ പ്രതീകമായി മാറുന്ന പശുവിന് തന്റെ ജീവിതം സമര്‍പ്പിക്കുകയാണ് നിയു എര്‍. യുദ്ധം അരങ്ങേറുന്ന ഗ്രാമം വിട്ട് മലനിരകളിലെ മഞ്ഞണിഞ്ഞ ദേശത്ത് നിയു എറും പശുവും സമാധാനത്തിനായി കാത്തിരിക്കുന്നു. ഒടുവില്‍ യുദ്ധത്തിന്റെ അന്ത്യം പ്രഖ്യാപിച്ച പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഗ്രാമത്തിലേക്ക് കടന്നുവരുന്നു. വിഷാദഭാവവും ഹാസ്യവും അപൂര്‍വമായവിധത്തില്‍ ഒത്തുചേരുന്ന ഈ സിനിമ ജീവിതത്തിന്റെ ആഘോഷത്തെ അനുപമമായ വിധത്തില്‍ ദൃശ്യവത്കരിക്കുന്നു.
യുദ്ധഭ്രാന്തിനിടെ ദയാലുകളാവുന്നത് ഒരു മൂകജീവിയും ഒരു പരിധിവരെ വിഡ്ഢിയായ ഒരു മനുഷ്യനുമാണെന്നത് ശ്രദ്ധേയമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമാവുന്ന തന്‍േറടിയായ ജിയു എ എന്ന കാലിയോട് നിയു എറിനുള്ള മമത പശുവിലേക്ക് പകരുന്നത് ഈ സിനിമയുടെ വിചിത്രമായ അന്തരീക്ഷ സൃഷ്ടിയെ കൂടുതല്‍ പൊലിപ്പിക്കുന്നു.
രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി ചൈനയിലെത്തുന്ന ഡച്ച് പശു ക്രൂരതയുടെ ലോകത്ത് അര്‍ഥപൂര്‍ണമായ ഒരു പ്രതീകമാവുന്നു. യുദ്ധത്തിനെതിരെ ജീവിതത്തെ ആഘോഷിക്കാന്‍ കഥപറച്ചില്‍ രീതികളെ ബഹുമാനരഹിതമായി അട്ടിമറിക്കാനും 'കൗ'വിന്റെ സംവിധായകനായിട്ടുണ്ട്.

ചലച്ചിത്ര കലയുടെ സ്വഭാവമെന്തായിരിക്കണം എന്നതിനെക്കുറിച്ച് സന്ദേഹിയായൊരു സംവിധായകനാണ് ഡേവിഡേ റഫരാറിയോ എന്ന് 'ആഫ്റ്റര്‍ മിഡ്‌നൈറ്റ്' കണ്ട പ്രേക്ഷകര്‍ക്കറിയാം. നിശ്ശബ്ദ ചലച്ചിത്രങ്ങളുടെ മ്യൂസിയത്തിലെ ഒരു ജീവനക്കാരന്റെ മറ്റു രണ്ടുപേരുമായുള്ള ഇടപെടലുകള്‍ സിനിമയുടെ നിറഞ്ഞ വെളിച്ചത്തില്‍ ചിത്രീകരിച്ച ആഫ്റ്റര്‍ മിഡ്‌നൈറ്റ്, ഫെരാറിയോയുടെ കലാപരമായ മുന്‍ഗണനകളെ വെളിപ്പെടുത്തിയിരുന്നു. ഗോവയില്‍ പ്രദര്‍ശിപ്പിച്ച 'ഫ്രീഡം' എന്ന സിനിമയില്‍ സ്വാതന്ത്ര്യം എന്ന ആശയത്തെ മാധ്യമപരിധികളില്‍നിന്നുള്ള സ്വാതന്ത്ര്യമായി കൂടി ആഘോഷിക്കുകയാണ് ഡേവിഡ് ഫെരാറിയോ.
ഇറ്റലിയിലെ ഒരു ജയിലില്‍ നാടകം സംവിധാനം ചെയ്യാനെത്തുന്ന സംവിധായികയുടെ ജീവിതത്തിലൂടെ നാടകത്തെയും സിനിമയെയും എല്ലാം സ്വാതന്ത്ര്യമെന്ന ആശയത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുകയാണ് ഫെരാറിയോ. ക്രിസ്തുവിന്റെ പീഡാനുഭവചരിത്രത്തെ പസോളിനി ശൈലിയില്‍ അവതരിപ്പിക്കണമെന്ന് പറയുന്ന പുരോഹിതന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറത്തേക്ക് തന്റെ അരങ്ങവതരണത്തെ ഉയര്‍ത്താന്‍ സംവിധായിക ശ്രമിക്കുന്നു.
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ഗീതകമെന്ന നിലയില്‍ മ്യൂസിക്കല്‍ ജനുസ്സിന്റെ ഘടനയെയാണ് തന്റെ സിനിമക്കായി ഫെരാറിയോ ഉപയോഗിക്കുന്നത്. ചിത്രത്തിന്റെ ഒടുവില്‍ നാടകത്തിലെ അഭിനേതാക്കളായ ജയിലിലെ അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ മോചനം പ്രഖ്യാപിക്കുന്നു. ഇതോടെ നാടകം അസാധ്യമാവുന്നു. എങ്കിലും അന്ത്യഅത്താഴത്തെ അനുസ്മരിപ്പിക്കുന്ന ഒരു വിരുന്നില്‍ അവര്‍ തങ്ങളുടെ മനസ്സിനെയും ശരീരത്തെയും സ്വതന്ത്രമാക്കിയ സംവിധായകന് നന്ദി പറയുന്നു.
എന്നാല്‍ ചിത്രത്തിനൊടുവില്‍ തടവുകാരുടെ സ്വാതന്ത്ര്യമെന്നത് സിനിമക്കുള്ളിലെ കഥയില്‍ സംഭവിക്കുന്നതാണെന്ന സൂചന നല്‍കി ഫ്രീഡത്തിന്റെ യഥാര്‍ഥ പിന്നണി പ്രവര്‍ത്തകരെ നാം കാണുന്നു. നിങ്ങള്‍ കാണുന്നത് ഒരു ചലച്ചിത്രമാണെന്ന തോന്നല്‍ പ്രേക്ഷകരിലുണ്ടാക്കുമ്പോഴും സിനിമയും നാടകവുമെല്ലാം സൃഷ്ടിക്കുന്ന കാഴ്ചയുടെ ആനന്ദത്തിലേക്ക് പ്രേക്ഷകരെ വീഴ്ത്താന്‍ ഈ സിനിമക്കാവുന്നു. അന്തിമമായി കലാനുഭവം സൃഷ്ടിക്കുന്ന വ്യാജമോ യഥാര്‍ഥമോ ആയ സ്വാതന്ത്ര്യത്തിലേക്കും ഈ സിനിമ പ്രേക്ഷകനെ ഉണര്‍ത്തുന്നു.