ചലച്ചിത്രോത്സവം വ്യാഴാഴ്ച കൊടിയിറങ്ങും
Posted on: 01 Dec 2010

പനാജി: 41-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച വൈകിട്ട് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ കൊടിയിറങ്ങും. അന്താരാഷ്ട്ര മത്സരചിത്രങ്ങളില്‍ മൂന്നു സിനിമകള്‍ ഇന്ത്യയുടെ പ്രതീക്ഷയായുണ്ട്. കൗഷിക്ക് ഗാംഗുലിയുടെ 'ജസ്റ്റ് എനദര്‍ ലൗ സ്റ്റോറി' ഗൗതം ഘോഷിന്റെ 'മോഹെര്‍ മനുഷ്', ഉമേഷ് വിനായക് കുല്‍ക്കര്‍ണിയുടെ 'വിഹിര്‍' എന്നിവയാണിവ. ഇന്ത്യയില്‍ നിന്നും നടി രേവതിയാണ് ജൂറിയിലുള്ളത്. പോളിഷ് സംവിധായകനായ ജയ്‌സി ആന്‍ട്‌സാക് ആണ് ജൂറി ചെയര്‍മാന്‍.
ബെര്‍ട്ടാന്റ് ടവനിയറിന്റെ 'ദ പ്രിന്‍സ് ഓഫ് മോണ്‍ട് പെല്‍സിയര്‍' എന്ന ഫ്രഞ്ച് സിനിമയാണ് സമാപന ചിത്രം. കേന്ദ്രമന്ത്രി ചൗധരി മോഹന്‍ ജത്‌വ പങ്കെടുക്കുന്ന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ ബജ്‌വയും നീതു ചന്ദ്രയും അവതാരകരാവും. നടി ഗ്രേസി സിങ്ങിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികളുമുണ്ടാകും.

61 രാജ്യങ്ങളില്‍ നിന്നായി 300 ലേറെ സിനിമകള്‍ പങ്കെടുത്ത ചലച്ചിത്രോത്സവത്തില്‍ ഹൃസ്വ ചിത്രവിഭാഗത്തില്‍ മൂന്നു പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയാണ് മലയാളം ശ്രദ്ധ പിടിച്ചുപറ്റിയത്. വസുധ പുരസ്‌കാരം ബാബു കാബ്രത്തും സുമജോസണും പങ്കുവെച്ചപ്പോള്‍ പ്രത്യേക ജൂറി സമ്മാനം സംഗീത പത്മനാഭന് ലഭിച്ചു.
മലയാളി സംവിധായകരായ എം.പി. സുകുമാരന്‍ നായര്‍, ലെനിന്‍ രാജേന്ദ്രന്‍, ശ്യാമപ്രസാദ്, എം.ജി. അന്നൂര്‍, ജിത്തു ജോസഫ്, വി.കെ. പ്രകാശ്, പ്രേംലാല്‍ എന്നിവര്‍ ചലച്ചിത്രോത്സവത്തില്‍ സജീവ പങ്കാളികളായി. സ്വന്തം സിനിമകളില്ലാതെ തന്നെ രഞ്ജിത്തും ലാല്‍ ജോസും സിനിമകള്‍ കാണാനെത്തി.
പത്മപ്രിയ, ഗീതുമോഹന്‍ദാസ്, വിനീത് തുടങ്ങിയ വിരലിലെണ്ണാവുന്ന താരങ്ങള്‍ മാത്രമാണ് സജീവമായി രംഗത്തുണ്ടായിരുന്നത്. പൃഥ്വിരാജ് രാവണന്റെ പ്രദര്‍ശനം കഴിഞ്ഞ ഉടന്‍ മടങ്ങി. നടന്‍ ജയറാം ഉദ്ഘാടനച്ചടങ്ങിലും പനോരമ ഉദ്ഘാടനത്തിനും പങ്കെടുത്ത് മടങ്ങി. ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരനും ഫിലിം ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് രവി കൊട്ടാരക്കരയും ഫിലിം ഇന്‍ഡസ്ട്രിയുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.