ആഖ്യാനാത്മക സിനിമയെ ധിക്കരിച്ച് കിയരോസ്താമിയും ഗൊദാര്‍ദും
ഡോണ്‍ ജോര്‍ജ് Posted on: 01 Dec 2010

ചലച്ചിത്ര കലയുടെ ലക്ഷ്യം കഥ പറയുകയല്ലെന്ന് ഇനിയും സൂചിപ്പിക്കേണ്ട കാര്യമില്ല. എന്നാല്‍ ആഖ്യാനാത്മക സിനിമ മരിച്ചെന്ന പ്രഖ്യാപനങ്ങള്‍ക്കിടയിലും ഇന്ന് ഫിലിം ഫെസ്റ്റിവല്‍ സര്‍ക്യൂട്ടില്‍ അംഗീകാരം നേടുന്നത് 'ലളിത സുന്ദര' സിനിമകള്‍ തന്നെയാണ്. കഥ പറച്ചില്‍ സിനിമകളുടെ പരിധികളെ അതിലംഘിച്ച ഇന്നത്തെ പ്രമുഖ സംവിധായകര്‍ പലരും ദൃശ്യഭാഷയിലെ പരീക്ഷണങ്ങളിലൂടെ ആഖ്യാനത്തിന് ഉപരിപ്ലവമായ പുതുമ പകരാന്‍ മാത്രമേ ശ്രമിക്കുന്നുള്ളൂ.
എന്നാല്‍ ഇത്തവണ കാന്‍ ചലച്ചിത്രമേളയില്‍ നിന്ന് ഗോവയിലെത്തിയ രണ്ട് മാസ്റ്റേഴ്‌സിന്റെ സിനിമകള്‍ ആഖ്യാനാത്മക സിനിമയോട് കടുത്ത അവിശ്വാസം പ്രഖ്യാപിക്കുന്നു. ഗൊദാര്‍ദ് ഏറെക്കാലമായി ഈ വഴിയിലാണെങ്കില്‍, തന്റെ ആദ്യ യൂറോപ്യന്‍ സിനിമ കഥ പറച്ചില്‍ സിനിമകള്‍ക്കെതിരെയുള്ള വിധിയെഴുത്ത് നടത്താന്‍ വിനിയോഗിച്ചിരിക്കുകയാണ് ഇറാനിയന്‍ സംവിധായകനായ അബ്ബാസ് കിയരോസ്താമി.പ്രതിനിധാനത്തിലെ പ്രതിസന്ധികളെ കുറിച്ച് അനുധ്യാനം ചെയ്യുകയാണ് ഇവരുടെ സിനിമകള്‍.
1999 ല്‍ പുറത്തിറങ്ങിയ 'ദ വിന്‍ഡ് വില്‍ കാരി അസി'ലൂടെ തന്നെ നരേറ്റീവ് സിനിമയുടെ ചട്ടക്കൂടുകളെ കിയരോസ്താമി ചോദ്യം ചെയ്യാനാരംഭിച്ചെങ്കിലും പുതിയ നൂറ്റാണ്ടില്‍ ഇത്തരം സിനിമയുടെ ആവശ്യകതയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ മാറി. 'ടെന്‍' മുതല്‍ 'ഷെറിന്‍' വരെയുള്ള പുതിയ സഹസ്രാബ്ദത്തിലെ അദ്ദേഹത്തിന്റെ സിനിമകളുടെ തുടര്‍ച്ചയായി ഗോവയില്‍ പ്രദര്‍ശിപ്പിച്ച 'സര്‍ട്ടിഫൈഡ് കോപ്പി'യെ കാണാവുന്നതാണ്.
ഗൊദാര്‍ദിനെ പോലെ ശ്ലഥ ദൃശ്യങ്ങളുടെ സമാഹാരത്തെ ചര്‍ച്ചയുടെ നൂലില്‍ കൊരുക്കുന്ന രീതി കിയരോസ്താമി പിന്തുടരുന്നില്ലെങ്കിലും ചലച്ചിത്രകലയുടെ ലക്ഷ്യങ്ങളെ ക്കുറിച്ച് ഏറെ സന്ദേഹിയായ സംവിധായകനെയാണ് നമുക്ക് 'സര്‍ട്ടിഫൈഡ്‌കോപ്പി'യില്‍ കാണാനാവുക. ദൃശ്യങ്ങളുടെയും ജനുസ്സുകളുടെയും മാധ്യമരീതികളുടെയും ആധിക്യ കാലത്ത്, വെറുതെ ആഖ്യാനാത്മക സിനിമകളെന്തിനെന്ന് ഇവര്‍ ചിന്തിക്കുന്നു. അടിസ്ഥാനപരമായി സിനിമ പ്രതിലോമകരമാണോ എന്ന പഴയ ചോദ്യത്തെ ഇവര്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെറിയുന്നു.

പ്രതിനിധാനത്തിന്റെ പ്രതിസന്ധിയെന്ന വിഷയത്തെ നേരിട്ട് എതിരിടാന്‍വേണ്ടി കിയരോസ്താമി തയ്യാര്‍ ചെയ്ത സിനിമയാണ് 'സര്‍ട്ടിഫൈഡ് കോപ്പി'. യഥാര്‍ഥമേത്, പകര്‍പ്പേത് എന്ന ചോദ്യമുന്നയിച്ചു കൊണ്ടാണ് ഈ സിനിമ ആരംഭിക്കുന്നത്. ഒരു കലാസൃഷിയും അതിന്റെ പകര്‍പ്പും ആസ്വാദകരുടെ പ്രതികരണത്തില്‍ മാറ്റമുണ്ടാക്കേണ്ടതുണ്ടോ ? പകര്‍പ്പായാലും 'ഒറിജിനലാ'യാലും പാഠത്തിനു മുകളില്‍ നടക്കുന്ന വായനകളല്ലേ കൂടുതല്‍ പ്രസക്തമാവുന്നത്.
സമയത്തിലൂടെ, വ്യത്യസ്തരായ ആസ്വാദകരിലൂടെ കലാസൃഷ്ടി പരിണമിക്കുന്നതെങ്ങനെയെന്ന നീരിക്ഷണമല്ലേ, കലാസൃഷിയില്‍ രചയിതാവിന്റെ അര്‍ഥനിക്ഷേപത്തിന്റെ വ്യാഖ്യാനത്തെക്കാള്‍ പ്രസക്തമായത് ? വിശാലമായ സാംസ്‌കാരിക അന്തരീക്ഷത്തിലേക്ക് വീഴുന്ന പാഠത്തെ കലാകാരനില്‍ നിന്നും വേറിട്ട് സ്വതന്ത്ര അസ്തിത്വം നല്‍കിയല്ലേ മനസ്സിലാക്കേണ്ടത് ? ആധുനികോത്തര ചിന്താപരിസരത്ത് ഏറെ പരിചിതമായ ഈ വാദഗതികളെല്ലാം കിയരോസ്താമിയുടെ സിനിമയില്‍ ഇടം കാണുന്നു.
പകര്‍പ്പിനെയും ഒറിജിനലിനെയും ഒരേ തലത്തില്‍കാണുന്നതില്‍ നിന്ന് ആസ്വാദകരെ പിന്തിരിപ്പിക്കുന്നത് പരമ്പരാഗത കലാസ്വാദനത്തിന്റെ സത്യത്തെ കുറിച്ചും യാഥാര്‍ഥ്യത്തെ കുറിച്ചുമുള്ള നിഷ്‌കളങ്ക നിലപാടുകളാണെന്ന് വാദിക്കുന്ന ജെയിംസ് മില്ലര്‍ എന്ന ബ്രിട്ടീഷ് ചിന്തകന്‍ തന്റെ 'സര്‍ട്ടിഫൈഡ് കോപ്പി' എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കാന്‍ ഇറ്റലിയിലെത്തുന്ന ദൃശ്യങ്ങളിലാണ് ഈ സിനിമ ആരംഭിക്കുന്നത്.
ഇദ്ദേഹത്തിന്റെ പരിപാടിക്കെത്തിയ, കലാസൃഷ്ടികളുടെ പകര്‍പ്പുകള്‍ വില്‍ക്കുന്ന കഥാപാത്രത്തിന് (ജൂലിയറ്റ് ബിനോഷെ) ഇദ്ദേഹത്തോട് പരിപാടിക്കെത്തിയ, കലാസൃഷ്ടികളുടെ പകര്‍പ്പുകള്‍ വില്‍ക്കുന്ന കഥാപാത്രത്തിന് (ജൂലിയറ്റ് ബിനോഷെ) ഒരു രഹസ്യാകര്‍ഷണമുണ്ട്. ചര്‍ച്ചയ്ക്കു ശേഷം ബിനോഷെ അവതരിപ്പിക്കുന്ന കഥാപാത്രം മില്ലറെ ഒരു യാത്രയ്ക്കു കൊണ്ടുപോകുന്നു.
പുസ്തകത്തിലെ ആശയങ്ങളെക്കുറിച്ച് ഇരുവരും തമ്മില്‍ ആരംഭിച്ച ചര്‍ച്ച പിന്നീട് ഇരുവരുടെയും വ്യക്തിജീവിതത്തിലേക്ക് കടക്കുന്നു. ഇരുവരും ദമ്പതിമാരാണെന്ന് ഒരു ഷോപ്പിലെ സ്ത്രീ തെറ്റിദ്ധരിക്കുന്നതോടെ ഇരുവരും ഭാര്യയും ഭര്‍ത്താവുമെന്ന പോലെ അഭിനയിച്ചു തുടങ്ങുന്നു. ഭര്‍ത്താവിന്റെ 'പകര്‍പ്പായി' മില്ലറെ കണ്ടുതുടങ്ങുന്ന കളി യാഥാര്‍ഥ്യത്തിലേക്ക് കടക്കുന്നതോടെ വിചിത്രമായ പരിണാമത്തിലേക്ക് സിനിമ നീങ്ങുന്നു.
ആശയങ്ങളുടെ സിനിമ എന്ന ലക്ഷ്യത്തെ പ്രാപിക്കുമ്പോഴും ലളിതമായ തലത്തിലല്ലാതെ ഈ ആശയങ്ങള്‍ക്ക് ദൃശ്യപരിഭാഷ നല്‍കുന്നതില്‍ ഈ സിനിമ വിജയിക്കുന്നില്ല എന്നിടത്താണ് 'സര്‍ട്ടിഫൈഡ് കോപ്പി' പ്രേക്ഷകരെ ഞെട്ടിക്കുന്നതില്‍ പരാജയപ്പെടുന്നത്. ചര്‍ച്ചകള്‍ സമകാലിക ചിന്താലോകത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടെങ്കിലും അക്കാദിക ലോകത്തിന് വ്യത്യസ്തമായ കാഴ്ചകളൊന്നും സമ്മാനിക്കുന്നില്ല.
റിച്ചാര്‍ഡ് ലിങ്ക്‌ലേകറുടെ ബിഫോര്‍ സണ്‍റൈസ്/ സണ്‍സെറ്റ് സിനിമകളെയും റോസല്ലിനിയുടെ 'ജേര്‍ണി ടു ഇറ്റലി'യുടെയും ഘടനയെ അനുസ്മരിപ്പിക്കുന്ന സര്‍ട്ടിഫൈഡ് കോപ്പി കിയരോസ്താമിയുടെ സിനിമകളുടെ കൈയൊപ്പുമുദ്രകളും പേറുന്നുണ്ട്. കിയരോസ്താമിയുടെ ആദ്യകാല സിനിമകളില്‍ തന്നെയുള്ള യാത്രാമുദ്രകളുംവാഹനങ്ങള്‍ക്കകത്തെ നീണ്ട ചര്‍ച്ചകളും, ലോംഗ്‌ഷോട്ടിന്റെ സാര്‍ഥക പ്രയോഗവുമെല്ലാം ഈ സിനിമയിലും കാണാവുന്നതാണ്.

ഇറാനിയന്‍ സിനിമയുടെ ലാളിത്യത്തിനുമേല്‍ യൂറോപ്യന്‍ ബൗദ്ധികതയുടെ പുതപ്പുവിരിച്ചു കൊടുത്ത കിയരോസ്താമി സമ്പൂര്‍ണമായി യൂറോപ്യനാകുന്ന സിനിമ ബൗദ്ധിക പ്രഭ പടര്‍ത്തുമ്പോഴും ദൃശ്യഭാഷയില്‍ കോളിളക്കമൊന്നും സൃഷ്ടിക്കുന്നില്ല.ഗൊദാര്‍ദിന്റെ 'ഫിലിം സോഷ്യലിസം' എന്ന സിനിമയുടെ ഇംഗ്ലീഷ് സബ് ടൈറ്റിലില്ലാത്ത പ്രിന്റാണ് ഗോവയിലെത്തിയതെന്നത് പ്രേക്ഷകരെ തുടക്കത്തില്‍ തന്നെ നിരാശരാക്കി. സംഭാഷണ പ്രധാനമാണ് ഈ സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും.
'ഔവര്‍ ഹ്യുമാനിറ്റീസ്' എന്ന അവസാന ഭാഗം ഈജിപ്ത്, പലസ്തീന്‍, ഒഡേസ്സ, ഹെലാസ്, നേപ്പിള്‍സ്, ബാര്‍സലോണ എന്നീ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ ഒരു മിശ്രണമാണ്. ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍ അടക്കമുള്ള സിനിമകളിലെ ദൃശ്യങ്ങളും പാഠ ഭാഗങ്ങളും ഒക്കെ സങ്കലനം ചെയ്തുകൊണ്ടുള്ള ഈ ദൃശ്യപഥം ഗൊദാര്‍ദിന്റെ കടുത്ത ആരാധകരെ സംതൃപ്തിപ്പെടുത്തിയേക്കും.
എന്നാല്‍ പ്രതിനിധാനത്തിലെ പ്രത്യയശാസ്ത്ര പ്രതിസന്ധിയെക്കുറിച്ച് ബോധവാനായ പ്രേക്ഷകന് ഈ ദൃശ്യപഥം പുതിയ പരിപ്രേക്ഷ്യമൊന്നും സമ്മാനിക്കില്ല. എങ്കിലും മാധ്യമ പരിധികളെ ലംഘിക്കാന്‍ ചലച്ചിത്ര കലയിലെ രണ്ട് പ്രമുഖര്‍ നടത്തുന്ന ശ്രമങ്ങളെന്ന നിലയില്‍ ഈ സിനിമകള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.