Mathrubhumi Logo
  iffi2010 head

ബാബു കാമ്പ്രത്തിനും സുമജോസണും വസുധ പുരസ്‌കാരം

പ്രേം ചന്ദ്‌ Posted on: 01 Dec 2010

പനാജി: ഗോവയില്‍ മലയാളിത്തിളക്കം. ഹ്രസ്വചിത്രമത്സരഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മൂന്നു ബഹുമതികള്‍ സ്വന്തമാക്കി മലയാളി സംവിധായകര്‍ ഇഫി- 2010ല്‍ മികവ് തെളിയിച്ചു. വസുധ പുരസ്‌കാരത്തിനുള്ള പരിസ്ഥിതി ചിത്രങ്ങളുടെ മത്സരത്തിലാണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടി ബാബു കാമ്പ്രത്തും സുമജോസണും പുരസ്‌കാരം പങ്കുവെച്ചത്. ഒന്നരലക്ഷം രൂപ വീതമാണ് സമ്മാനത്തുക. അന്താരാഷ്ട്ര ഹ്രസ്വചിത്രമത്സരത്തില്‍ സംഗീത പത്മനാഭന് രണ്ടു ലക്ഷം രൂപയുടെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.

വടക്കന്‍ കേരളത്തിലെ പ്രകൃതി കൃഷിയുടെ കഥപറയുന്ന 'കൈപ്പാട്' എന്ന ഹ്രസ്വചിത്രം ബാബു കാമ്പ്രത്തിനെയും ഒറീസ്സയിലെ കുന്നുകള്‍ ഇടിച്ചുനിരത്തിയുള്ള ഖനനത്തിന്റെ ഇരുണ്ട മുഖം വെളിച്ചതു കൊണ്ടുവന്ന 'നിയംഗിരി യു.ആര്‍. സ്റ്റില്‍ എ ലൈവ്' സുമജോസണെയും വസുധ അവാര്‍ഡിന് അര്‍ഹരാക്കി. സത്യജിത്ത്‌റായിയുടെ 'ചാരുലത'യുടെ കഥ ബാക്കി ആവിഷ്‌കരിച്ച 'ചാരുലതയുടെ ബാക്കി'യാണ് സംഗീതയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരത്തിന് വഴിയൊരുക്കിയത്. ഇതിലെ പ്രധാന നടി പത്മപ്രിയയും ചടങ്ങിനെത്തിയിരുന്നു.

നരേഷ്‌ബേദി ചെയര്‍മാനായുള്ള ജൂറിയാണ് വസുധ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. അന്താരാഷ്ട്ര ഹ്രസ്വചിത്രമത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ ഗൗതംഘോഷായിരുന്നു. മികച്ച ഹ്രസ്വചിത്രത്തിനുള്ള ഗോള്‍ഡന്‍ ലാമ്പ് അവാര്‍ഡ് ഫെര്‍ണാണ്ടോ യൂസോണ്‍ ഫോര്‍ണീസിന്റെ സ്​പാനിഷ് ചിത്രമായ 'എക്‌സ്ടിങ്ഷന്‍ കക നാണ് ലഭിച്ചത്. അഞ്ചുലക്ഷം രൂപയും ഗോള്‍ഡന്‍ ലാമ്പുമാണ് സമ്മാനം. ഉമേഷ് അഗര്‍വാളിന്റെ 'ഇന്‍ക്യുറബിള്‍ ഇന്ത്യ'യ്ക്കാണ് സില്‍വര്‍ലാമ്പ്. മൂന്നുലക്ഷം രൂപയാണ് സമ്മാനത്തുക.

ഷോര്‍ട്ട് ഫിലിം സെന്ററില്‍ നടന്ന ചടങ്ങില്‍ യു.ബി. ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ്മല്ല്യ മുഖ്യാതിഥിയായി. ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, മനോജ് ശ്രീവാസ്തവ, സഞ്ജയ് ശ്രീവാസ്തവ തുടങ്ങിയവര്‍ സംസാരിച്ചു. ജൂറി റിപ്പോര്‍ട്ടുകള്‍ നരേഷ്‌ബേദിയും ഗൗതംഘോഷും അവതരിപ്പിച്ചു. ഇന്ത്യന്‍ ഡോക്യുമെന്ററി അസോസിയേഷന്‍ പ്രസിഡന്റ് മൈക്ക് പാണ്ഡേ സംസാരിച്ചു.



ganangal
photogallery


മറ്റു വാര്‍ത്തകള്‍

  12 »
Discuss