ഏകാന്തദുഃഖത്തിന്റെ മേഖലയില്‍ ഒരുസിനിമ
ഡോണ്‍ ജോര്‍ജ് Posted on: 29 Nov 2010
മരണാനുഭവത്തിന്റെ ദുരൂഹഭാവം അടിമുടി നിറഞ്ഞുനില്‍ക്കുന്ന ഒരുസിനിമ. ഹംഗറിയില്‍ നിന്നുള്ള പ്രമുഖ സംവിധായിക ആഗ്‌നസ് കോസിസിന്റെ 'അഡ്രിയന്‍ പല്‍' മരണാസന്നരുടെ വാര്‍ഡില്‍ ജോലിചെയ്യുന്ന ഒരു നഴ്‌സിന്റെ ജീവിതത്തിലൂടെ മരണത്തോട് അത്രമേല്‍ അടുത്തുനില്‍ക്കുന്ന മേഖലകളുടെ ദൃശ്യഭാഷ്യം തീര്‍ക്കുകയാണ്. മരണഗന്ധമുള്ള ആസ്പത്രിക്കുള്ളിലെ ജീവിതത്തിന്റെ ഏകതാനതയും വൈരസ്യവും ഒരു മനുഷ്യനെ മാറ്റിമറിക്കുന്നതെങ്ങിനെയെന്ന് അനാദൃശ്യമായ അച്ചടക്കത്തോടെ അഡ്രിയന്‍ പല്‍ ചിത്രീകരിക്കുന്നു. ഇക്കഴിഞ്ഞ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രംഅസാധാരണമായ അന്തരീക്ഷസൃഷ്ടികൊണ്ടാണ് കാഴ്ചയുടെ പുതിയ തീരങ്ങള്‍ സമ്മാനിക്കുന്നത്.

കറുപ്പും വെളുപ്പും ചാരനിറവും ഉടനീളം നിറഞ്ഞുനില്‍ക്കുന്ന ഈ സിനിമ അനവധാനതയോടെയുള്ള ചലച്ചിത്ര കാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നില്ല. ക്ഷമയോടെ ചിത്രത്തിന്റെ അനുഭവത്തിലേക്ക് മുങ്ങാംകുഴിയിടുന്നവര്‍ക്ക് ഈ ചിത്രം മരണത്തെയും ജീവിതത്തെയും കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ നല്കും. മരണവുമായി നിരന്തരം ഇടപെടുന്ന ഒരു ജീവിതത്തിന് കൃത്യമായ ചലച്ചിത്ര പരിഭാഷ നല്കാവുനാന്നിടത്താണ് ഈ ചിത്രം വ്യത്യസ്തത പൂകുന്നത്.
അന്ത്യം കാത്തുകിടക്കുന്ന രോഗികളുടെ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന, അസാധാരണമായവിധത്തില്‍ മേദസ്സുറ്റ ശരീരമുള്ള പിരോസ്‌ക എന്ന നഴ്‌സിന്റെ ജീവിതമാണ് ഈ സിനിമയ്ക്ക് ആധാരം. ഏതാണ്ടെല്ലാ ദിവസവും ഒരാളെങ്കിലും മരിക്കുന്ന വാര്‍ഡില്‍, തീര്‍ത്തും വികാരരഹിതയായാണ് പിരോസ്‌ക ജോലി ചെയ്യുന്നത്. വൈരസ്യം തൊട്ടറിയാവുന്ന ഈ ജീവിതം അവളുടെ ദാമ്പത്യത്തിലും തുടരുകയാണ്. അതിനിടെ പിരോസ്‌കയുടെ ബാല്യകാലസുഹൃത്തായ അഡ്രിയന്‍പല്ലിന്റെ പേരുള്ള ഒരു രോഗി ആസ്പത്രിയിലെത്തുന്നു. ഇതവളുടെ സുഹൃത്തെങ്കിലും പിരോസ്‌ക തന്റെ അപര എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ആത്മസുഹൃത്തിനെ തേടി അന്വേഷണം തുടങ്ങുന്നു. അവളുടെ ദാമ്പത്യത്തിന്റെ തകര്‍ച്ചയ്ക്കുവരെ വഴിവെക്കുന്ന, ലക്ഷ്യംകാണാത്ത അന്വേഷണം തീര്‍ത്തും വ്യത്യസ്തമായൊരു മുന്‍കാല ജീവിതമുള്ള പിരോസ്‌കയെ പ്രേക്ഷകര്‍ക്ക് കാട്ടിക്കൊടുക്കുന്നു. അഡ്രിനലിനുവേണ്ടിയുള്ള ഈ യാത്ര പിരോസ്‌കയുടെ അറിയാത്ത ഭൂതകാലത്തിലേക്കാണ് പ്രേക്ഷകനെ നയിക്കുന്നത്. മനുഷ്യര്‍ അവരുടെ ജീവിതങ്ങളിലൂടെ അടിമുടി മാറിപ്പോവുന്നതെങ്ങനെയെന്ന് ഈ ചിത്രം വരച്ചുകാട്ടുന്നു.
ഹൃദയരേഖകളുടെ അനേകം മോണിട്ടറുള്ള റൂമിലിരിക്കുന്ന പിരോസ്‌ക നീണ്ട ഇടനാഴിയിലൂടെ മൃതദേഹങ്ങളുമായി ശവമുറിയിലേക്ക് നീങ്ങുന്ന പിരോസ്‌ക, ആത്മസുഹൃത്തിനെ തിരഞ്ഞ് നരച്ച ഭൂഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന പിരോസ്‌ക എന്നിങ്ങനെ ഏകതാനതയുടെയും വൈരസ്യത്തിന്റെയും ചങ്കില്‍ത്തൊടുന്ന ചിത്രീകരണം ചലച്ചിത്ര മാധ്യമത്തിനുമേല്‍ അസാധാരണ വൈദഗ്ദ്ധ്യമുള്ള സംവിധായികയെയാണ് പ്രേക്ഷകര്‍ക്ക് കാട്ടിക്കൊടുക്കുന്നത്. മാനവിക അസ്തിതത്വത്തിന്റെ അനിശ്ചിതാവസ്ഥയെ സ്പര്‍ശിച്ചറിയാവുന്ന ഈ സിനിമ, പരമ്പരാഗത റിയലിസഘടനയെ അതിന്റെ ഏറ്റവും തീക്ഷ്ണതലങ്ങളിലേക്ക് എത്തിക്കുന്നു.