Mathrubhumi Logo
  iffi2010 head

ചിത്രങ്ങള്‍ കൂടി; തിരഞ്ഞെടുപ്പ് പിഴച്ചു

ഡോണ്‍ ജോര്‍ജ്‌ Posted on: 29 Nov 2010


300 ലധികം ചിത്രങ്ങളോടെ ചരിത്രത്തിലെ ഏറ്റവും വലിയ മേളയായി ഇത്തവണത്തെ ഇന്ത്യയുടെ അന്തര്‍ദേശീയ ചലച്ചിത്രമേള മാറിയെന്നാണ് സംഘാടകരുടെ അവകാശവാദം. എന്നാല്‍ തിരഞ്ഞെടുപ്പിലെ പാളിച്ചകള്‍ മികച്ച സിനിമകളുടെ അഭാവത്തിലാണ് കലാശിച്ചത്. റെട്രോകളും രാജ്യങ്ങളെ ആധാരമാക്കിയ പാക്കേജുകളും ആശ്വാസം പകര്‍ന്നെങ്കിലും സമകാലിക ലോക സിനിമാവിഭാഗം പ്രതീക്ഷക്കൊത്തുയര്‍ന്നുവെന്ന് പറയാനാവില്ല. റെട്രോസ്‌പെക്ടീവുകളില്‍ യാന്‍ യാകൂപ് കോള്‍സ്‌ക്കിയുടേതുമാത്രമാണ് സമഗ്രമെന്ന വിശേഷണത്തിന് അര്‍ഹതനേടുന്നത്. കാന്‍ ചലച്ചിത്രമേളയില്‍ നിന്നുള്ള പാക്കേജും പ്രേക്ഷകര്‍ക്ക് ആശ്വാസം പകര്‍ന്നില്ല. 2011ലെ വിദേശ ചിത്രങ്ങളുടെ ഓസ്‌കറിനുള്ള മത്സരത്തിന് വിവിധരാജ്യങ്ങളില്‍ നിന്ന് സമര്‍പ്പിച്ച ചിത്രങ്ങളില്‍ വെറും മൂന്നെണ്ണം മാത്രമാണ് ഗോവയിലെത്തിയിരിക്കുന്നത്.

കാനിലെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ 19 സിനിമകളില്‍ ആറു സിനിമകള്‍ ഗോവയിലെത്തിക്കാനായി എന്ന് സംഘാടകര്‍ക്ക് അഭിമാനിക്കാം. എന്നാല്‍ കാനില്‍ ഏറെ മാധ്യമചര്‍ച്ച നേടിയ സേവിയര്‍ ബുപോയിസിന്റെ 'ഓഫ് ഗോഡ്‌സ് ആന്‍ഡ് മെന്‍' റാക്വിഡ് ബൗച്ചറെബിന്റെ 'ഔട്ട് സൈഡ് ദി ലോ' എന്നീ ചിത്രങ്ങള്‍ ഗോവയിലെത്തിക്കാന്‍ സംഘാടകര്‍ക്കായില്ല.


സമകാലിക അന്തര്‍ദേശീയ മേളകളിലെ താരമായ അലഹാന്ദ്രോ ഗൊണ്‍സാലസ് ഇനാരിത്തുവിന്റെ 'ബ്യൂട്ടിഫുള്‍' ബ്രിട്ടനില്‍ നിന്നുള്ള വിഖ്യാത സംവിധായകന്‍ മൈക്ക് ലീയുടെ അനദര്‍ ഇയര്‍, നടനും സംവിധായകനുമായ മാത്യു അമാല്‍റിക്കിന്റെ ഏറെ ശ്രദ്ധനേടിയ 'ഓണ്‍ ടൂര്‍', ഏറെ പ്രശസ്തമായ ബര്‍ണ്‍ഡ് ബൈ ദ സണ്ണിന്റെ രണ്ടാം ഭാഗം, ലീ ചാങ് ഫോണ്ടിന്റെ 'പോയട്രി', വാങ് സിയാവോ ഷുപായിയുടെ 'ചോങ്കിങ് ബ്ലൂസ്' എന്നീ സിനിമകള്‍ കാനില്‍ നിന്ന് ഗോവയിലെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയില്ല. ഇതില്‍ 'ഓഫ് ഗോള്‍ഡ് ആന്‍ഡ് മെന്‍' ഗ്രാന്‍ഡ് പ്രീ പുരസ്‌കാരവും 'ഓണ്‍ ടൂര്‍' മികച്ച സംവിധായകനുമുള്ള പുരസ്‌കാരവും 'പോയട്രി' മികച്ച തിരക്കഥക്കുള്ള അവാര്‍ഡും 'ബ്യൂട്ടിഫുള്‍' മികച്ച നടനുള്ള പുരസ്‌കാരവും കാനില്‍ നേടിയ ചിത്രങ്ങളാണ്. മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ പാം നേടിയ 'അങ്കില്‍ ബൂണ്‍മീ...' യെ ഗോവയിലെത്തിക്കാനായി എന്ന് സംഘാടകര്‍ക്ക് എതിര്‍വാദമുന്നയിക്കാവുന്നതാണ്.

ബര്‍ലിന്‍ ചലച്ചിത്രമേളയുടെ മത്സരയിനതില്‍ നിന്ന് പൊളാന്‍സ്‌കിയുടെ 'ഗോസ്റ്റ റൈറ്ററും' വാങ് ക്വാനന്റെ എപ്പാര്‍ട്ട് ടുഗെദറും മാത്രമാണ് ഗോവയിലെത്തിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ തുര്‍ക്കി സംവിധായകന്‍ കസമിഹ് കപ്ലനേഗഌവിന്റെ 'ഹണി' മൈക്കല്‍ വിന്റെര്‍ ബോട്ടത്തിന്റെ 'കില്ലര്‍ ഇന്‍സൈഡ് മി' വിഖ്യാത സംവിധായകരായ ഷാങ്‌യിമൂ, തോമസ് വിന്‍റര്‍സങ് എന്നിവരുടെ ചിത്രങ്ങള്‍ തുടങ്ങി ബെര്‍ലിനില്‍ നിന്നെത്താത്ത ചിത്രങ്ങളുടെ നിര ഏറെ നീണ്ടതാണ്. ബെര്‍ലിനില്‍ നിന്നും കാനില്‍ നിന്നും ഗോവയിലെത്താത്ത പല മികച്ച ചിത്രങ്ങളും മുംബൈ ചലച്ചിത്രമേളക്കെത്തി എന്നതും ശ്രദ്ധേയമാണ്.

വെനീസ് ചലച്ചിത്രമേളയില്‍ നിന്നുള്ള പ്രധാന ചിത്രങ്ങളൊന്നും തന്നെ ഗോവയിലെത്തിയിട്ടില്ല. ഏറെ പരിചിതനായ ഘാരന്‍അരനോഥ്‌സ്‌കി (ബ്ലോക്ക് സ്വാന്‍), സോഫിയ കപ്പോള (സംവേര്‍), ജേഴ്‌സി സ്‌കോളിമോവ്‌സ്‌കി (സെന്‍ഷ്വല്‍ കില്ലിങ്), വിന്‍സന്‍റ് ഗാലോ (പ്രോമിസസ് റിട്ടണ്‍ ഇന്‍ വാട്ടര്‍), അലക്‌സ് ഡി.ഇല്ലെഡിയ എന്നിവരുടെ ചിത്രങ്ങള്‍ ഇത്തവണ വെനീസിലെ മത്സരവിഭാഗത്തിലുണ്ടായിരുന്നു.

മെക്‌സിക്കോ, ജോര്‍ജിയ, തായ്‌വാന്‍, ശ്രീലങ്ക എന്നീരാജ്യങ്ങളില്‍ നിന്നുള്ള പാക്കേജുകള്‍ സമഗ്രമെന്ന് അവകാശപ്പെടാവുന്നതല്ല. എങ്കിലും ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്ത സംവിധായകരുടെ ചില സിനിമകള്‍ പ്രേക്ഷകരിലെത്തിക്കാനായി എന്ന് ഈ ചിത്രങ്ങള്‍ തിരഞ്ഞെടുത്തവര്‍ക്ക് ആശ്വസിക്കാവുന്നതാണ്. ഈ സംവിധായകരുടെ ആദ്യകാല സിനിമകളാണ് ഈ പാക്കേജില്‍ ഇടം കണ്ടത്. ബാറ്റില്‍ ഇന്‍ ഹെവന്‍, സൈലന്‍റ് ലൈറ്റ് എന്നീ പുതിയ സിനിമകളുള്ള കാര്‍ലോസ് റെയ്ഗാഡാസിന്റെ 'യാജോണ്‍' ആണ് മെക്‌സിക്കോ പാക്കേജിലുള്ളത്. അര്‍ക്കിലിയുടെ മുന്‍കാല ചിത്രമായ ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍ (1994), സായ് മിങ് ലിയാങ്ങിന്റെ വിവെ എല്‍അമോര്‍ (1994) എന്നീ സിനിമകളാണ് ഗോവയിലെത്തിയത്. അക്കാദമിക് താല്പര്യമുള്ളവര്‍ മിക്കവരും കണ്ട സിനിമകളാണ് ഇവസായ് മിങ്‌ലിയാങ് 2009ല്‍ എടുത്ത വിസാജ് എന്ന ചിത്രം ഇതുവരെ ഗോവിയിലെത്തിയിട്ടില്ല. ഈ വിഖ്യാത സംവിധായകരുടെ പുതിയ ചിത്രങ്ങള്‍ കാത്തിരിക്കുന്ന പ്രേക്ഷകരെ അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് സംതൃപ്തരാക്കില്ല.



ganangal
photogallery


മറ്റു വാര്‍ത്തകള്‍

  12 »
Discuss