രണ്ടാം പകുതിയെ ത്രസിപ്പിക്കാന്‍ രാഷ്ട്രീയ സിനിമകള്‍
ഡോണ്‍ ജോര്‍ജ് Posted on: 28 Nov 2010

രാഷ്ട്രീയ നിലപാടുകളിലെ സ്‌ഥൈര്യത്താല്‍ ശ്രദ്ധേയരായ കെന്‍ലോച്ചും ഗൊദാര്‍ദും ഗോവയിലെ ചലച്ചിത്രമേളയുടെ രണ്ടാം പകുതിയിലെ പ്രതീക്ഷകളാവുന്നു. ഇതിനൊപ്പം മെക്‌സിക്കോ വിപ്ലവത്തിന്റെ ആറാം വര്‍ഷം പ്രമാണിച്ച് പത്ത് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ 'റവല്യൂഷന്‍' എന്ന സിനിമ കൂടിയെത്തുന്നതോടെ മേള രാഷ്ട്രീയ സിനിമകളുടെ ആവേശം ഉള്‍ക്കൊള്ളുകയാണ്.
സോഷ്യലിസ്റ്റ് നിലപാടുകളോടുള്ള കടുത്ത ആഭിമുഖ്യം തന്റെ സിനിമയുടെ ദൃശ്യഭാഷയെ ആഴത്തില്‍ സ്വാധീനിക്കണമെന്ന കാര്‍ക്കശ്യം പുലര്‍ത്തുന്ന ബ്രിട്ടീഷ് സംവിധായകനാണ് കെന്‍ലോച്ച്. സോഷ്യല്‍ റിയലിസത്തിന്റെ വ്യക്തതയുള്ള കാഴ്ചയില്‍, ഫണ്ടിങ് ഏജന്‍സികളെ ഭയക്കാതെ ഇദ്ദേഹത്തിന്റെ സിനിമ സംസാരിക്കുന്നു. ഈ പ്രതിബദ്ധതയുടെ വ്യക്തമായ നിദര്‍ശനമാകുന്ന സിനിമയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ രചനയായ റൂട്ട് ഐറിഷ്. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ സിനിമ യുദ്ധം സ്വകാര്യവത്കരിക്കപ്പെടുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.ഇറാഖ് യുദ്ധത്തില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടാണ് യുദ്ധത്തിന് പിന്നിലെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ ലോച്ച് വെളിച്ചത്തുകൊണ്ടുവരുന്നത്.
ഒരു സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ ജീവനക്കാരനായി ഇറാഖിലെത്തുന്ന ഒരു മുന്‍ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന്റെ ദുരൂഹമരണത്തെക്കുറിച്ച് അയാളുടെ സുഹൃത്ത് നടത്തുന്ന അന്വേഷണമാണ് ഈ സിനിമയുടെ കേന്ദ്രപ്രമേയം. സര്‍ക്കാര്‍ ഭാഷ്യത്തിനപ്പുറത്തെ സത്യത്തിലേക്കുള്ള അന്വേഷണം ഇറാഖ് യുദ്ധത്തിന് പിന്നിലെ രഹസ്യതാത്പര്യങ്ങളെ തൊലിപൊളിച്ചുകാട്ടുന്നു. കെന്‍ലോച്ചുമൊത്ത് മുന്‍പ് പ്രവര്‍ത്തിച്ചിട്ടുള്ള ക്രിസ് മെന്‍ജസ് (പുവര്‍കശ്ര-1967) എന്ന ക്യാമറാമാന്‍ ഈ സിനിമയില്‍ വീണ്ടും ഛായാഗ്രാഹകനായെത്തുന്നു എന്ന ആകര്‍ഷണം കൂടി ഈ സിനിമയ്ക്കുണ്ട്.
ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയുടെ 'സേര്‍ട്ടെയ്ന്‍ റിഗാര്‍ഡ്' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഗൊദാര്‍ദിന്റെ 'ഫിലിം സോഷ്യലിസം' ഈ വിഖ്യാത സംവിധായകന് രാഷ്ട്രീയ ചര്‍ച്ചകളോടും പരീക്ഷണ പ്രിയം തുളുമ്പുന്ന ദൃശ്യഭാഷയോടുമുള്ള മമത വെളിപ്പെടുത്തുന്നുണ്ട്. 'ബൗദ്ധിക സ്വത്തവകാശത്തേക്കാള്‍ ബൗദ്ധിക ഉത്തരവാദിത്തങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന്' വാദിച്ചുകൊണ്ട് തന്റെ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുമതി കൊടുത്തതും മറ്റും ഈ ചിത്രത്തിന്റെ കാന്‍ പ്രദര്‍ശനത്തെ വിവാദത്തിലാഴ്ത്തിയിരുന്നു.
ബൗദ്ധിക ഉത്തരവാദിത്വത്തിന്റെ പ്രകാശം പരത്തുന്ന ഗൊദാര്‍ദിന്റെ സിനിമ അദ്ദേഹത്തിന്റെ സമകാലിക സിനിമകളെപ്പോലെ രാഷ്ട്രീയചര്‍ച്ചകളിലാണ് അഭിരമിക്കുന്നത്. വിവിധ തരത്തിലുള്ള ചിത്രീകരണ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ദൃശ്യങ്ങളുടെ മിശ്രണം മുതല്‍ സബ്‌ടൈറ്റിലിന്റെതലംവരെ പരീക്ഷണങ്ങളാല്‍ നിറയ്ക്കുകയാണ് ഗൊദാര്‍ദ് ഈ സിനിമയില്‍.
ഒരു മെഡിറ്ററേനിയന്‍ കപ്പലിലും ഒരു ഗ്യാസ്‌സ്റ്റേഷനിലുമാണ് ഈ സിനിമയിലെ ചര്‍ച്ചകളിലധികവും അരങ്ങേറുന്നത്. ഒഡേസാ പടവുകളും ഈജിപ്തും പലസ്തീനുമടക്കം മിശ്രണം ചെയ്യുന്ന അന്ത്യഭാഗം എഡിറ്റിങ് തന്ത്രങ്ങളുടെ ഗൊദാര്‍ദിയന്‍ ശൈലിയുടെ ഉത്തമ ഉദാഹണമാവുന്നു. കപ്പലിലെ ചര്‍ച്ച ജൂതകൂട്ടക്കൊലയും ഇന്‍ക്വിസിഷന്‍ കാലത്തെ പീഡനങ്ങളുമെല്ലാം ഉള്‍ക്കൊണ്ട് ചരിത്രത്തെ കുറിച്ചുള്ള വിചിന്തനമായി ഈ ഭാഗം മാറുന്നു. ചിന്തകനായ അലൈന്‍ ബാദിയുവും റോക്ക് താരം പാറ്റി സ്മിത്തുമെല്ലാം വിവിധ ചര്‍ച്ചകളില്‍ പങ്കാളികളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാംഭാഗത്തില്‍ ചര്‍ച്ചകള്‍ ഒരു കുടുംബ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടക്കുന്നത്. ഒരു തികഞ്ഞ ഗൊദാര്‍ദിയന്‍ ചലച്ചിത്ര പ്രണയിക്ക് രസിക്കുന്ന സിനിമയായതിനാല്‍ സാധാരണ ചലച്ചിത്ര പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഏറെ ഘടകങ്ങളൊന്നും ഈ സിനിമയിലുണ്ടെന്നു പറയാനാവില്ല.
10 സംവിധായകരുടെ ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായ 'റെവല്യൂഷന്‍' മെക്‌സിക്കന്‍ വിപ്ലവത്തെ സമകാലിക പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന സിനിമയാണ്. ലാറ്റിനമേരിക്കയില്‍ നിന്ന് അന്തര്‍ദേശീയ താരമായി ഉയര്‍ന്ന ഗെയില്‍ ഗാര്‍ഷ്യാ ബെര്‍നാല്‍ (മോട്ടോര്‍ സൈക്കിള്‍ ഡയറീസിലെ ചെഗുവേരയെ ഓര്‍മിക്കുക). നേതൃത്വം നല്‍കുന്ന നിര്‍മാണ കമ്പനിയാണ് ഈ സിനിമ ഒരുക്കുന്നത്. ഗെയില്‍ ഗാര്‍ഷ്യാ ബെര്‍നാലിനു പുറമെ ലാറ്റിനമേരിക്കന്‍ സിനിമയിലെ പ്രമുഖരായ കാര്‍ലോസ് ഗെയ്ഗാഡാസ്, ഡിയേഗോ ലൂണ, അമത്ത് എസ്‌കലാന്റെ തുടങ്ങിയവരും ഈ സിനിമയില്‍ തങ്ങളുടെ സംവിധാന മികവ് പ്രകടിപ്പിക്കുന്നുണ്ട്.
വിപ്ലവ സ്വപ്നങ്ങള്‍ക്ക് ആധുനികോത്തര കാലത്തുണ്ടാവുന്ന വിപര്യയങ്ങളെ ചിത്രീകരിക്കുന്ന 'റെവല്യൂഷന്‍' മെക്‌സിക്കോയുടെ സമകാലികാവസ്ഥയിലാണ് പ്രധാനമായും ഊന്നുന്നത്. ഇതിനൊപ്പം അന്തര്‍ദേശീയ രാഷ്ട്രീയ പ്രമേയങ്ങളുമായെത്തുന്ന ഗൊദാര്‍ദിന്റെയും കെന്‍ലോച്ചിന്റെയും സിനിമകള്‍ കൂടിയാവുമ്പോള്‍ ഗോവന്‍ മേള രാഷ്ട്രീയ നിലപാടുകളുടെ ചലച്ചിത്ര പ്രതിനിധാനത്തെ ക്കുറിച്ച് ചിന്തിക്കാനുള്ള വേദിയാവുകയാണ്.