റൊമാന്‍ പൊളാന്‍സ്‌കിയുടെ 'ഗോസ്റ്റ് റൈറ്റര്‍' തിളങ്ങി
പി. പ്രേംചന്ദ് Posted on: 28 Nov 2010

പനാജി: വിശ്വപ്രസിദ്ധ സംവിധായകനായ റൊമാന്‍ പൊളാന്‍സ്‌കിയുടെ 'ഗോസ്റ്റ് റൈറ്റര്‍' ചലച്ചിത്രോത്സവത്തില്‍ 'മാസ്റ്റര്‍ ടച്ച്' കാത്തിരുന്നവര്‍ക്ക് ഒരാശ്വാസമായി. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആഡം ലാങ്ങിന്റെ ജീവിതകഥയെഴുതാന്‍ കടന്നുവരുന്ന ഒരു 'ഗോസ്റ്റ് റൈറ്ററു'ടെ അന്വേഷണങ്ങളും ജീവിതദുരന്തവുമാണ് പൊളാന്‍സ്‌കി ചിത്രീകരിക്കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെയും ഭാര്യ ചെറി ബ്ലെയറിന്റെയും ജീവിതത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് പൊളാന്‍സ്‌കി 'ഗോസ്റ്റ് റൈറ്ററെ' അവതരിപ്പിക്കുന്നത്. ഇരുവരും സി.ഐ.എ. ചാരന്മാരായിരുന്നുവെന്നതാണ് സിനിമയുടെ വിവക്ഷ. വന്‍ രാഷ്ട്രീയ കരുനീക്കങ്ങളുടെ ശക്തമായ ആവിഷ്‌കാരമാണ് സിനിമ.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തത്ത്വചിന്താവിഭാഗം അധ്യാപകനായ കെ. ഗോപിനാഥിന്റെ 'മേതില്‍' എന്ന ഡോക്യുമെന്ററി ഹ്രസ്വചിത്രവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചതാണ് ഞായറാഴ്ചത്തെ ഏക മലയാളി സാന്നിധ്യം.
പ്രശസ്ത എഴുത്തുകാരനായ മേതില്‍ രാധാകൃഷ്ണന്റെ ജീവിതവും ചിന്തകളും പറയുന്ന ഡോക്യുമെന്ററി പുതുമയുള്ള അനുഭവമായി.
ഡിസംബര്‍ 10 മുതല്‍ 17 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ. വിശ്വപ്രസിദ്ധ സംവിധായകനായ വെര്‍ണര്‍ ഹെര്‍സോറിനെ ആയുഷ്‌കാല നേട്ടത്തിനുള്ള പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. മോഹന്‍ ഗോവയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വൈസ് ചെയര്‍മാന്‍ വി.കെ. ജോസഫ്, സംവിധായകന്‍ എം.പി. സുകുമാരന്‍നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് അക്കാദമി ഒരുക്കിയ കൂട്ടായ്മയില്‍ ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പങ്കാളികളായി. മേള നടി വഹീദറഹ്മാന്‍ ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനചിത്രം ഫ്രഞ്ച് സംവിധായകനായ ബെര്‍ട്ടാന്റ് ടാവെര്‍ണിയറിന്റെ 'ദ പ്രിന്‍സ് ഓഫ് മോണ്‍ട് പെന്‍സിയര്‍' ആയിരിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ എസ്.എം. ഖാന്‍ അറിയിച്ചു.