Mathrubhumi Logo
  iffi2010 head

കാര്‍ഷിക സംസ്‌കൃതിയുടെ നഷ്ടചിത്രങ്ങളുമായി 'കൈപ്പാട്'

Posted on: 27 Nov 2010

പ്രകൃതിയോടിണങ്ങിയ ഒരു കാര്‍ഷിക സംസ്‌കൃതിയിലെ ജൈവചക്രത്തിന്റെ നേര്‍ചിത്രീകരണം നിര്‍വഹിച്ച 'കൈപ്പാട്' എന്ന ഡോക്യുമെന്‍ററി ഗോവയില്‍ നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ പ്രേക്ഷകശ്രദ്ധനേടി. ബാബു കാമ്പ്രത്ത് സംവിധാനം ചെയ്ത 'കൈപ്പാട്' ചലച്ചിത്രമേളയുടെ ഹ്രസ്വചിത്ര വിഭാഗത്തില്‍ പരിസ്ഥിതി ചിത്രങ്ങള്‍ക്കുള്ള മത്സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. 'വസുധ' പുരസ്‌കാരത്തിനു വേണ്ടിയുള്ള മത്സരവിഭാഗത്തില്‍ പത്ത് പരിസ്ഥിതി ചിത്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

വടക്കന്‍ കേരളത്തില്‍ പുഴ കടലിനോടു ചേരുന്ന അഴിമുഖ പ്രദേശത്തെ ഓരുവെള്ളം കയറുന്ന നിലങ്ങളില്‍ ഒരു വര്‍ഷത്തില്‍ സംഭവിക്കുന്ന ജൈവിക പരിണാമങ്ങളാണ് 'കൈപ്പാട്' ചിത്രീകരിക്കുന്നത്. പ്രകൃതിയുടെ സ്വാഭാവിക താളത്തെ ഭംഗപ്പെടുത്താതെ കൈപ്പാട് നിലങ്ങളില്‍ നടത്തുന്ന പരമ്പരാഗത കൃഷിരീതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഈ ഹ്രസ്വചിത്രം ഊന്നിപ്പറയുന്നു. വനമേഖലകളുടെയും മറ്റും സംരക്ഷണം പോലെ തന്നെ പ്രകൃതിയുടെ സ്വാഭാവികഗതിയെ ഖണ്ഡിക്കാത്ത പരമ്പരാഗത കൃഷിരീതികളുടെ സംരക്ഷണം കീടനാശിനികളുടെയും രാസവളങ്ങളുടെയും ആധിക്യം കൊണ്ട് വലയുന്ന ഇന്നത്തെ അവസ്ഥയില്‍ എത്രത്തോളം അത്യാവശ്യമാണെന്ന് 'കൈപ്പാട്' വരച്ചുകാട്ടുന്നു.

ഓരുവെള്ളം കയറുന്ന കൈപ്പാട് നിലങ്ങളിലെ നെല്‍കൃഷിയും ചെമ്മീന്‍ കൃഷിയും സ്വാഭാവിക ജൈവതാളത്തിന്റെ ലയത്തിനനുസരിച്ച് സംഭവിക്കുന്നതെങ്ങനെയെന്ന് ശാസ്ത്രീയവീക്ഷണത്തിന്റെ കരുത്തുള്ള ദൃശ്യങ്ങളിലാണ് കൈപ്പാട് ചിത്രീകരിക്കുന്നത്. ജൈവവ്യവസ്ഥയുടെ സ്വാഭാവിക ശേഷികളെ പ്രകൃതിയുടെ ആയത്തിനനുസരിച്ചുള്ള മനുഷ്യന്റെ ഇടപെടല്‍ എങ്ങനെ സമ്പന്നമാക്കുന്നുവെന്ന് ഒന്നരവര്‍ഷം നീണ്ട ചിത്രീകരണത്തിന്റെ സമ്പന്നതയുള്ള ദൃശ്യങ്ങളിലൂടെ ഈ ഹ്രസ്വചിത്രം വെളിവാക്കുന്നു.


ഡോണ്‍ ജോര്‍ജ്‌



ganangal
photogallery


മറ്റു വാര്‍ത്തകള്‍

  12 »
Discuss