Mathrubhumi Logo
  iffi2010 head

സായാഹ്ന പക്ഷികളുടെ പ്രണയഗീതങ്ങള്‍

Posted on: 27 Nov 2010

റിതുപര്‍ണഘോഷ് മേളയുടെ താരമാവുന്നു

ആണിനും പെണ്ണിനുമപ്പുറമുള്ള മൂന്നാം ലിംഗാവസ്ഥയുടെ ദുരൂഹമായ അനിശ്ചിതാവസ്ഥ ചിത്രീകരിച്ച 'ജസ്റ്റ് അനദര്‍ ലവ് സ്റ്റോറി' മേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വിഖ്യാത ബംഗാളി സംവിധായകന്‍ റിതുപര്‍ണഘോഷ് മേളയിലെ ഏറ്റവും മികവുറ്റ സര്‍ഗാത്മക സാന്നിധ്യമായി മാറി. റിതുപര്‍ണഘോഷ് സംവിധാനം ചെയ്ത 'അബോഹോമാന്‍', 'നൗകാദുബി' എന്നീ ചിത്രങ്ങള്‍ മേളയില്‍ പ്രേക്ഷക പ്രശംസ നേടിയെടുത്തതോടെ അസാന്നിധ്യത്തിലും മേളയുടെ ഇന്ത്യന്‍താരമായി റിതുപര്‍ണഘോഷ മാറിയിരിക്കുകയാണ്. 'ജസ്റ്റ് അനദര്‍ ലവ്‌സ്റ്റോറി'യുടെ ക്രിയേറ്റീവ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറും കൂടിയാണ് റിതുപര്‍ണഘോഷ്.

ബംഗാളിലെ 'ജത്ര' എന്ന നാടകരൂപത്തില്‍ പെണ്‍വേഷം കെട്ടിയഭിനയിച്ച് വിഖ്യാതനായ ചപല്‍ ബാദുരി എന്ന യഥാര്‍ഥ വ്യക്തിയുടെ ജീവിതം പകര്‍ത്താനെത്തുന്ന ഡോക്യുമെന്‍ററി സംഘത്തിലൂടെയാണ് 'ജസ്റ്റ് അനദര്‍ ലവ് സ്റ്റോറി' ഇതള്‍ വിരിയുന്നത് ചപല്‍ ബാദൂരിയായി ചപല്‍ തന്നെ സിനിമയിലഭിനയിക്കുമ്പോള്‍, ഡോക്യുമെന്‍ററി സംവിധായകനായ അഭിരൂപ് സെന്നിനെയും ചപല്‍ ബാദുരിയുടെ മുന്‍കാല ജീവിതത്തെയും അവതരിപ്പിക്കുന്നത് റിതുപര്‍ണഘോഷാണ്. ബംഗാളി ജത്രയിലെ ആദ്യ പ്രഖ്യാപിത സ്വര്‍വഗപ്രണയിയായ ചപല്‍ ബാദൂരിയെ, ഇന്ന് സ്വന്തം വ്യക്തിജീവിതത്തില്‍ മൂന്നാം ലിംഗാവസ്ഥയുടെ പരിണാമഘട്ടങ്ങളിലേക്ക് തെന്നി നീങ്ങിക്കൊണ്ടിരിക്കുന്ന ബംഗാളി സംവിധായകന്‍ റിതുപര്‍ണഘോഷ് അവതരിപ്പിക്കുന്നു എന്നത് ഈ സിനിമയ്ക്ക്, ചലച്ചിത്രമേഖലയ്ക്കപ്പുറത്ത് പ്രാധാന്യം നല്‍കുന്നു.

ചപല്‍ ബാദുരിയുടെ ജീവിതത്തിലൂടെ ബംഗാളിലെ ഒരു പ്രശസ്ത സംവിധായകന്‍ തന്റെ ലൈംഗികമുന്‍ഗണനകള്‍ വെളിപ്പെടുത്തുകയാണോ എന്ന് പ്രേക്ഷകര്‍ സംശയിക്കാനിടയുണ്ട്. ഈ സിനിമയില്‍ റിതുപര്‍ണഘോഷ് അവതരിപ്പിക്കുന്ന ഡോക്യുമെന്‍ററി സംവിധായകനും ഇത്തരമൊരു ആരോപണം നേരിടുന്നുണ്ടെന്നത് രസകരമായൊരു യാദൃച്ഛികതയാണ്. ആണ്‍/പെണ്‍ അവസ്ഥകള്‍ക്കപ്പുറത്തെ രഹസ്യവ്യക്തിത്വത്തെ റിതുപര്‍ണഘോഷ് അസാധാരണമായ കൈയടക്കത്തോടെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

ഇന്ന് അവഗണനയില്‍ കഴിയുന്ന ചപല്‍ ബാദുരിയെ തന്റെ വ്യക്തിജീവിതത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ഡോക്യുമെന്‍ററി സംവിധായകനായ അഭിരൂപ് പ്രേരിപ്പിക്കുന്നു. ഇതിന് ചപല്‍ ബദൂരി വഴങ്ങിയെങ്കിലും കൊല്‍ക്കത്തയില്‍ ജനങ്ങളുടെ എതിര്‍പ്പുകാരണം ചിത്രീകരണം മുടങ്ങുന്നു. ചപല്‍ ബാദുരിയുടെയും അഭിരൂപിന്റെയും ജീവിതങ്ങള്‍ തമ്മില്‍ സമാന്തരങ്ങള്‍ തീര്‍ക്കുന്ന രീതിയിലാണ് ഇവിടം മുതല്‍ സിനിമയുടെ ഘടന. ചപല്‍ ബാദുരിയുടെ ആദ്യകാല ജീവിതം അവതരിപ്പിക്കുന്നത് അഭിരൂപിനെ അവതരിപ്പിക്കുന്ന റിതുപര്‍ണഘോഷാണെന്നതുപോലെ, ഡോക്യുമെന്‍ററി സംഘത്തിലെ മറ്റുള്ളവരുടെ വേഷമണിയുന്നവര്‍ തന്നെയാണ് ചപലിന്റെ ജീവിതത്തിലെ ഇതര വ്യക്തികളായി സ്‌ക്രീനിലെത്തുന്നത്.

അഭിരൂപ് തന്റെ ക്യാമറാമാനുമായി പ്രണയത്തിലാണ്. വിവാഹിതനായ ഇയാളുമായുള്ള പ്രണയജീവിതത്തിന് സമാന്തരമായാണ് ചപലിന്റെ പ്രണയജീവിതവും കടന്നുവരുന്നത്. ഈ പ്രണയജീവിതങ്ങളുടെ കാലം മറികടന്നുള്ള ഒഴുകിച്ചേരലിലൂടെ മൂന്നാം ലിംഗാവസ്ഥയിലുള്ളവരുടെ സമാനജീവിതങ്ങളിലേക്കും ഇവര്‍ തമ്മില്‍ രൂപപ്പെടുന്ന മാനസിക ഐക്യത്തിലേക്കും ഈ സിനിമ അന്വേഷിച്ചുചെല്ലുന്നു.
'സിനിമയ്ക്കുള്ളിലെ സിനിമ' എന്ന ഘടനയെ നവീനമായൊരു ദൃശ്യഭാഷയില്‍ അവതരിപ്പിക്കാനുള്ള ശ്രമം സംവിധായകനായ കൗശിക് ഗാംഗുലി നടത്തുന്നുണ്ടെന്ന് പറയാനാവില്ല. ഘടനയേക്കാള്‍ പ്രമേയത്തിലെ വിവാദസ്വഭാവത്തിലാണ് 'ലവ്‌സ്റ്റോറി'യുടെ ഊന്നലെന്ന് പറയാം. മുദ്രാവാക്യസമാനമായ പ്രസ്താവനകളില്ലെങ്കിലും മൂന്നാം ലിംഗാവസ്ഥയിലുള്ളവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നവരുടെ ആവേശം ചിത്രത്തില്‍ പ്രകടമാണ്.

മധ്യപ്രദേശില്‍ നടന്ന ഒരു ദളിത് പീഡനത്തിന്റെ യഥാര്‍ഥ കഥ ചലച്ചിത്രമാക്കാന്‍ വരുന്ന സംഘത്തിന്റെ കഥ പറഞ്ഞ ശ്യാം ബനഗലിന്റെ സമര്‍ (1999) എന്ന സിനിമയുടെ ഘടന ഈ സിനിമയും പിന്തുടരുന്നുണ്ടെന്ന് പറയാവുന്നതാണ്. ജാതിവ്യവസ്ഥ നമ്മുടെ മുന്‍ഗണനകളെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് 'സിനിമയ്ക്കുള്ളിലെ സിനിമ'യുടെ ഘടനയില്‍ ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. ശ്യാം ബെനഗല്‍ സിനിമയുടെ പ്രത്യയശാസ്ത്രപരമായ കൃത്യത അവകാശപ്പെടാനില്ലെങ്കിലും മൂന്നാം ലിംഗാവസ്ഥയോടുള്ള മമതയില്‍ 'ലവ്‌സ്റ്റോറി'യും പ്രേക്ഷകപ്രശംസ നേടിയെടുക്കുന്നു. ബംഗാളിലെ വിഖ്യാതരായ രണ്ടുകലാകാരന്മാരുടെ യഥാര്‍ഥ ജീവിതം ഈ സിനിമയില്‍ സവിശേഷമായി സംഗമിക്കുന്നു എന്നത് ലവ്‌സ്റ്റോറിയെ ചരിത്രപ്രാധാന്യമുള്ള സിനിമകൂടിയാക്കുന്നുണ്ട്. ചിത്രത്തില്‍ അഭിരൂപില്‍ ആകൃഷ്ടനാകുന്ന ഒരാള്‍ അദ്ദേഹത്തെ സായാഹ്നത്തിന്റെ പക്ഷിയെന്ന് വിശേഷിപ്പിക്കുന്നുണ്ട്. പകലിനും രാത്രിക്കുമിടയിലെ കറുപ്പിനും വെളുപ്പിനുമിടയിലെ കൃത്യമായി വ്യവച്ഛേദിക്കാനാവാത്ത ഒരു മേഖലയെ അത്രകണ്ട് താളം പിഴച്ചുപോകാത്ത രൂപത്തില്‍ ചിത്രീകരിക്കാന്‍ 'ജസ്റ്റ് അനദര്‍ ലവ്‌സ്റ്റോറി'ക്കായിട്ടുണ്ടെന്ന് പറയാവുന്നതാണ്.

ഡോണ്‍ ജോര്‍ജ്‌



ganangal
photogallery


മറ്റു വാര്‍ത്തകള്‍

  12 »
Discuss