Mathrubhumi Logo
  iffi2010 head

അമേരിക്കയ്ക്ക് സിനിമ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക്-ഫത്തിഹ് അകിന്‍

Posted on: 26 Nov 2010

അമേരിക്കന്‍ സര്‍ക്കാറിന്റെ പ്രത്യയശാസ്ത്ര നിലപാടുകളെ ന്യായീകരിക്കാന്‍ വേണ്ടി സിനിമയെ അമേരിക്കന്‍ ഏജന്‍സികള്‍ ദുരുപയോഗം ചെയ്യുന്നതായി തുര്‍ക്കി-ജര്‍മന്‍ സംവിധായകനായ ഫത്തിഹ് അകിന്‍ പറഞ്ഞു. ചലച്ചിത്രകലയുടെ ശക്തി കൃത്യമായും തിരിച്ചറിയുന്ന അമേരിക്കന്‍ സര്‍ക്കാറിന്റെ ഏജന്‍സികള്‍ ബോധപൂര്‍വമുള്ള ഇടപെടലിലൂടെ സിനിമയെ വളച്ചൊടിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ വിഖ്യാത സിനിമകളില്‍ വരെ ഇത്തരം ഇടപെടലിന്റെ സൂചനകള്‍ കണ്ടെത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു. ഗോവയില്‍ ചലച്ചിത്രമേളയോടനുബന്ധിച്ചു നടക്കുന്ന ഫിലിം ബസാറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക അന്തര്‍ദേശീയ സിനിമയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന യുവസംവിധായകരില്‍ ഒരാളായ ഫത്തിഹ് അകിന്റെ ഏറ്റവും പുതിയ ചിത്രമായ 'സോള്‍കിച്ചന്‍' മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

സാംസ്‌കാരിക വ്യക്തിത്വത്തിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഓരോ മനുഷ്യന്റെയും തനിമയെന്നത് ഒരു യാദൃച്ഛികതയാണെന്ന് കരുതാനാണ് തനിമയ്ക്ക് താത്പര്യമെന്ന് ഫത്തിഹ് അകിന്‍ സൂചിപ്പിച്ചു. ''എന്റെ ഭവനവും പ്രദേശവും സിനിമയാണ്. തുര്‍ക്കിയാണോ ജര്‍മനിയാണോ എന്റെ ജന്മദേശമെന്നത് ഒരു വലിയ പരിഗണനയാകേണ്ടതില്ല.

സിനിമയിലൂടെ ആധുനികമായൊരു ജിപ്‌സി ജീവിതത്തിന്റെ അവസ്ഥകളെയാണ് ഞാന്‍ അനുഭവിക്കുന്നത്''-അകിന്‍ പറഞ്ഞു. മതവ്യക്തിത്വത്തെക്കാളേറെ മനുഷ്യന് പൊതുവായുള്ള ആത്മീയതയെക്കുറിച്ചാണ് തന്റെ സിനിമകള്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ''എനിക്ക് ആത്മീയമായൊരു ജീവിതമുണ്ട്.

എന്നാല്‍ ഇതിന് സംഘടിതമതവുമായി ബന്ധമൊന്നുമില്ല. സംഘടിത മതത്തിന്റെ ചട്ടക്കൂടുകള്‍ക്കപ്പുറമാണ് ഈ ആത്മീയത. മുസ്‌ലിം/ക്രിസ്ത്യന്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ആഗോളീകരണത്തിന്റെ ആധുനികോത്തര പരിസരങ്ങളിലാണെന്ന് ഞാന്‍ കരുതുന്നു.

അടിസ്ഥാനപരമായി മൂലധനത്തിന്റെ നിയന്ത്രണത്തിനായുള്ള ശ്രമങ്ങളാണ് ഈ സംഘര്‍ഷത്തിനിടയാക്കുന്നത്''. സിനിമയില്‍ അക്രമത്തെ സൗന്ദര്യവത്കരിച്ച് ചിത്രീകരിക്കുന്നതിനോട് വ്യക്തിപരമായി തനിക്ക് താത്പര്യമില്ലെന്ന് ക്വിന്‍റിന്‍ തരാന്‍റിനോയുടെ ശൈലിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത ജനുസ്സുകളിലുള്ള സിനിമകളെ ഒരുപോലെ സ്വീകരിച്ചുകൊണ്ട് പുതിയ ചലച്ചിത്രഭാഷയ്ക്കുള്ള അന്വേഷണമാണ് ഞാന്‍ നടത്തുന്നത്. 'ഹെഡ് ഓണില്‍' നിന്ന് 'എഡ്ജ് ഓഫ് ഹെവനി'ലേക്കും 'സോള്‍ കിബണി'ലേക്കുമുള്ള ശൈലി പരിണാമത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഡോണ്‍ ജോര്‍ജ്




ganangal
photogallery


മറ്റു വാര്‍ത്തകള്‍

  12 »
Discuss