'ഇലക്ട്ര' തിളങ്ങി
പി.പ്രേംചന്ദ് Posted on: 24 Nov 2010

പനാജി: ശ്യാമപ്രസാദിന്റെ 'ഇലക്ട്ര', ചലച്ചിത്രോത്സവത്തില്‍ തിളങ്ങുന്ന പ്രദര്‍ശനത്തോടെ അരങ്ങേറി. മനീഷ കൊയ്‌രാള, നയന്‍താര, പ്രകാശ്‌രാജ്, സ്‌കന്ദ തുടങ്ങിയവരുടെ ഉജ്ജ്വലമായ അഭിനയം സദസ്സിനെ വശീകരിച്ചു.
ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന 'ഇലക്ട്ര' ഗ്രീക്ക് പുരാണത്തിലെ ശക്തയായ കഥാപാത്രത്തിന്റെ മലയാള ആവിഷ്‌കാരമാണ്. തന്റെ അഭിനയജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് 'ഇലക്ട്ര'യിലെ ഡയാനയിലൂടെ തന്നെത്തേടി എത്തിയതെന്നും കഥാപാത്രത്തിന്റെ വശ്യതയാണ് തന്നെ മലയാളത്തിലേക്ക് ആകര്‍ഷിച്ചതെന്നും പ്രദര്‍ശനത്തിനുശേഷം മനീഷ കൊയ്‌രാള പറഞ്ഞു.
നേരത്തെ, പ്രദര്‍ശനത്തിനുമുമ്പു നടന്ന പത്രസമ്മേളനത്തില്‍ സംവിധായകന്‍ ശ്യാമപ്രസാദ്, നിര്‍മാതാവ് വിന്ധ്യന്‍, ഛായാഗ്രാഹകന്‍ സാനു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.പ്രേംലാല്‍ സംവിധാനം ചെയ്ത 'ആത്മകഥ'യാണ് മലയാളത്തെ ചലച്ചിത്രോത്സവവേദിയില്‍ ചലിപ്പിച്ച മറ്റൊരു സിനിമ. ശ്രീനിവാസനും ശര്‍ബാനി മുഖര്‍ജിയും പ്രധാനവേഷങ്ങളിലെത്തിയ സിനിമയോടൊപ്പം, നിര്‍മാതാവ് സന്തോഷ് പവിത്രന്‍ ചലച്ചിത്രോത്സവ വേദിയിലെത്തി.
വി.കെ. പ്രകാശിന്റെ 'കര്‍മയോഗി' ചിത്രീകരണം പുരോഗമിക്കുന്ന സിനിമാവിഭാഗത്തില്‍ ഫിലിം ബസാറില്‍ കാണിച്ചപ്പോള്‍ വെനീസ്, ലൊകാര്‍ണോ ചലച്ചിത്രോത്സവത്തിന്റെ വക്താക്കള്‍ സിനിമയില്‍ താത്പര്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നിട്ടുണ്ട്.ദക്ഷിണേന്ത്യന്‍ സിനിമയെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ഫിലിം ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ശ്രദ്ധ പിടിച്ചുപറ്റി. 40 ശതമാനം സീറ്റുകള്‍, ഫിലിം ഇന്‍ഡസ്ട്രിക്കു വിട്ടുകൊടുക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. രവി കൊട്ടാരക്കര, മുദ്ര ശശി, ജി.പി. വിജയകുമാര്‍, അഡ്വ. എം. രാജന്‍, കൊച്ചുമോന്‍ എന്നിവര്‍ നേതൃത്വം നല്കി.നേരത്തെ 'ഇലക്ട്ര'യുടെ പ്രദര്‍ശനത്തിനുമുമ്പ്, അന്തരിച്ച ഛായാഗ്രാഹകന്‍ മങ്കട രവിവര്‍മയ്ക്ക് ആദരവ് രേഖപ്പെടുത്തി.