അഭിനിവേശവും സര്‍ഗാത്മകതയും
Posted on: 24 Nov 2010

സത്യജിത്‌റേ- മാധബി മൂഖര്‍ജി, ഗുരുദത്ത് - വഹീദ റഹ്മാന്‍ എന്നിങ്ങനെ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ കാല്‍പനിക ഛായയണിഞ്ഞ പ്രണയപര്‍വ്വങ്ങളുടെ ഓര്‍മയുണര്‍ത്തികൊണ്ടാണ് ഈ ചിത്രത്തിന്റെ രചന. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ വ്യക്തിത്വങ്ങളുടെ സര്‍ഗാത്മലോകവും റിതുപര്‍ണോഘോഷിന്റെ സിനിമയ്ക്ക് സവിശേഷ ആകര്‍ഷകത്വം നല്‍കുന്നു. ഗുരുദത്ത് - വഹീദ റഹ്മാന്‍ ബന്ധത്തെ സവിശേഷമായി പ്രതിഫലിപ്പിച്ച 'കാഗസ് കെ ഫൂലി'ന്റെ പുനരാവിഷ്‌കാരമെന്ന നിലയിലാണ് അബോഹോമന്‍ ആദ്യം സങ്കല്‍പ്പിക്കപ്പെട്ടത്.
എന്നാല്‍ ഹിന്ദി സിനിമയുടെ അന്തരീക്ഷത്തില്‍ നിന്നും ഒു വിഖ്യാത ബംഗാളി സംവിധായകന്റെ കഥയെന്ന നിലയിലേക്ക് ഘോഷ് തന്റെ സിനിമയെ മാറ്റി പ്രതിഷ്ഠിച്ചതോടെ സത്യജിത് റേയുടെ വൈയക്തിക-സര്‍ഗാത്മക ലോകത്തെ പ്രതിഫലിപ്പിക്കുന്ന ചലച്ചിത്രമെന്ന തലം കൂടി അബോഹോമന്‍ നേടിയെടുക്കുന്നു. സിനിമയെക്കുറിച്ചുള്ള വിഖ്യാത സിനിമകളായ ജുസിപ്പേ, ടൊര്‍നറ്റോറെയുടെ 'സിനിമ പാരഡൈസോ' പെദ്രോ അല്‍മദോവറിന്റെ ഏറ്റവും പുതിയ സിനിമയായ 'ബ്രോക്കണ്‍ എംബ്രേസസ്' എന്നീ സിനിമകളെ ഓര്‍മിപ്പിക്കുന്ന ദൃശ്യഘടന ഘോഷിന്റെ സിനിമയ്ക്കുണ്ട്.
സിനിമാ പാരഡൈസോയിലും ബ്രോക്കണ്‍ എംേ്രബസസിലും പ്രധാന കഥാപാത്രങ്ങള്‍ തമ്മിലുള്ള ചുംബനം ആവര്‍ത്തിച്ചുവരുന്ന ഒരു ദൃശ്യമാണെങ്കില്‍ അബോഹോമാനില്‍ നായികയുടെ കുസൃതിയും ലൈംഗികത്വവും നിറഞ്ഞ കണ്ണിറുക്കലാണ് അത്തരം അന്തരീക്ഷം സൃഷ്ടിക്കുന്നത്. 'അനികേത്' എന്ന വിഖ്യാത ബംഗാളി സംവിധായകന്‍ ചലച്ചിത്രകലയുടെ സ്വഭാവത്തെക്കുറിച്ച് ചലച്ചിത്രകാരനാകാന്‍ ആഗ്രഹിക്കുന്ന സ്വന്തം മകനോട് തന്റെ അന്ത്യകാലത്ത് നടത്തുന്ന പരാമര്‍ശങ്ങളില്‍ നിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്.

അനികേത് പ്രണയിച്ച് വിവാഹം ചെയ്ത ദീപ്തിയുടെ നിര്‍ദേശപ്രകാരമാണ് ബംഗാളി ഭദ്രേലോകിന്റെ സ്വഭാവങ്ങളേതുമില്ലാത്ത ശിഖ എന്ന നടിയെ അദ്ദേഹം തന്റെ ബിനോദിനി എന്ന സിനിമയില്‍ നായികയാക്കുന്നത്. ശ്രീമതി എന്ന പുതിയ പേരു നല്‍കി ശിഖയെ ഒരു ചലച്ചിത്ര നടിയെന്ന നിലയില്‍ വളര്‍ത്തിയെടുത്തത് ദീപ്തിയായിരുന്നു. എന്നാല്‍ ജീവിതവും നാടകവും തമ്മില്‍ തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ഒരു വ്യക്തിജീവിതം കൈവശമുള്ള ശിഖയുടെ ആകര്‍ഷണവലയത്തിലേക്ക് അനികേത് വീണുപോകുന്നു.
മകളുടെ പ്രായമുള്ള ശിഖയുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഭാര്യയും മകനും അനികേതില്‍ നിന്ന് മാനസികമായി അകലുന്നു. ചലച്ചിത്രകാരനാവാന്‍ ആഗ്രഹിക്കുന്ന അനികേതിന്റെ മകന്‍ അപ്രതിം അച്ഛന്റെ ബന്ധത്തെക്കുറിച്ച് വിമര്‍ശനാത്മകമായ ലേഖനമെഴുതുന്നതോടെ കുടുംബവുമായുള്ള അനികേതിന്റെ ബന്ധം വിചിത്രമായ പരിണാമവഴികളിലേക്ക് തിരിയുകയാണ്. പിന്നീട് അസുഖബാധിതനായ പിതാവുമായി നിരന്തരം സംവദിക്കുന്ന അപ്രതിം അച്ഛന്റെ അഭിനിവേശങ്ങളുടെ ലോകത്തെ കൂടുതല്‍ അടുത്തറിയുകയും തെറ്റിനും ശരിക്കുമപ്പുറത്തുള്ള ഒരു തലത്തില്‍ അച്ഛനെ വിലയിരുത്താനാരംഭിക്കുകയും ചെയ്യുന്നുണ്ട്.
തന്റെ സ്വകാര്യലോകത്തെക്കുറിച്ചുള്ള മകന്റെ നിരീക്ഷണങ്ങള്‍ മകനുമായി ചേര്‍ന്ന് ഒരു ചലച്ചിത്രമാക്കി മാറ്റണമെന്ന അനികേതിന്റെ ആഗ്രഹം സൃഷ്ടിപരതയെക്കുറിച്ചുള്ള അന്വേഷണമായി കൂടി ഈ ചലച്ചിത്രത്തെ പരിണമിപ്പിക്കുന്നു. റിതുപര്‍ണഘോഷിന്റെ മുന്‍കാല ചിത്രങ്ങളെപ്പോലെത്തന്നെ സ്ത്രീ അനുഭവങ്ങളുടെ വിചിത്ര ഭൂമികകളിലേക്കാണ് ഈ സിനിമയും സഞ്ചരിക്കുന്നത്. അനന്യ ചാറ്റര്‍ജിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ശിഖ എന്ന കഥാപാത്രം സിനിമകളെക്കുറിച്ചുള്ള സിനിമകളുടെ ആകര്‍ഷകമായ ദൃശ്യഭാവനയില്‍ അസാധാരണമായ വ്യാഖ്യാന സാധ്യതകളാണ് തുറന്നുതരുന്നത്.
ബാരിവാലി (1999), ഖേലാ (2008) എന്നീ സിനിമകളില്‍ ചലച്ചിത്രമേഖലയെ പ്രമേയമാക്കിയുള്ള ഘോഷ് ഈ സിനിമയില്‍ ശ്ലഥചിത്രങ്ങളുടെ ഘടനയില്‍ സിനിമാനുഭവത്തെ മുഖ്യപ്രമേയമാക്കുന്നു. ആസക്തികളുടെ ലോകത്ത് സര്‍ഗാത്മകവൃത്തി നിര്‍വഹിക്കുന്ന സംവിധായകന്റെ കുടുംബവുമായുള്ള ബന്ധത്തെ പ്രഥമതലത്തില്‍ ചിത്രീകരിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന അബോഹോമാന്‍ കൂടുതല്‍ അഗാതമായ തലത്തില്‍ സര്‍ഗാത്മകതയുടെ ബൗദ്ധികവും സ്വപ്‌നാത്മകവുമായ പാര്‍ശങ്ങളിലേക്കാണ് അന്വേഷിച്ചു ചെല്ലുന്നത്. ചലച്ചിത്രകലയുടെ സ്വഭാവത്തെക്കുറിച്ച് മകനോട് അനികേത് നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ദുരൂഹസൗന്ദര്യം ചൂഴ്ന്നുനില്‍ക്കുന്ന ഒരു ദൃശ്യപഥമാണ് ഘോഷ് നിര്‍മ്മിച്ചെടുക്കുന്നത്.
ഘോഷിന്റെ മുന്‍ സിനിമകളെപ്പോലെ കെട്ടിടങ്ങളുടെ ഉള്‍വശ ചിത്രീകരണങ്ങളോട് മമത തുടരുന്ന 'അമ്പോഹോമാനില്‍' വ്യത്യസ്തമായ ദൃശ്യഭാവമാണ് ഈ രംഗങ്ങള്‍ക്കുള്ളത്. പെണ്ണനുഭവങ്ങളായി തന്മയീഭവിക്കുന്നതില്‍ റിതുപര്‍ണഘോഷിനുള്ള കഴിവിനെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ദുരൂഹതകളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനങ്ങള്‍ ഉയര്‍ത്തിട്ടുണ്ട്. സത്യജിത്‌റേ-മാധബി മുഖര്‍ജി എന്ന ബംഗാളിലെ പ്രശസ്തമായ ചലച്ചിത്ര പ്രണയത്തിലേക്ക് മാത്രമായി ഒതുങ്ങാതെ കൂടുതല്‍ വിശാലമായ വ്യാഖ്യാനതലങ്ങളിലേക്ക് ഉയര്‍ന്നുകൊണ്ടാണ് 'അബോഹോമാന്‍' വ്യത്യസ്തത കൈവരിക്കുന്നത്.
ബംഗാളിലെ ഉന്നതശ്രേണിയുടെ സാംസ്‌കാരിക മുന്‍ഗണനകളെ പ്രതിനിധീകരിക്കുന്ന ദീപ്തിയേയും സ്വഭാവിക പ്രതികരണങ്ങളുടെ കരുത്തില്‍ അനികേതിനെയും മകനെയും ഞെട്ടിക്കുന്ന ശിഖയേയും എതിര്‍ധ്രുവങ്ങളില്‍ നിറുത്തികൊണ്ട് ഘോഷ് നടത്തുന്ന വിശകലനം ബംഗാളി സമൂഹത്തിന്റെ സംസ്‌കാര മുന്‍വിധികളിലേക്കുള്ള അന്വേഷണം കൂടിയാവുന്നുണ്ട്.
ഡോണ്‍ ജോര്‍ജ്