രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശീല ഉയര്‍ന്നു
Posted on: 22 Nov 2010


ജയറാമും രേവതിയും തിളങ്ങി
പനാജി: 41-മത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ തിരശീല ഉയര്‍ന്നു. തിങ്കളാഴ്ച്ച വൈകീട്ട് കലാ അക്കാദമിയില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി കേന്ദ്രമന്ത്രി മമത ബാനര്‍ജിയാണ് നിലവിളക്ക് പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മേള ഉദ്ഘാടനം ചെയ്തത്. മലയാളത്തെ പ്രതിനിധീകരിച്ച് എത്തിയ നടന്‍ ജയറാമിനെ ചടങ്ങില്‍ ആദരിച്ചു. ദിനേശ് ത്രിവേദി ജയറാമിന് ഉപഹാരം നല്‍കി. അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി അംഗമായ നടി രേവതിയെ വേദിയില്‍ ആദരിച്ചപ്പോള്‍ കരഘോഷത്തോടെയാണ് സദസ് വരവേറ്റത്.
ചടങ്ങില്‍ മുഖ്യാതിഥിയായ ഹിന്ദി സിനിമയിലെ കുലപതി യാഷ് ചോപ്ര സിനിമാ വ്യവസായത്തിന് നേരെ കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന ചിറ്റമ്മ നയത്തിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. ഇങ്ങനെ പോയാല്‍ നികുതിയടച്ച് ശ്വാസംമുട്ടി സിനിമ മരിക്കുമെന്നും അതിനുമുമ്പ് എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡല്‍ഹിയില്‍ എത്തിയാലുടന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് മമതാ ബാനര്‍ജി ചലച്ചിത്രലോകത്തിന് വാഗ്ദാനം നല്‍കി.
ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ആയിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥി. ബോളിവുഡ് താരങ്ങളായ അഫ്താബും ഗ്രേസി സിങും അവതാരകരായി. ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ സഹമന്ത്രി സി എം ജഠ്‌വ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. നടി ദിവ്യ ദത്ത, നടന്‍ മനോജ് വാജ്‌പേയി, സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി ഗംഗാധരന്‍, ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് രവി കൊട്ടാരക്കര, കേരളാ പ്രൊഡ്യൂസേഴ്‌സ് അസോ. പ്രസിഡന്റ് കെ. സുരേഷ്‌കുമാര്‍, കേരളാ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് മുദ്ര ശശി തുടങ്ങി നിരവധി പേര്‍ മേളയ്‌ക്കെത്തിയിട്ടുണ്ട്. ഓംപുരി നായകനായി അഭിനയിച്ച ഉദ്ഘാടന ചിത്രം വെസ്റ്റ് ഈസ് വെസ്റ്റ് തുടര്‍ന്ന് പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും വേദിയില്‍ ആദരിച്ചു. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കലാപരിപാടികള്‍ നടന്നു. കേരളത്തില്‍ നിന്ന് കഥകളി അരങ്ങേറി.
ഫാല്‍കെയ്ക്ക് ചലച്ചിത്രോത്സവത്തിന്റെ ആദരവ്

പനാജി: ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസഹേബ് ഫാല്‍ക്കെയുടെ ഓര്‍മ്മ ചിലച്ചിത്രോത്സവം പുതുക്കി. ഇന്ത്യയില്‍ സിനിമക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ ഫാല്‍കെ അവാര്‍ഡ് നേടിയവരുടെ ചിത്രപ്രദര്‍ശനം രാവിലെ കലാ അക്കാദമിയില്‍ കേന്ദ്രമന്ത്രി എസ്. ജഗത് രാകേശ്വരന്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തില്‍നിന്ന് ഫാല്‍കെ അവാര്‍ഡ് ജേതാക്കളുടെ നിരയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മാത്രമാണുള്ളത്. 1969 ല്‍ ആദ്യമായി ഫാല്‍കെ അവാര്‍ഡ് നേടിയത് ദേവികാ റാണിയാണ്.
അവസാനവര്‍ഷം അത് തെലുങ്ക് സിനിമയിലെ കുലപതി ഡി. രാമനായിഡുവിനാണ് ലഭിച്ചത്. സത്യജിത്ത് റായ്, മൃണാള്‍സെന്‍, യാഷ് ചോപ്ര, ഋഷികേശ് മുഖര്‍ജി, ലതാ മങ്കേഷ്‌കര്‍, രാകേഷ് കപൂര്‍, പങ്കജ് മല്ലിക്, ശിവാജി ഗണേഷന്‍, ആശാ ബോണ്‍സ് ലെ, വി. ശാന്താറാം എന്നിവര്‍ ഫാല്‍കെ അവാര്‍ഡ് നേടിയവരില്‍ ഉള്‍പ്പെടുന്നു. പൂന ആര്‍കേവ് മുന്‍ ഡയറക്ടര്‍ പി.ജെ നായര്‍ അടക്കമുള്ള പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രദര്‍ശനം ചലച്ചിത്രോത്സവത്തോടൊപ്പം സമാപിക്കും.
പനോരമാ വിഭാഗത്തില്‍ 'പാ'യും 'രാവണും'
ഇന്ത്യന്‍ പനോരമയില്‍ ത്രീ ഇഡിയറ്റ്‌സ്, വേക്ക് അപ്പ് സിഡ്, പാ എന്നീ ഹിന്ദി ചിത്രങ്ങളും രാവണ്‍ എന്ന തമിഴ് ചിത്രവും കാല്‍ച്ചിലമ്പും (മലയാളം) പ്രദര്‍ശിപ്പിക്കുന്നു. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മറാത്തി ചിത്രമായ 'മി സിന്ധുതായ് സപ്കാല്‍' 12 വയസ്സില്‍ വിവാഹിതയാകേണ്ടിവന്ന സിന്ധുതായിയുടെ യഥാര്‍ഥ കഥയാണ്.
ബോഡിബില്‍ഡിങ് താരമായ പ്രദീപ് കുമാര്‍ സിങ്ങിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു, 'മിസ്റ്റര്‍ ഇന്ത്യ' എന്ന 47 മിനിറ്റ് ഡോക്യുമെന്ററി എച്ച്.ഐ.വി. ബാധിതനായിട്ടും തളരാതെ കായികരംഗത്ത് പോരാടി മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയ പ്രദീപ് കുമാറിനെക്കുറിച്ചുള്ള ദൃശ്യാവിഷ്‌കാരമാണ്. ഹോബം പബന്‍ കുമാറാണ് സംവിധായകന്‍.
പ്രേംചന്ദ്