Mathrubhumi Logo
  ragavan thirumulpad

ചാലക്കുടിക്ക് നഷ്ടമായത് ആചാര്യശ്രേഷ്ഠനെ

Posted on: 22 Nov 2010

ചാലക്കുടി: വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്പാടിന്റെ ദേഹവിയോഗം ചാലക്കുടിക്ക് കനത്തനഷ്ടമായി. പതിറ്റാണ്ടുകളായി ചാലക്കുടിയെ സാംസ്‌കാരികമായി നയിച്ച ആചാര്യശ്രേഷ്ഠനെയാണ് നഷ്ടമായത്.

പട്ടണത്തില്‍ വലിയ സുഹൃദ്ബന്ധമുണ്ടായിരുന്നു തിരുമുല്പാടിന്. എന്തിനെക്കുറിച്ചും ആധികാരികമായി സംസാരിക്കുവാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു.

ഈ കഴിവ് ചികിത്സ തേടിയെത്തുന്നവര്‍ക്ക് മാത്രമല്ല ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ക്കെല്ലാം അനുഭവപ്പെട്ടിരുന്നു. സദ്പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോഴും പ്രതിസന്ധികളിലും തിരുമുല്പാടിന്റെ ഉപദേശം തേടിയെത്തുന്നവരുടെ എണ്ണം നിരവധിയായിരുന്നു.

കൂടിച്ചേരുന്നവര്‍ക്കൊക്കെ നല്ല സുഹൃത്തായിരുന്നു അദ്ദേഹം. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പേരുചൊല്ലി ആളുകളെ വിളിക്കും. സൗഹാര്‍ദ്ദത്തിന് ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളുണ്ടായിരുന്നില്ല.

വീട്ടുവിശേഷവും നാട്ടുകാര്യവും രോഗിപരിചരണത്തിടെ വിഷയമാക്കും. തന്നെ തേടിയെത്തുന്ന ശിഷ്യഗണങ്ങള്‍ക്കും തത്ത്വാനേഷികള്‍ക്കും വേണ്ടി അദ്ദേഹം മണിക്കൂറുകള്‍ ചെലവഴിക്കും. സൂര്യന് താഴെയുള്ള എന്തിനെക്കുറിച്ചും അദ്ദേഹം ദാര്‍ശനികന്റെ സാമര്‍ത്ഥ്യത്തോടെ വാക്കുകള്‍ ഉതിര്‍ക്കും... സമയം പോകുന്നതറിയാതെ.

ഏതാനും മാസംമുമ്പ് വരെ കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെപേര്‍ തിരുമുല്പാടിന്റെ ചികിത്സതേടി ചാലക്കുടിയിലെ 'രാജവിഹാറി'ലെത്താറുണ്ടായിരുന്നു.

മേധാപട്കറുള്‍പ്പടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരും തിരുമുല്പാടിന്റെ ഉപദേശം തേടി എത്തിയിട്ടുണ്ട്.



ganangal