Mathrubhumi Logo
  ragavan thirumulpad

ആയാസമില്ലാതെ ജീവിതം; അനായാസേന മരണവും

ഇ.ജി. രതീഷ്‌ Posted on: 22 Nov 2010



ചാലക്കുടി: ആ മുഖ തേജസ് കെടുത്തുവാന്‍ മരണവും മടിച്ചപോലെ തോന്നി. വീട്ടിനുള്ളിലെ നിലത്ത് ശാന്തവും ദീര്‍ഘവുമായ ഒരു നിദ്രയിലെന്ന പോലെ കിടക്കുകയാണ് രാഘവന്‍ തിരുമുല്‍പ്പാട്.

''രാവിലെ അഞ്ചരയ്ക്ക് ഞാന്‍ എണീറ്റപ്പോള്‍ അച്ഛന്‍ ഉറങ്ങുകയാണ്. ബാത്ത്‌റൂമില്‍ പോയി ഞാന്‍ തിരിച്ചുവന്നപ്പോള്‍ ശ്വാസം നിലച്ചിരുന്നു''-ഞായറാഴ്ച രാവിലെ അച്ഛന്റെ അന്ത്യനിമിഷങ്ങളെ മകന്‍ മുരാരി ഓര്‍മിച്ചു. രണ്ടുമൂന്നുദിവസമായി തിരുമുല്പാടിന് ശ്വാസതടസ്സമുണ്ട്. തലേദിവസം അര്‍ധരാത്രി വരെ മക്കള്‍ അച്ഛനു സമീപമുണ്ടായിരുന്നു. മകന്‍ മുരാരിയാണ് ഒപ്പം കിടന്നിരുന്നത്. ജ്ഞാനത്തിന്റെ നരവീണ മുഖത്ത് ചിരി ഒളിപ്പിച്ച പോലെ ശയിക്കുന്ന ആചാര്യനെ കാണാന്‍ ശിഷ്യഗണം ഒഴുകിയെത്തി. എഴുത്തുകാരനായ സി.ആര്‍. പരമേശ്വരന്‍ ആ ഭാവത്തെ മുമ്പ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്-''സോക്രട്ടീസിന്റെ ചിരി''. ചിലര്‍ക്ക് അദ്ദേഹം താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനത്തിലെ അത്ഭുതവൈദ്യന്‍ 'ജീവന്‍മാശായി' ആയിരുന്നു.

അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയവരുടെ വൈവിധ്യം തന്നെ തിരുമുല്പാടിന്റെ വ്യക്തിത്വത്തെ വിളിച്ചറിയിച്ചു. ചാലക്കുടിപ്പുഴ സംരക്ഷണസമിതിയുടെ ഭാരവാഹികളും അതിലുണ്ട്. ആ സംഘടനയുടെ ആദ്യ പ്രസിഡന്റായിരുന്നു അദ്ദേഹം. ശരീരത്തിന്റെ ആരോഗ്യത്തെ പ്രകൃതിയുടെയും സമൂഹത്തിന്റെയും അരോഗാവസ്ഥയുമായി ബന്ധിപ്പിക്കുന്ന ദര്‍ശനമാണ് തിരുമുല്പാട് പുലര്‍ത്തിയതെന്ന് അവരുടെ സാന്നിധ്യം വിളിച്ചറിയിച്ചു. മുരിയാട് കര്‍ഷകസമരത്തിന്റെ നേതാവായ വര്‍ഗീസ് തൊടുപറമ്പില്‍ തങ്ങളുടെ സമരത്തില്‍ രാഘവന്‍ തിരുമുല്പാട് പുലര്‍ത്തിയ താല്പര്യം ഓര്‍മിച്ചു. ''മുരിയാട് കായല്‍പ്രദേശത്താണ് ഏറെ ജലഔഷധസസ്യങ്ങള്‍ ഉള്ളതെന്ന്തിരുമുല്പാട് പറയുമായിരുന്നു. കൃഷി തന്നെ ഒരു വിധത്തില്‍ പ്രകൃതിക്ക് പരിക്കേല്പിക്കലാണെന്ന് അദ്ദേഹം സൂചിപ്പിക്കും. 80കള്‍ക്ക് ശേഷം തിരിച്ചെടുക്കാനാവാത്ത വിധം പ്രകൃതി നശിപ്പിക്കപ്പെട്ടുവെന്നും ആ മനുഷ്യന്‍ വേദനിച്ചു'' ആയുര്‍വേദ വൈദ്യന്റെ വ്യത്യസ്തമായ വീക്ഷണം അദ്ദേഹം പങ്കിട്ടു.

നവതി കഴിഞ്ഞ ആയുര്‍വേദ ചികിത്സകനെ അവസാനമായി ഒന്നു കാണാനെത്തിയവരില്‍ ഏറെയും ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരുമാണ്. ചികിത്സാമുറിയില്‍ രോഗികളെ പരിശോധിക്കുമ്പോള്‍ അടുത്തുവന്നിരിക്കാന്‍ സ്വാതന്ത്ര്യം അവര്‍ക്കുണ്ടായിരുന്നു. ''പഥ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ നിഷ്‌കര്‍ഷ. ഞങ്ങളോടും അതു പറയും. ആ കുറിപ്പടികളില്‍ ഒരുപാട് മരുന്നുകള്‍ ഒരിക്കലും കണ്ടിട്ടില്ല. ഒരു കഷായം, ലേഹ്യം, കൂടി വന്നാല്‍ ഒരു അരിഷ്ടം അത്രമാത്രം. പക്ഷേ ആ കുറിപ്പടിക്കു പിന്നില്‍ അദ്ദേഹം വിശദമായ പഥ്യം എഴുതിയിരിക്കും. അത് രോഗമുള്ളപ്പോള്‍ മാത്രമല്ല, എപ്പോഴും പാലിക്കേണ്ട ആഹാര-ആരോഗ്യശീലങ്ങളാണ്''-ആറുവര്‍ഷമായി രാഘവന്‍ തിരുമുല്പാടിന്റെയടുത്ത് പഠനത്തിനെത്തുന്ന ഡോ.പി.ബി. സ്മിന പറഞ്ഞു. വൈദ്യരത്‌നം നഴ്‌സിങ് ഹോമില്‍ ഫിസിഷ്യയായ സ്മിനയും അവസാനത്തെ ശിഷ്യയെന്ന് അഭിമാനിക്കുന്ന ഇവിടുത്തെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനി ശരണ്യയും പറഞ്ഞു.

അതീവലളിതമായ ചികിത്സാമുറിയാണ് തിരുമുല്‍പ്പാടിന്റേത്. ഒരു ചാരുകസേരയും മേശയും. അടുത്തുള്ള ഷെല്‍ഫില്‍ പ്രിയപത്‌നിയുടെ ചിത്രം, ശ്രീനാരായണഗുരുവിന്റെ ചിത്രം, ഗാന്ധിജിയുടെ ഒരു കൊച്ചുപ്രതിമ, അഷ്ടാംഗഹൃദയം, സഹസ്രയോഗം എന്നിവയുടെ ഓരോ പ്രതികള്‍ അത്രമാത്രം. ''എന്നും ചികിത്സ കഴിയുമ്പോള്‍ കിട്ടിയ പണമൊക്കെ തൂത്തുവാരിയെടുത്ത് ഞങ്ങളോട് എണ്ണാന്‍ പറയും. കൃത്യമായ ഫീസൊന്നുമില്ല. ആയിരമോ, രണ്ടായിരമോ രൂപ ഉണ്ടാകും. ജീവിക്കാന്‍ ഇത്രയൊക്കെ പോരേ എന്നു ഞങ്ങളോട് ചോദിക്കും. മതിയെന്ന് ഞങ്ങള്‍ പറയുമ്പോള്‍ അദ്ദേഹത്തിനും സന്തോഷം''-ശിഷ്യകള്‍ ഓര്‍മിച്ചു.

മുമ്പുതന്നെ ഈ ഗുരുകുലാധ്യാപനത്തെക്കുറിച്ച് രാഘവന്‍ തിരുമുല്‍പ്പാട് ഇങ്ങനെ എഴുതി ''എല്ലാ ആയുര്‍വേദ കോളേജില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എന്റെ ചികിത്സാ രീതി കണ്ടു മനസ്സിലാക്കാന്‍ വരാറുണ്ട്. ഞങ്ങള്‍ക്ക് ഗുരുനാഥന്‍ മാത്രമല്ല, മുത്തച്ഛനും കൂടിയാണെന്ന് പരസ്യമായിപറയാറുണ്ട്. ഒരു പ്രതിഫലവും വാങ്ങാറില്ല''-സ്‌നേഹനിധിയായ മുത്തച്ഛന്റെ വേര്‍പാടിന്റെ വേദനയാണ് ആ ശിഷ്യരില്‍ കാണാന്‍ കഴിഞ്ഞതും.

പണത്തെക്കുറിച്ച് അദ്ദേഹം ശിഷ്യരോട് സ്ഥിരമായി പറയാറുള്ള ഒരു സംഗതിയും അവര്‍ ഓര്‍മിപ്പിച്ചു. ''അവനവന്റെ പ്രവൃത്തി ആത്മാര്‍ത്ഥമായി ചെയ്തുകൊണ്ടിരുന്നാല്‍ പണം തനിയെ വന്നുകൊള്ളും''. വലിയ ബുദ്ധിമുട്ടുള്ള ബാല്യം തരണം ചെയ്തയാളാണ് രാഘവന്‍ തിരുമുല്‍പ്പാട്. പക്ഷേ പണമുണ്ടാക്കുവാന്‍ വേണ്ടി ആയാസപ്പെടുകയൊന്നും ഉണ്ടായിട്ടില്ല. അത്യാവശ്യമുള്ളതു കിട്ടുന്നതില്‍ സന്തോഷിച്ചു.ചെന്നു കാണുന്നവരിലൊക്കെ ആ സന്ദേശം പകര്‍ന്നു.

തുറന്നു കിടന്ന ഗേറ്റില്‍ 'രാഘവന്‍ തിരുമുല്‍പ്പാട്-ചികിത്സാ സമയം രാവിലെ 8 മുതല്‍ 1 വരെ' എന്നെഴുതിയിട്ടുണ്ടായിരുന്നു. ഇനിയും ആ കവാടങ്ങള്‍ രോഗികള്‍ക്കായി തുറന്നുകിടക്കും. പക്ഷേ അദ്ദേഹം ഉണ്ടാകില്ല.



ganangal