ഒരപൂര്‍വവൈദ്യന്‍
ഡോ. പി.കെ. വാരിയര്‍ Posted on: 22 Nov 2010

വൈദ്യവൃത്തിയില്‍ തോജോമയമായ ഒരു കാലഘട്ടത്തിന്റെ അസ്തമയമായി. ഭൗതികശരീരം വെടിഞ്ഞാലും രാഘവന്‍ തിരുമുല്പാടിന്റെ സംഭാവനകളുടെ ആകെത്തുകയായി ജ്ഞാനമയ ശരീരമുണ്ട്. അതിനു നാശമില്ല.
തിരുമുല്പാട് ഒരു അപൂര്‍വവൈദ്യന്‍ തന്നെയായിരുന്നു. റെയില്‍വെയില്‍ ഉദ്യോഗസ്ഥനായിരിക്കെ ബാധിച്ച രോഗത്തിനുള്ള ചികിത്സ മൂലമാണ് തിരുമുല്പാട് ആയുര്‍വേദവും നാട്ടുചികിത്സയും ആയി ചേര്‍ച്ചപ്പെട്ടത്. പഠനം കഴിഞ്ഞ് പിന്നെയും വിദ്യാഭ്യാസത്തിനായി പഠനം തുടര്‍ന്ന തിരുമുല്പാടിന്റെ ഒരു വിലാസവേദി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ സെമിനാറുകളായിരുന്നു. അതിനുവേണ്ടി പിന്നെയും പിന്നെയും നടത്തേണ്ടിവന്ന ഗ്രന്ഥപഠനമാണ് തന്റെ നേട്ടങ്ങള്‍ക്കെല്ലാം അടിസ്ഥാനകാരണമെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
വൈദ്യന്‍ മാത്രമായിരുന്നില്ല തിരുമുല്പാട്. അദ്ദേഹത്തിന്റെ കൃതികള്‍ നോക്കിയാല്‍ ആ പ്രതിഭയുടെ ബഹുമുഖത്വം വെളിപ്പെടും. ഗീതയ്ക്ക് വൃത്താനുവൃത്തമായ തര്‍ജമ, ബുദ്ധമത സംബന്ധിയായി പാലിഭാഷയിലുള്ള ധര്‍മപദത്തിനും പരിഭാഷ, തിരുക്കുറലിനും ദേവീ മഹാത്മ്യത്തിനും ഭാഷാന്തരം, വേറെയും സംസ്‌കൃതകാവ്യങ്ങള്‍, ഗാന്ധിവിമര്‍ശനത്തിനുള്ള മറുപടിയായി 'ഇസവും മഹാത്മാവും' എന്നൊരു പുസ്തകം; ആയുര്‍വേദ വിഷയകമായി നിരവധി ഗ്രന്ഥങ്ങള്‍-രാഘവന്‍ തിരുമുല്പാടിനു താല്പര്യമില്ലാത്ത വിഷയങ്ങള്‍ ചുരുക്കം. ചികിത്സയുടെ തത്ത്വശാസ്ത്രവിഷയകമായി രസവൈശേഷികം എന്ന ഗ്രന്ഥം ഈയിടെ ആര്യവൈദ്യശാലയില്‍ നിന്നു പുറത്തിറക്കാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു. തിരുമുല്പാടിന്റെ നേട്ടങ്ങളെ ഓര്‍ക്കുമ്പോള്‍ കവിവാക്യം അര്‍ത്ഥഗര്‍ഭമാവുന്നു-
''ചിതയില്‍ ദഹിച്ചതു മൃത്യുവിന്‍ ചിറകത്രേ ജിതമൃത്യുവാമാത്മാവെന്നെന്നും ജയിയ്ക്കുന്നു''.