നമ്മുടെ കാലത്തെ ചരകന്‍
ഡോ.എം.എസ്. വല്യത്താന്‍ Posted on: 22 Nov 2010

പത്തിരുപതുകൊല്ലം മുമ്പാണ് ബാംഗ്ലൂരിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗാന്ധി സ്മാരകപ്രഭാഷണം നടത്താന്‍ അവസരം ലഭിച്ചപ്പോള്‍ ചരകനെപ്പറ്റി സംസാരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതിനുവേണ്ടി പഠിച്ചു തുടങ്ങിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. വൈദ്യശാസ്ത്രത്തിനപ്പുറമുള്ള എത്രയോ സംഗതികള്‍ കൈകാര്യം ചെയ്യുന്നുണ്ട് ചരകസംഹിത. പ്രഭാഷണം കഴിഞ്ഞപ്പോള്‍, സദസ്സിലുണ്ടായിരുന്ന പ്രൊഫസര്‍ സതീഷ്ധവാന്‍ എന്നോടുവന്നു പറഞ്ഞു-മറ്റെല്ലാ ഭാരതീയരെയും പോലെ ചരകനെപ്പറ്റി താനും കേട്ടിട്ടുണ്ട് എന്നല്ലാതെ പ്രഖ്യാതമായ ചരകസംഹിതയില്‍ ജീവിതത്തെയും ആരോഗ്യത്തെയും സംബന്ധിച്ച് ഇത്രയും ഗഹനമായ ദര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്നുണ്ടെന്ന കാര്യം അറിയില്ലായിരുന്നു. അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു-ഈ വിഷയത്തില്‍ താങ്കള്‍ ഗൗരവമായി എന്തെങ്കിലും എഴുതണം.
വര്‍ഷങ്ങള്‍ കഴിഞ്ഞ്, മണിപ്പാലിലെ വൈസ്ചാന്‍സലര്‍ പദവിയൊഴിഞ്ഞ ശേഷം ഗവേഷണപഠനങ്ങള്‍ക്കായി ഹോമിഭാഭ കൗണ്‍സിലിന്റെ ഒരു സീനിയര്‍ ഫെല്ലോഷിപ്പു കിട്ടിയപ്പോഴാണ് ചരകനെപ്പറ്റി ഒരു പുസ്തകമെഴുതാന്‍ അവസരം തെളിഞ്ഞത്.
മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി രാഘവന്‍ തിരുമുല്പാടിനെ സമീപക്കയല്ലാതെ വഴിയില്ലെന്ന് എനിക്ക് മനസ്സിലായി. കാരണം അദ്ദേഹത്തിന്റെ 'ആയുര്‍വേദ പരിചയം' എന്നൊരു ചെറുപുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ പോയി അദ്ദേഹത്തെക്കണ്ടു. തിരുമുല്പാടിന് ആശ്ചര്യമായിരുന്നു. ജീവിതം മുഴുവന്‍ ആയുര്‍വേദത്തിനായി ഉഴിഞ്ഞുവെച്ച അദ്ദേഹം ഇത്രയും നാള്‍ ശസ്ത്രക്രിയയുമായി കഴിഞ്ഞ എന്നെ ഏതുവിധത്തിലാണ് സഹായിക്കുക! പക്ഷേ ബൃഹത്രയികളില്‍ ഏറ്റവും കഠിനമെന്നു വ്യപദേശിക്കപ്പെട്ട ആ പ്രാചീനകൃതി പഠിച്ചെടുക്കാനുള്ള എന്റെ പഠനപദ്ധതി അദ്ദേഹം സൗജന്യമാധുരിയോടെ ക്ഷമാപൂര്‍വം കേട്ടിരുന്നു. ഒടുവില്‍ അദ്ദേഹം നിര്‍ദേശിച്ചു... ആകെയുള്ള 120 അധ്യായങ്ങളില്‍ ക്രമമായി ഏതാനുമെണ്ണം പഠിച്ചുവരിക. അതിനെപ്പറ്റി അദ്ദേഹവുമായി ചര്‍ച്ച നടത്താം. ഇങ്ങനെ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ചാലക്കുടിയില്‍ ചെന്ന്, ഞാന്‍ പഠിച്ച കാര്യങ്ങളില്‍ വിശദപഠനം. എന്റെ കരടുരചന ഇങ്ങനെയാണ് അവസാന രൂപത്തിലേക്ക് വന്നത്. തെറ്റുതിരുത്തുക, അസ്പഷ്ടാശയങ്ങള് തെളിയിച്ചെടുക്കുക, ഒന്നും വിട്ടുപോകാതെ നോക്കുക തുടങ്ങി, ആയുര്‍വേദം പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എന്റെ രചനയ്ക്ക് നല്ലൊരു മതിപ്പു കിട്ടാനുള്ള എല്ലാം. ചരകം പഠിക്കാനുള്ള എന്റെ രണ്ടുമൂന്നുമാസം കൂടുമ്പോഴുള്ള ചാലക്കുടി സന്ദര്‍ശനങ്ങളും കൂടിക്കാഴ്ചകളും ഇങ്ങനെ രണ്ടുവര്‍ഷത്തിലേറെ നീണ്ടു.
അപാരമായ ക്ഷമയോടെ, സൗമ്യനായി അഹങ്കാരലേശമെന്യേ അദ്ദേഹം കൃതിയിലെ ക്ലിഷ്ടസന്ധികള്‍ അനായാസം അതീവസരളമായി വിശദീകരിച്ചുതരും. ഞാനെഴുതിയതിലെ പിഴ തീര്‍ത്തുതരും. തെളിമ പോരാത്തിടങ്ങള്‍ തെളിയിച്ചുതരും. പുരാതനമായ മാര്‍ഗനിര്‍ദേശങ്ങളുടെ പൊരുള്‍ തിരിഞ്ഞുകിട്ടാന്‍ അതതിടങ്ങളില്‍ സ്വാനുഭവങ്ങളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ നിരത്തും. ചരകനോടും അദ്ദേഹത്തിന്റെ ആയുര്‍വേദ പൈതൃകത്തോടുമുള്ള ആദരവിനോളം തന്നെ ആഴമുള്ളതാണ് തിരുമുല്പാടിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ ജ്ഞാനവും. ആയുര്‍വേദപഠനത്തില്‍ എനിക്ക് തുറന്നുകിട്ടിയ ഏറ്റവും ഉത്കൃഷ്ടമായ വാതായനവും അതുതന്നെ. രണ്ടായിരമാണ്ടുകള്‍ക്കപ്പുറം ചരകമഹര്‍ഷി എങ്ങനെയായിരുന്നുവോ, അതേ ആരാധ്യാചാര്യ രൂപമായാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്.