വില്‍ക്കാന്‍ വെക്കാത്ത വൈദ്യം
Posted on: 22 Nov 2010

അറിവും കഴിവും ലോകക്ഷേമത്തിനായി കിട്ടിയ സമ്പത്താണെന്ന ഗാന്ധിയന്‍ ട്രസ്റ്റിഷിപ്പ് സിദ്ധാന്തം ചികിത്സയിലേക്കു വ്യാപരിപ്പിച്ച വൈദ്യനാണ് രാഘവന്‍ തിരുമുല്പാട്.
ദാരിദ്ര്യത്തിനും പട്ടിണിക്കും ഇടയിലുള്ള ഒരു കാലത്തുകൂടിയാണ് ചാലക്കുടിയില്‍ തിരുമുല്പാടിന്റെ ബാല്യം കടന്നുപോയത്. സ്‌കോളര്‍ഷിപ്പില്ലായിരുന്നെങ്കില്‍ പഠിക്കാന്‍ പറ്റുമായിരുന്നില്ല. വീട്ടിലേക്ക് എന്തെങ്കിലും തുക അയച്ചുകൊടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ദക്ഷിണറെയില്‍വേയിലെ ജോലി സ്വീകരിച്ചത്. എന്നാല്‍, അവിടത്തെ അഴിമതിയോട് പൊരുത്തപ്പെടാനായില്ല. രോഗങ്ങള്‍ ബാധിക്കുകയും ചെയ്തു. നാട്ടിലെത്തി ആയുര്‍വേദചികിത്സ തേടി. ആയുര്‍വേദം പഠിക്കാന്‍ നിമിത്തമായതും അതുതന്നെ.
ഉണ്ണാനും ഉറങ്ങാനും ഉണരാനും മരുന്നെഴുതുന്ന സമ്പ്രദായത്തിലേക്ക് ആധുനികചികിത്സ മാറിയപ്പോള്‍ രോഗപ്രതിരോധത്തിനുള്ള ആയുര്‍വേദരീതികള്‍ അദ്ദേഹം പ്രചരിപ്പിച്ചു. പഥ്യത്തില്‍ നിഷ്‌കര്‍ഷിച്ച് ലളിതമായ മരുന്നുകള്‍ മാത്രം എഴുതി. അനാരോഗ്യ ജീവിതചര്യകളും ഭക്ഷണങ്ങളും അപഥ്യത്തിന്റെ ഗണത്തില്‍ വരുമെന്നും അദ്ദേഹം കണ്ടെത്തി. മനോവിഭ്രമം, ഉന്മാദം തുടങ്ങിയ രോഗങ്ങളടക്കം അദ്ദേഹം ഇങ്ങനെ മാറ്റിയിട്ടുണ്ട്. പല അലോപ്പതിചികിത്സകരും രോഗികളെ തിരുമുല്പാടിന്റെ അടുത്തേക്ക് വിട്ടിരുന്നു. ഗുരുതരമായി കുത്തേറ്റ സൈമണ്‍ ബ്രിട്ടോ യെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതില്‍ തിരുമുല്പാടിന്റെ ഉപദേശങ്ങള്‍ക്കും പങ്കുണ്ട്.
ഉച്ചവരെ ചികിത്സയും അതിനുശേഷം പൊതുപ്രവര്‍ത്തനവും എന്ന ശൈലി അദ്ദേഹം ദീര്‍ഘകാലം തുടര്‍ന്നു. ഗാന്ധിജിയെ വിമര്‍ശിച്ച് ഇ.എം.എസ് എഴുതിയ ഗ്രന്ഥത്തിന് മറുപടിയായി. 'ഇസവും മഹാത്മാവും' എന്ന പുസ്തകം രചിച്ചു. തിരുക്കുറള്‍ തമിഴില്‍നിന്നും ഭഗവദ്ഗീത വൃത്താനുവൃത്തവും ധര്‍മപദം പാലിയില്‍നിന്നും പരിഭാഷപ്പെടുത്തിയത് അദ്ദേഹത്തിന്റെ പരന്ന അറിവിനു തെളിവാണ്. കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യപുരസ്‌കാരം, നാഷണല്‍ ആയുര്‍വേദ അക്കാദമിയുടെ ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്.
അധ്യാപകനായി പരിവേഷം ഇല്ലാത്തപ്പോള്‍തന്നെ, വിദ്യാര്‍ഥികളുമായി ഇത്ര ഇടപഴകിയവര്‍ ഇല്ല. വിജയദശമിക്ക് അനേകം വൈദ്യവിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് വിദ്യാരംഭം കുറിച്ചിരുന്നു. ഒരു ഫൗണ്ടേഷന്‍ തന്നെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ പേരില്‍ തുടങ്ങി. ക്രിയാക്രമം, രാഘവീയം, തന്ത്രയുക്തിവിവേകം, രസവൈശേഷിക വ്യാഖ്യാനം, മുഖക്കണ്ണാടി, ഭൈഷജ്യദര്‍ശനം തുടങ്ങിയവയൊക്കെ കൃതികളാണ്.