രാഘവന്‍ തിരുമുല്‌പാട് ഓര്‍മയായി
Posted on: 22 Nov 2010

ചികിത്സയിലും ഗുരുകുലരീതിയിലുള്ള അധ്യാപനത്തിലും മുഴുകിക്കഴിഞ്ഞ അദ്ദേഹം ഏതാനും ദിവസങ്ങളായി വിശ്രമത്തിലായിരുന്നു. ഇടയ്ക്കിടെ ശ്വാസതടസ്സമുണ്ടായി. ഞായറാഴ്ച രാവിലെ ഉറക്കത്തിനിടയില്‍ മരണം സംഭവിച്ചു. നാല് ആണ്‍മക്കളും സമീപത്തുണ്ടായിരുന്നു. ആരാധകരും ചികിത്സകരും ശിഷ്യരുമൊക്കെയായി വലിയൊരു ജനാവലി മരണമറിഞ്ഞ് വീട്ടിലേക്കൊഴുകി.
1920 മെയ് 20ന് ആലപ്പുഴ ചിങ്ങേലി സ്രാമ്പിക്കല്‍ മഠത്തില്‍ സി. നാരായണയ്യരുടെയും ചാലക്കുടി കിഴക്കേമഠത്തില്‍ കെ. ലക്ഷ്മിക്കുട്ടി നമ്പിഷ്ടാതിരിയുടെയും മകനായി ജനിച്ച രാഘവന്‍ തിരുമുല്പാടിന്റെ പ്രാഥമിക വിദ്യാഭ്യാസം ചാലക്കുടി സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു. സംസ്‌കൃത വ്യാകരണവും തര്‍ക്കവും ജ്യോത്സ്യവുമൊക്കെ പഠിച്ചു.
വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി ദക്ഷിണറെയില്‍വേയില്‍ ജോലിക്ക് കയറി. എന്നാല്‍, രോഗങ്ങള്‍ മൂലം വലഞ്ഞു. അതില്‍നിന്ന് കരകയറ്റിയത് ആയുര്‍വേദമാണ്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടിലേക്ക് മടങ്ങുകയും പള്ളിപ്പുറത്ത് വാസുദേവന്‍ നമ്പീശന്റെ വീട്ടില്‍ താമസിച്ച് വൈദ്യം പഠിക്കുകയും ചെയ്തു. 1950ല്‍ കൊച്ചി സര്‍ക്കാരിന്റെ 'വൈദ്യഭൂഷണം' ഒന്നാമനായി ജയിച്ചു. തുടര്‍ന്ന് പഞ്ചകര്‍മ ചികിത്സയിലും മുംബൈയില്‍ നിന്ന് പ്രകൃതിചികിത്സയിലും പ്രാവീണ്യം നേടി. 1951-ല്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സിലില്‍ 'എ' ക്ലാസ് മെഡിക്കല്‍ പ്രാക്ടീഷണറായി രജിസ്റ്റര്‍ ചെയ്തു. വൈദ്യശാലയോ മരുന്നുല്പാദനശാലയോ ഇല്ലാതെ, വീട്ടിലിരുന്ന് നടത്തിയ ചികിത്സയിലൂടെ ഗാന്ധിജിയുടെ ഗ്രാമവൈദ്യനെന്ന സങ്കല്പത്തെ അദ്ദേഹം സാക്ഷാത്കരിച്ചു.
ഡോ.എം.എസ്. വല്യത്താനുള്‍പ്പെടെ അനേകം പ്രഗത്ഭരും വൈദ്യവിദ്യാര്‍ത്ഥികളും ഇവിടെയെത്തി അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നു. 35-ഓളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അഷ്ടാംഗദര്‍ശനം, വാഗ്ഭടന്റെ അഷ്ടാംഗ സംഗ്രഹപരിഭാഷ, ആയുര്‍വേദ ദര്‍ശനം തുടങ്ങിയ ആയുര്‍വേദ കൃതികളും ഇസവും മഹാത്മാവും, ബുദ്ധധര്‍മം, തിരുക്കുറള്‍ പരിഭാഷ തുടങ്ങിയ ഇതരകൃതികളും ഇതില്‍ വരും. മാതൃഭൂമിയുടെ ആരോഗ്യമാസികയില്‍ 17 വര്‍ഷമായി 'വൈദ്യദൃഷ്ടി' എന്ന പംക്തി കൈകാര്യം ചെയ്തുവരികയായിരുന്നു. അനേകം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള തിരുമുല്പാട് കേരള-എം.ജി. സര്‍വകലാശാല, കോയമ്പത്തൂര്‍ ആര്യവൈദ്യ ആയുര്‍വേദ കോളേജ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, കാലടി സര്‍വകലാശാല സിന്‍ഡിക്കേറ്റ് തുടങ്ങിയവയില്‍ അംഗമായിരുന്നു.
ഭാര്യ നിരണം കടപ്ര തുളസിശാല കോയിക്കല്‍ വിശാലാക്ഷി തമ്പുരാട്ടി രണ്ടുവര്‍ഷം മുമ്പാണ് മരിച്ചത്. മക്കള്‍: കെ. മുകുന്ദന്‍ (ചീഫ് മാനേജര്‍, ഇന്ത്യന്‍ ബാങ്ക്, എറണാകുളം), ഡോ.കെ. മുരളി (പ്രൊഫസര്‍, കായചികിത്സാ വിഭാഗം, ഗവ. ആയുര്‍വേദ കോളേജ്, തൃപ്പൂണിത്തുറ), കെ. മുരാരി (അസിസ്റ്റന്‍റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി, പാല), ഡോ.കെ. മുത്തുലക്ഷ്മി (വേദാന്തവിഭാഗം അധ്യാപിക, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തിരുവനന്തപുരം സെന്‍റര്‍), ആര്‍. രവിവര്‍മ (വൈസ്പ്രസിഡന്റ്, മാര്‍ക്കറ്റിങ്, ടൂറിസം, ഇന്ത്യ പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്). മരുമക്കള്‍-സുജ, സുധാവര്‍മ, കെ. ശ്രീകല, മാധ്യമനിരൂപകന്‍ ഡോ.സി.എസ്. വെങ്കിടേശ്വരന്‍ (തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ടാകേ്‌സഷന്‍ സ്റ്റഡീസ് ഉദ്യോഗസ്ഥന്‍).
മൃതദേഹത്തില്‍ മുഖ്യമന്ത്രിക്കുവേണ്ടി ജില്ലാ കളക്ടര്‍ എ.ടി. ജെയിംസ് പുഷ്പചക്രം അര്‍പ്പിച്ചു. മന്ത്രി കെ.പി. രാജേന്ദ്രന്‍, കെ.പി. ധനപാലന്‍ എം.പി, വി.എം. സുധീരന്‍, എം.എല്‍.എ.മാരായ ബി.ഡി. ദേവസ്സി, എ.കെ. ചന്ദ്രന്‍, നഗരസഭാ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജെ. പ്രസാദ് എന്നിവരും അന്ത്യോപചാരങ്ങളര്‍പ്പിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഡയറക്ടര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക്‌സ് മീഡിയ എം.വി. ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ക്കുവേണ്ടിയും പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു.
എന്റെ എല്ലാ വഴികളും ഇവിടെയെത്തുന്നു... - സി.ആര്‍.പരമേശ്വരന്‍