Mathrubhumi Logo
  Mercy

ആദ്യത്തെ കൂടിക്കാഴ്ച, തുടര്‍ന്ന് ജീവിത യാത്ര

Posted on: 06 Sep 2009

തീ പാറുന്ന നോട്ടം. അല്പം പരുഷമായ ശബ്ദം. വിദ്യാര്‍ഥി നേതാവ് ചോദിച്ചു:

''കുട്ടിയാണോ മേഴ്‌സി കട്ടിക്കാരന്‍?''

മഹാരാജാസ് കോളേജിലെ പ്രീ ഡിഗ്രി വിദ്യാര്‍ഥിനി മേഴ്‌സിക്ക് അത് അനര്‍ഘ നിമിഷമായിരുന്നു. രവീന്ദ്രന്‍ എന്ന വയലാര്‍ രവിയുടെ ശബ്ദത്തിനു വേണ്ടി കാതോര്‍ത്ത്‌നില്‍ക്കുമായിരുന്നു മേഴ്‌സി. പ്രേമം അങ്ങനെ മൊട്ടിട്ടു.മേഴ്‌സിയും രവിയും ഒന്നുരണ്ട് വാക്കുകള്‍ ഉരുവിട്ടു. ഹൃദയം കൈമാറി. ഉശിരന്‍ വിദ്യാര്‍ഥി നേതാവായ രവിയെ മേഴ്‌സി ആരാധിച്ചിരുന്ന കാലം. മഹാരാജാസിലെ ബോട്ടണി വകുപ്പിന്റെ വരാന്തകളുടെ പിരിയന്‍ ഇരുമ്പുഗോവണിക്ക് സമീപമായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച.ബി.എ.ക്ക് പഠിച്ചിരുന്ന രവിയുടെ ഒരു സഹപാഠിയാണ് ഒരു ദിവസം സ്വകാര്യമായി പറഞ്ഞത്:

''രവീ, ഒരുത്തി നിന്നെ നോട്ടമിട്ടിട്ടുണ്ട്. ശരിക്ക് പിടിച്ചോ, പുളിങ്കൊമ്പാണ്''.

പിന്നെ പലപ്പോഴും സഹപാഠി മേഴ്‌സിയെക്കുറിച്ച് രവിയോട് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ രവി ദേഷ്യത്തോടെ പറയും: ''ഓ എന്ത് പ്രേമം. എടാ, അതിനൊന്നും നേരമില്ല''. പക്ഷെ, വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ നിന്ന് തീപ്പൊരി പ്രസംഗം നടത്തിയിരുന്ന കെ.എസ്.യു. നേതാവായ രവിയെ മേഴ്‌സി നിശ്ശബ്ദയായി ആരാധിച്ചു.
മേഴ്‌സി പിന്നീട് ബി.എസ്‌സി.ക്ക് ചേര്‍ന്നു. രവി ബി.എ. ക്ലാസിലും. വിദ്യാര്‍ഥി രാഷ്ട്രീയവും പ്രേമവും ഒന്നിച്ചുനീങ്ങിയ കാലം.

''രവിക്കാണെങ്കില്‍ വലിയ ഗ്ലാമറായിരുന്നു''

- മേഴ്‌സി പലപ്പോഴും പറയും. അതിനു കാരണമുണ്ടായിരുന്നു. കോളേജിനെയും വിദ്യാര്‍ഥികളെയും കിടുകിടാ വിറപ്പിച്ച പ്രിന്‍സിപ്പല്‍ പി.എസ്. വേലായുധന് രവിയോട് വലിയ കാര്യമായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പേരില്‍ രവിയെ പ്രിന്‍സിപ്പല്‍ ചിലപ്പോള്‍ കഠിനമായി ശകാരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ ഉള്ളിന്റെ ഉള്ളില്‍ നിന്ന് പ്രിന്‍സിപ്പല്‍ രവിയുടെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു: ''രവീ, നീ വലിയൊരു നേതാവാകും''. രവി അപ്പോള്‍ കൈകൂപ്പി വണങ്ങി. ആ നിമിഷം മേഴ്‌സിയോട് ഹൃദയത്തിന്റെ ഭാഷയില്‍ രവി കൈമാറിയിട്ടുണ്ട്. 1940-കളിലെ മുന്‍ പ്രിന്‍സിപ്പല്‍ കരുണാകരന്‍ നായര്‍ക്കു ശേഷം കോളേജ് കാമ്പസിലെ 'ടെറര്‍' ആയിരുന്നു പലപ്പോഴും പരുഷഭാവത്തില്‍ നടന്നിരുന്ന പി.എസ്. വേലായുധന്‍. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ രവിക്ക് സ്ഥാനമുണ്ടായിരുന്നു.മേഴ്‌സിയുടെ പ്രേമം വീട്ടുകാര്‍ അറിഞ്ഞു. കട്ടിക്കാരന്‍കുടുംബക്കാരില്‍ ചിലര്‍ രോഷാകുലരായി. മേഴ്‌സിയുടെ സഹോദരനായ അഭിഭാഷകന്‍ കട്ടിക്കാരനും പലപ്പോഴും മുറുമുറുത്തു. മേഴ്‌സിയുടെ പിതാവ് മരിച്ചപ്പോള്‍ രവി അവിടെ എത്തി. പക്ഷേ, കുടുംബക്കാര്‍ നീരസം കാണിച്ചു. രവിക്ക് അത് സഹിച്ചില്ല.

''കല്യാണം ഇനി നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല,''

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ രവി പറഞ്ഞു. മേഴ്‌സിക്കാകട്ടെ മനസ്സ് നീറുകയായിരുന്നു. ചേച്ചിയുടെ കല്യാണം കഴിയാന്‍ കാത്തുനിന്നു. കല്യാണം മേഴ്‌സിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഒടുവില്‍ 1969 ജൂണ്‍ 9ന് ചേര്‍ത്തലയില്‍ വച്ച് വിവാഹിതരായി. അന്ന് രാവിലെ ബസ് സ്റ്റോപ്പില്‍ മേഴ്‌സി കാത്തുനിന്നു. കാറില്‍ കയറ്റി കൊണ്ടുപോയി. എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, എ.സി. ജോസ് തുടങ്ങിയവര്‍ കാറുകളില്‍ ഉണ്ടായിരുന്നു. ചേര്‍ത്തലയില്‍ രവിയുടെ അമ്മ ദേവകി കാത്തുനിന്നു. മേഴ്‌സിയെ കണ്ടപ്പോള്‍ അമ്മ ഒന്ന് നീട്ടി മൂളുകമാത്രം ചെയ്തു. കൂടുതല്‍ ഒന്നും ചോദിച്ചില്ല.അമ്മ പറഞ്ഞു: ''ഞാന്‍ ഉടനെ വരാം''. നേരെ പോയത് ചലച്ചിത്ര നിര്‍മാതാവ് കുഞ്ചാക്കോയുടെ ഭാര്യ അന്നമ്മയെ കാണാനാണ്. അന്നമ്മയോട് എറണാകുളത്തെ കട്ടിക്കാരന്‍ കുടുംബത്തെക്കുറിച്ചും ചോദിച്ചു. അന്നമ്മ പറഞ്ഞു:

''ദേവകീ, കൊള്ളാവുന്ന കുടുംബക്കാരാണ്''.

ദേവകിക്ക് സന്തോഷം. തിരിച്ചുവന്ന് രവിയുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. അമ്മ മകനെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. കല്യാണം നടന്നു. അര പവന്റെ മോതിരവും 18 രൂപയുടെ ഖദര്‍ സാരിയും മേഴ്‌സിക്ക് വിവാഹ സമ്മാനമായി നല്‍കിയത് എ.സി. ജോസിന്റെ ഭാര്യ ലീലാമ്മയാണ്.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ രവിയുടെ വീട്ടില്‍ കട്ടിക്കാരന്‍ കുടുംബക്കാര്‍ പടപോലെ എത്തി. മേഴ്‌സിയെ വിട്ടുതരണം-അതായിരുന്നു ആവശ്യം. രവിയുടെ വീട്ടില്‍ നാട്ടുപ്രമാണിമാര്‍ കൂടി. അവര്‍ പറഞ്ഞു:

''മേഴ്‌സിയോട് ചോദിക്കൂ. അവള്‍ക്കിഷ്ടമാണെങ്കില്‍ വിട്ടുതരാം''.

മേഴ്‌സി പറഞ്ഞു: ''ഞാന്‍ വരുന്നില്ല. വിവാഹം കഴിഞ്ഞതിനാല്‍ രവിയുടെ വീട്ടില്‍ താമസിക്കും''. ''നഷ്ടപരിഹാരം എന്തുവേണമെങ്കിലും തരാം,'' മേഴ്‌സിയുടെ ഒരു ബന്ധു രവിയുടെ അമ്മയോട് പറഞ്ഞു. ''മേഴ്‌സിയെ വിട്ടുതരണം''.മേഴ്‌സിക്ക് ഉറച്ച മനസ്സായിരുന്നു. കട്ടിക്കാരന്‍ കുടുംബക്കാര്‍ തിരിച്ചുപോയി; വെറും കൈയോടെ. അവര്‍ തിരിച്ചുപോകുന്ന വഴിയില്‍ നിന്ന് രവിയുടെ ബന്ധുവും നാട്ടുപ്രമാണിമാരില്‍ പ്രമുഖനുമായ ഒരാള്‍ പറഞ്ഞു:

''പെണ്‍കുട്ടിക്ക് വരാന്‍ ഇഷ്ടമില്ലെങ്കില്‍ നിങ്ങള്‍ എന്തിന് ബഹളം
വെയ്ക്കണം?''

കട്ടിക്കാരന്‍ കുടുംബത്തിലെ ഒരാള്‍ അപ്പോള്‍ മുഷ്ടിചുരുട്ടി ഒരു ഗുണ്ടയെപ്പോലെ നിന്നപ്പോള്‍ രവിയുടെ ബന്ധു പറഞ്ഞു: ''തടി കേടാക്കാതെ സ്ഥലം വിടണം''.കട്ടിക്കാരന്‍ കുടുംബക്കാര്‍ നിശ്ശബ്ദരായി പിരിഞ്ഞുപോയി. കട്ടിക്കാരന്‍ കുടുംബത്തിലേക്ക് രവിയും മേഴ്‌സിയും പിന്നീട് കടന്നുചെന്നു. ഇരുവരേയും വീട്ടുകാര്‍ സ്വാഗതം ചെയ്തു.
മുറിവുകള്‍ കാലം ഉണക്കി.




ganangal
Discuss