Mathrubhumi Logo
  Mercy

സ്‌നേഹത്തിന്റെ ഊര്‍ജത്തില്‍ രോഗത്തിന് സുല്ലിട്ട്...

കെ.പി. പ്രവിത Posted on: 06 Sep 2009

കൊച്ചി: തണുത്ത മരവിപ്പായി മരണം ഓരോതവണ മുന്നിലെത്തുമ്പോഴും മേഴസി ചിരിച്ചു. നെറ്റിയിലെ ചുവന്ന വട്ടപ്പൊട്ടിനേക്കാള്‍ തെളിച്ചമാര്‍ന്ന്. 'നിന്നെ ഞാന്‍ തോല്പിക്കുമെന്ന വീറോടെ...'

ശനിയാഴ്ച പുലര്‍ച്ചെയും ആ ചിരി മേഴ്‌സിയുടെ മുഖത്തുണ്ടായിരുന്നു. പിന്നെ, ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്കും ഒടുവില്‍ വയലാറിലേക്കുമുള്ള യാത്രയിലും മേഴ്‌സി ചിരിച്ചുതന്നെ കിടന്നു. വല്ലായ്മയുടെ പിടിയൊഴിഞ്ഞ് ശാന്തമായ ഒരു ഉറക്കത്തിലെന്നപോലെ.63 വര്‍ഷംനീണ്ട ജീവിതം. ഇതില്‍ 28 വര്‍ഷവും മേഴ്‌സി രവി യുദ്ധത്തിലായിരുന്നു, രോഗവുമായി.

വെല്ലൂര്‍ ആസ്​പത്രിയിലെ 134-ാം നമ്പര്‍ മുറിയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ 316-ാം നമ്പര്‍ മുറിയും മേഴ്‌സിക്ക് മറ്റൊരു വീടായി. ആസ്​പത്രി കിടക്കയില്‍ കിടന്ന് അവര്‍ സ്വപ്നം കണ്ടു. ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്നത്...മരണം തൊട്ടുനില്‍ക്കുന്നുവെന്ന് തോന്നിയപ്പോഴും ആസ്​പത്രിജീവിതമെഴുതി. രാഷ്ട്രീയം വിലയിരുത്തി ലേഖനങ്ങളെഴുതി.

മേഴ്‌സി രവി ഇങ്ങനെയായിരുന്നു. അവരുടെ ആത്മവിശ്വാസം ചോര്‍ത്താന്‍ ഒന്നിനും കഴിഞ്ഞില്ല. വൃക്കരോഗംബാധിച്ച് രണ്ടര വര്‍ഷത്തോളം തുടര്‍ച്ചയായി ആസ്​പത്രിയില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. എട്ടുദിവസവും 24 ദിവസവുമൊക്കെ അബോധാവസ്ഥയിലും കിടന്നിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ആസ്​പത്രികള്‍ മേഴ്‌സിക്ക് പരിചയമായിരുന്നു. ചെറുതും വലുതുമായി 18 ശസ്ത്രക്രിയകള്‍. അവസാനം മദ്രാസ് മെഡിക്കല്‍ മിഷന്‍ ആസ്​പത്രിയിലേക്ക് തിരിക്കുംമുന്‍പ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലായിരുന്നു ചികിത്സ. നെഫ്രോളജിസ്റ്റ് ഡോ. മാമ്മന്‍ എം. ജോണിന് കീഴില്‍. അവിടെയും സ്ഥിരം മുറിതന്നെ. 316.

'രോഗത്തെ ബുദ്ധിമുട്ടിക്കാതിരിക്കുക. അതാണ് പ്രകൃതി പഠിപ്പിക്കുന്ന രീതി. ആസ്​പത്രിക്കിടക്കകയില്‍ എഴുന്നേല്‍ക്കാനാവാതെ കിടക്കുമ്പോഴും ഞാന്‍ ചിന്തിക്കുക നടക്കുന്നതിനെക്കുറിച്ചാണ്.' ഇടവിടാതെ മരുന്നുകള്‍ കഴിക്കുമ്പോഴും മേഴ്‌സി 'പോസിറ്റീവ്' തന്നെയായിരുന്നു.




ganangal
Discuss