മേഴ്‌സിയെ ഓര്‍ക്കുമ്പോള്‍
ബിനോയ് വിശ്വം Posted on: 06 Sep 2009

''എടാ ചെറുക്കാ'' എന്ന് വിളിക്കുവാനുള്ള സ്നേഹവും അധികാരവും ഉണ്ടായിരുന്നു, മേഴ്‌സി രവിക്ക് എന്നോട്. കേവല പരിചയത്തില്‍നിന്നും ഉറവയെടുത്ത സൗഹൃദം വര്‍ഷങ്ങളിലൂടെ ഒരുതരം സാഹോദര്യമായി മാറുകയായിരുന്നു.
2002-ല്‍ 'ഫൊക്കാനാ' സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ ഷിക്കാഗോയിലേക്ക് ഒരു യാത്രനടത്തി. സാംസ്‌കാരിക നായകരും പത്രപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളുമെല്ലാം ആ സംഘത്തില്‍ ഉണ്ടായിരുന്നു. ഞങ്ങളെല്ലാം ബിസിനസ് ക്ലാസില്‍ യാത്രചെയ്തപ്പോള്‍ ആരോഗ്യസ്ഥിതി പരിഗണിച്ച് മേഴ്‌സി രവിക്ക് മാത്രം എക്‌സിക്യൂട്ടീവ് ക്ലാസില്‍ സംഘാടകര്‍ ടിക്കറ്റ് ഏര്‍പ്പാടുചെയ്തിരുന്നു. ഭൂമിയുടെ അങ്ങേ കോണിലേക്കുള്ള ആ 'നോണ്‍ സ്റ്റോപ്പ് യാത്ര' ആരെയും ക്ഷീണിപ്പിക്കും. സുഖമില്ലാത്ത സഹയാത്രികയെ ഒന്നന്വേഷിക്കണമെന്ന് എനിക്കുതോന്നി.
എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്രക്കാര്‍ തീരെ കുറവായിരുന്നു. സീറ്റുകളിലൊന്നും മേഴ്‌സിച്ചേച്ചിയെ കണ്ടില്ല. തെല്ലു പരിഭ്രമത്തോടെ ഞാന്‍ നോക്കിയപ്പോള്‍ സീറ്റിനുതാഴെ ഒരു തലയണയുംവച്ച് നീണ്ടുനിവര്‍ന്ന് അവര്‍ കിടക്കുന്നു. എന്തുപറ്റി എന്ന് ഉത്കണ്ഠയോടെ ഞാന്‍ ചോദിച്ചു. ''ഇരുന്നു മടുത്തപ്പോള്‍ ഒന്നു നിവര്‍ന്നുകിടക്കാമെന്നു കരുതി'' എന്നായിരുന്നു മറുപടി. പ്രകടമായും അവര്‍ ക്ഷീണിതയായിരുന്നു. ''യാത്രക്കാരില്‍ വല്ല ഡോക്ടര്‍മാരും ഉണ്ടോ എന്ന് നോക്കിയാലോ'' ഞാന്‍ ചോദിച്ചു. ''എനിക്കൊന്നുമില്ല. നീ ഇങ്ങനെ പേടിച്ചാലോ'' എന്ന് അവര്‍ ചോദിച്ചപ്പോള്‍ എന്റെ ബീനച്ചേച്ചിയെയാണ് ഞാന്‍ മുമ്പില്‍ കണ്ടത്. ആ യാത്ര അവസാനിക്കുംവരെ ഓരോ മണിക്കൂര്‍ ഇടവിട്ടും എക്‌സിക്യൂട്ടീവ് കാബിനില്‍ എത്തി ഞാന്‍ അവരെ നോക്കി. മേഴ്‌സിച്ചേച്ചി നീണ്ടുനിവര്‍ന്ന് കിടന്ന് ഉറങ്ങുകയായിരുന്നു അപ്പോഴെല്ലാം. ഏതോ മരുന്നുകളുടെ ക്ഷീണവും അവരെ തളര്‍ത്തിയിട്ടുണ്ടാവാം. 'ഫൊക്കാനാ' സമ്മേളനത്തിന്റെ തിരക്കുകളിലേക്ക് ഊളിയിട്ടപ്പോള്‍ അവരുടെ ക്ഷീണമെല്ലാം ഒരു മാന്ത്രികവിദ്യ എന്നപോലെ പമ്പകടക്കുന്നത് ഞാന്‍ കണ്ടു. അതായിരുന്നു മേഴ്‌സി രവി.എം.എല്‍.എ. എന്നനിലയില്‍ നല്ല പ്രവര്‍ത്തനങ്ങളാണ് മേഴ്‌സി രവി കാഴ്ചവച്ചത്. അസംബ്ലിയില്‍ മേഴ്‌സി രവി പ്രസംഗിച്ചതെല്ലാം നല്ല തയ്യാറെടുപ്പോടുകൂടിയായിരുന്നു. അവയില്‍ ചിലത് സഭാരേഖകളില്‍ വേറിട്ടുനില്‍ക്കുകയും ചെയ്യും. പ്രതിപക്ഷ ബഞ്ചുകളില്‍നിന്നും ഞങ്ങള്‍ ഉന്നയിച്ച വാദങ്ങളെ അവര്‍ വിമര്‍ശിക്കുമായിരുന്നു. സഭയില്‍ നല്ല പ്രസംഗങ്ങള്‍ചെയ്തപ്പോഴെല്ലാം കലവറയില്ലാതെ അവര്‍ എന്നെ പ്രശംസിച്ചിട്ടുണ്ട്.
പതിനൊന്നാം നിയമസഭയുടെ മൂന്നാമത്തെയോ നാലാമത്തെയോ സമ്മേളനത്തിനിടയില്‍ ഒരുദിവസം കണ്ണില്‍കണ്ടൊരു ഷര്‍ട്ടും അരികുകീറിയ ഒരു മുണ്ടും ഇട്ടാണ് ഞാന്‍ അന്ന് സഭയില്‍ എത്തിയത്. മേഴ്‌സിച്ചേച്ചി എന്നെ അടുത്തേക്ക് വിളിച്ചു. എന്തുകോലത്തിലാണ് നടക്കുന്നത് എന്നു ചോദിച്ചുകൊണ്ടാണ് അവര്‍ തുടങ്ങിയതുതന്നെ. രാഷ്ട്രീയത്തെയും രാഷ്ട്രീയപ്രവര്‍ത്തകരെയുമെല്ലാം ഭീതിയിലൂടെമാത്രം മനസിലാക്കുന്ന ഒരു പുതിയ തലമുറ ഇവിടെ വളര്‍ന്നുവരുന്നുണ്ടെന്നും അവരുടെ മുന്നില്‍ വൃത്തിയും വെടിപ്പുമുള്ള വസ്ത്രംവേണം ധരിക്കാനെന്നും അവര്‍ പറഞ്ഞു.