രവിയുടെ ഭാഗ്യം, പാര്‍ട്ടിയുടെ കരുത്ത്
ഉമ്മന്‍ചാണ്ടി Posted on: 06 Sep 2009

വയലാര്‍ രവിയേയോ മേഴ്‌സി രവിയേയോ ഒറ്റയ്ക്ക് ഓര്‍മിക്കുക ബുദ്ധിമുട്ടാണ്. രണ്ടു പേരുടെയും മുഖങ്ങള്‍ ഒരുമിച്ചാകും മനസ്സിലേക്കെത്തുക.
1969 ജൂണ്‍ ഒമ്പതിനായിരുന്നു അവരുടെ വിവാഹം. മേഴ്‌സിയുടെ വീട്ടുകാരുടെ എതിര്‍പ്പ് ഉറപ്പായിരുന്നതിനാല്‍ എല്ലാം പരമ രഹസ്യമായിട്ടായിരുന്നു. അന്ന് കാലത്ത് രണ്ട് കാറില്‍ ഞങ്ങള്‍ പുറപ്പെട്ടു. ഒന്നില്‍ രവിയും മേഴ്‌സിയും. പിന്നിലെ കാറില്‍ ഞാനും എ.കെ.ആന്റണിയും കടന്നപ്പള്ളിയും. ഞങ്ങളുടെ വണ്ടി ഇടയ്ക്ക് ഒരു പൂക്കടയില്‍ നിര്‍ത്തി മാലയും ബൊക്കെയുമൊക്കെ വാങ്ങി. തലേന്നുതന്നെ ഇതെല്ലാം പറഞ്ഞുവെച്ചിരുന്നു.
ഞങ്ങള്‍ വയലാറിലെത്തിയപ്പോള്‍ രവിയുടെയും മേഴ്‌സിയുടെയും കാറെത്തിയിട്ടില്ല. അല്പം ആശങ്കയുടെ നിമിഷങ്ങള്‍... വൈകാതെ അവരെത്തി. ഇടയ്ക്ക് റെയില്‍വേഗേറ്റ് അടഞ്ഞതിനാല്‍ അവര്‍ വില്ലിങ്ടണ്‍ ഐലന്‍ഡ് വഴി ചുറ്റിയാണെത്തിയത്.
വയലാറിലെ വീട്ടില്‍ ഏറ്റവും വേണ്ടപ്പെട്ടവരുടെ സാന്നിധ്യത്തില്‍ വിവാഹം നടന്നു. അതോടെ മേഴ്‌സിയുടെ വീട്ടുകാര്‍ പിണങ്ങി.വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും വീട്ടുകാരുടെ പിണക്കം മാറിയില്ല. ഇക്കാര്യത്തില്‍ മേഴ്‌സിക്ക് ഉള്ളില്‍ സങ്കടമുണ്ടായിരുന്നു. 1973-74 കാലത്ത് മേഴ്‌സിയുടെ അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തി. അന്ന് ഞാനും ആന്റണിയും എംഎല്‍എ മാരാണ്. രവി എംപിയും.
അമ്മയെ കാണണമെന്ന് മേഴ്‌സിക്ക് അതിയായ ആഗ്രഹം. മെഡിക്കല്‍ കോളേജിനടുത്ത് പുതുപ്പള്ളി ലെയിനിലെ ലോഡ്ജിലായിരുന്നു അമ്മയുടെ താമസം. ചെന്നാല്‍ എന്താകും പ്രതികരണം?

ഹൃദ്യമായ സ്വീകരണമൊന്നും ലഭിച്ചില്ലെങ്കിലും വെറുപ്പോ, എതിര്‍പ്പോ പ്രകടിപ്പിച്ചില്ല. ആ ബലത്തില്‍ വൈകാതെ മേഴ്‌സി അമ്മയെ പോയി കണ്ടു. അന്ന് മേഴ്‌സിയുടെ മുഖത്തുണ്ടായ ആശ്വാസവും സന്തോഷവും ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
മിശ്രവിവാഹത്തിന് കേരളീയസമൂഹത്തില്‍ അംഗീകാരം നല്‍കുന്നതിന് രവിയുടെയും മേഴ്‌സിയുടെയും ജീവിതം നിമിത്തമായെന്നു പറയാം. ഭാര്യ എന്ന നിലയില്‍ രവിയുടെ ഭാഗ്യമായിരുന്നു മേഴ്‌സി. രവിയുടെ വളര്‍ച്ചയുടെ പടവുകളില്‍ സദാ പിന്തുണയുമായി അവരുണ്ടായിരുന്നു. വീഴ്ചയുടെയും തളര്‍ച്ചയുടെയും കാലങ്ങളില്‍ സമാശ്വാസവും പ്രചോദനവുമായി മേഴ്‌സി നിറഞ്ഞുനിന്നു.
പരസ്പരം താങ്ങുംതണലുമായ ജീവിതം ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് മാതൃകയാണ്. അതോടൊപ്പം മറ്റുള്ളവരെ പരിഗണിക്കാനും സൗഹൃദബന്ധങ്ങള്‍ പരിപോഷിപ്പിക്കാനും മേഴ്‌സി ശ്രദ്ധവെച്ചു. ഞങ്ങള്‍ക്കിടയിലെ സൗഹൃദം കുടുംബാംഗങ്ങള്‍ക്കിടയില്‍ പടര്‍ന്നു പന്തലിച്ചതിനു പിന്നില്‍ മേഴ്‌സിയുടെ പിന്തുണ വലുതായിരുന്നു. എല്ലാവരെയും സഹായിക്കാനും സത്കരിക്കാനും അവര്‍ ഉത്സാഹിച്ചിരുന്നു.
വയലാര്‍ജിയുടെ ഭാര്യ എന്ന പദവിക്കപ്പുറം സ്വന്തമായ ഒരു വ്യക്തിത്വം അവര്‍ക്കുണ്ടായിരുന്നു. മഹിളാ കോണ്‍ഗ്രസ്സിലും ഐഎന്‍ടിയുസിയിലുമൊക്കെ അവര്‍ സ്വപ്രയത്‌നം കൊണ്ടാണ് നേതൃനിരയിലേക്കുയര്‍ന്നത് അന്താരാഷ്ട്ര കോണ്‍ഫ്രന്‍സുകളില്‍ അവര്‍ അവതരിപ്പിച്ച പ്രബന്ധങ്ങളും മറ്റും ഏറെ ശ്രദ്ധനേടിയിരുന്നു.കാര്യങ്ങള്‍ നന്നായി പഠിക്കുക, ഉള്‍ക്കൊള്ളുക, അവതരിപ്പിക്കുക-ഇതായിരുന്നു അവരുടെ രീതി.
2001ല്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് അവര്‍ കോട്ടയം എംഎല്‍എ ആയത്. യുഡിഎഫ് മണ്ഡലമെന്ന് പറയാന്‍ പറ്റാത്ത കോട്ടയത്തെ വന്‍ വിജയത്തിനു പിന്നില്‍ മേഴ്‌സിയുടെയും രവിയുടെയും വ്യക്തിപ്രഭാവം കൂടിയുണ്ടായിരുന്നു.
എംഎല്‍എ എന്ന നിലയില്‍ അവര്‍ മണ്ഡലത്തിനുവേണ്ടി ഏറെ അദ്ധ്വാനിച്ചു. അടുത്തയിടെ ഉദ്ഘാടനം ചെയ്ത മിനി പോര്‍ട്ടിന് ഇപ്പോള്‍ അവകാശികളേറെയുണ്ട്. എന്നാല്‍ അതിന്റെ യഥാര്‍ഥ അവകാശി മേഴ്‌സി രവിയാണ്.