ഗര്‍ഭകാലത്തെ ആകാംക്ഷയും മാനസികപിരിമുറുക്കവും ഇനി മറക്കാം. ഗര്‍ഭിണികള്‍ക്കായി പുതിയ ആരോഗ്യസംരക്ഷണസംവിധാനമെത്തുന്നു.
മുംബൈയിലെ ലോകമാന്യതിലക് മുനിസിപ്പല്‍ ജനറല്‍ ഹോസ്പിറ്റലാണ്(സയണ്‍ ഹോസ്പിറ്റല്‍) ഭ്രൂണത്തെ കൃത്യമായി നിരീക്ഷിക്കുന്ന വയര്‍ലെസ് സംവിധാനം ഇന്ത്യയിലാദ്യമായി അവതരിപ്പിക്കുന്നത്.
നോട്ടിങ്ങാം സര്‍വകലാശാലയാണ് സംവിധാനം വികസിപ്പിച്ചത്. ഭ്രൂണം നിരീക്ഷിക്കുകയും ശ്രദ്ധിക്കുകയുംചെയ്യുന്ന സംവിധാനം 'മോണിക്ക'യെന്നാണറിയപ്പെടുന്നത്. ഒരു സന്നദ്ധസംഘടനയാണ് ഇത് ആസ്പത്രിയിലെത്തിച്ചത്.
രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആസ്പത്രികളിലൊന്നാണ് സയണ്‍ ആസ്പത്രി. വര്‍ഷത്തില്‍ 14000-ത്തിലധികം കുട്ടികള്‍ ഇവിടെ പിറക്കുന്നതായി ആസ്പത്രി ഡീന്‍ സുലൈമാന്‍ മര്‍ച്ചന്റ് പറഞ്ഞു. രാജ്യത്തുതന്നെ ആദ്യമായാണ് ഗര്‍ഭിണികള്‍ക്ക് ഇത്തരമൊരു സംവിധാനമൊരുക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇ.സി.ജി. പ്രവര്‍ത്തിക്കുംപോലെയാണ് ഇതു പ്രവര്‍ത്തിപ്പിക്കുക. അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയമിടിപ്പ് തുടങ്ങി എല്ലാ എല്ലാവിവരങ്ങളുമറിയാനാകും. അതുവഴി അപകടങ്ങളും കുറയ്ക്കാനാവും.











