
മൂന്നു കുട്ടികളെ രക്ഷിച്ച അഞ്ജന ശാസ്ത്രിപുരത്തിന്റെ വീരപുത്രി
Posted on: 03 Jun 2009
ആലപ്പുഴ: ശാസ്ത്രിപുരത്തുകാര്‍ വീരപരിവേഷം നല്‍കി പ്രകീര്‍ത്തിക്കുമ്പോഴും പിഞ്ചുകുഞ്ഞിന്റെ കൈ തല്ലിപ്പൊട്ടിച്ചതിന്റെ വേദനയിലാണ് അഞ്ജന. കളിക്കിടയില്‍ വൈദ്യുതാഘാതമേറ്റ് എര്‍ത്ത് വയറില്‍ പറ്റിപ്പിടിച്ച മൂന്നു കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഈ ഏഴാം ക്ലാസുകാരിയുടെ സമയോചിതമായ ധീരത. ആലപ്പുഴ ശാസ്ത്രിപുരം കാരിക്കുഴി വീട്ടില്‍ ഷാബുവിന്റെയും യമുനയുടെയും മകള്‍ അഞ്ജന (11) ദേശത്തിന്റെ പൊന്നോമനയായിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ച സംഭവം. യമുനയുടെ സഹോദരന്‍ സുനിലിന്റെ മകള്‍ മൂന്നര വയസ്സുകാരി സ്വാതി കളിക്കിടയില്‍ എര്‍ത്ത് വയറില്‍ പിടിച്ചു. വൈദ്യുതാഘാതമേറ്റ് മുഖം കോടി. ഇതുകണ്ട് അഞ്ജനയുടെ സഹോദരി നാലര വയസ്സുകാരി അനശ്വരയും സ്വാതിയെ രക്ഷിക്കാന്‍ ശ്രമിച്ചു. അവളും ഒട്ടിപ്പിടിച്ചു. അടുത്തുണ്ടായിരുന്ന ബന്ധുവായ അഞ്ജലി (13) യും
ഓടിച്ചെന്ന് അനശ്വരയെ കയറിപ്പിടിച്ചു. പിടിവിടാനാവാതെ നില്‍ക്കുമ്പോള്‍ ബഹളം കേട്ട് ഓടിയെത്തിയതാണ് അഞ്ജന. കൈയില്‍ കിട്ടിയ കൊരണ്ടിപ്പലകയുമായി ഓടിവന്ന അഞ്ജന സ്വാതിയുടെ കൈക്ക് അതുകൊണ്ട് അടിച്ചു. മൂവരും പിടിവിട്ട് വീണതോടെ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ആലപ്പുഴ പൂന്തോപ്പ് ഗവ. യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഞ്ജന പാഠങ്ങളില്‍ നിന്ന് പഠിച്ച ഓര്‍മവെച്ചാണ് ഉണങ്ങിയ മരപ്പലക കൊണ്ട് അടിച്ചത്. അടിയുടെ ആഘാതത്തില്‍ സ്വാതിയുടെ കൈ മുറിഞ്ഞിട്ടുണ്ട്. നാട്ടുകാരും വീട്ടുകാരും അഞ്ജനയുടെ ധീരതയെ അഭിനന്ദിക്കുമ്പോള്‍ സ്വാതിയുടെ കൈക്ക് മുറിവേല്പിച്ചതിന്റെ വിഷമത്തിലാണ് അഞ്ജന.





