marpappa

ദൈവഹിതം വെളിപ്പെട്ട തിരഞ്ഞെടുപ്പ് -മാര്‍ ക്ലീമീസ്‌

Posted on: 14 Mar 2013

അനീഷ് ജേക്കബ്‌



'പ്രവചനങ്ങള്‍ പാഴ്‌വാക്കായി; പൂര്‍ണമായും ദൈവഹിതം വെളിപ്പെട്ട ഒരു തിരഞ്ഞെടുപ്പായിരുന്നിത്.'രണ്ടുദിവസം നീണ്ടുനിന്ന കോണ്‍ക്ലേവിനുശേഷം സിസ്റ്റീന്‍ ചാപ്പലില്‍ നിന്ന് പുറത്തുവന്ന കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ മാതൃഭൂമിയോട് പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ബെര്‍ഗോഗ്ലിയോയുടെ പേര് ഒരു സാധ്യതാ പട്ടികയിലും ഉണ്ടായിരുന്നില്ല. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ആരെന്നതിന് മാധ്യമങ്ങളും വത്തിക്കാന്‍ കാര്യങ്ങളും നിരീക്ഷിച്ചുപോന്നിരുന്ന പലരും പത്ത് പേരുടെ വരെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അതില്‍ ഒന്നിലും അര്‍ജന്റീനയില്‍നിന്നുള്ള ബെര്‍ഗോളിയോയില്ലായിരുന്നു.
ദൈവനടത്തിപ്പ് തിരഞ്ഞെടുപ്പ് നടപടികളില്‍ എത്രമാത്രം വ്യാപരിച്ചുവെന്ന് എനിക്ക് ബോധ്യപ്പെടാന്‍ ഇടയായി. ഈ വലിയ നിയോഗത്തിനായി ദൈവം അദ്ദേഹത്തെ നേരത്തെ തന്നെ കണ്ടുവെച്ചിരുന്നു. എന്നാല്‍ മനുഷ്യദൃഷ്ടിയില്‍ അത് വെളിവായിരുന്നില്ല. ആരും സാധ്യത കല്പിക്കാതിരുന്ന പിതാവ് മാര്‍പാപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത് ദൈവവഴികളുടെ ആകസ്മികതയും കരുതലും ബോധ്യപ്പെടുന്നതായിരുന്നു.
ലളിതമായ ജീവിതചര്യ കൊണ്ട് വൈദികനായിരിക്കുമ്പോള്‍ തന്നെ ശ്രദ്ധേയ വ്യക്തിത്വത്തിന് ഉടമയാണ് മാര്‍ ബെര്‍ഗോളിയോയെന്ന് എന്റെ സഹോദരന്മാരായ കര്‍ദ്ദിനാള്‍മാര്‍ പറഞ്ഞു. എനിക്ക് ചില യോഗങ്ങളിലും മറ്റും കണ്ട് അദ്ദേഹത്തെ പരിചയമുണ്ട്. എന്നാല്‍ അടുത്ത് പ്രവര്‍ത്തിക്കാനോ അടുപ്പം പുലര്‍ത്താനോ മുമ്പ് കഴിഞ്ഞിട്ടില്ല. നേരത്തെ തന്നെ വേറിട്ട വ്യക്തിത്വത്തിന് ഉടമയായതിനാല്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നത് ശരി തന്നെ. പാവങ്ങളോടുള്ള കരുതലും സ്വയം പാചകം ചെയ്ത് ഭക്ഷണം കഴിക്കുന്ന ശീലവും ആഡംബരം ഒഴിവാക്കിയുള്ള താമസവും യാത്രകളുമെല്ലാംകൊണ്ട് നേരത്തെ തന്നെ എല്ലാവരുടെയും ബഹുമാനത്തിന് അര്‍ഹനായിട്ടുള്ള പിതാവാണ് അദ്ദേഹം.
യഥാര്‍ഥത്തില്‍ ഒരു പിതാവിന്റെ ഫീലിങ് അദ്ദേഹത്തില്‍ നിന്ന് നമുക്ക് അനുഭവഭേദ്യമാണ്. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍മാരെല്ലാം സെന്റ് മാര്‍ത്താ ഹൗസിലായിരുന്നു താമസം. കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോയും ഞങ്ങളോടൊപ്പം ഈ ഹൗസിലുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. പ്രാര്‍ഥിച്ചു. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷവും താമസസ്ഥലത്തേക്ക് അദ്ദേഹം ഞങ്ങളോടൊപ്പം ഒരേ ബസ്സിലാണ് മടങ്ങിയത്. 'വത്തിക്കാന്‍ വണ്‍' ലിമോസിന്‍ ഉപേക്ഷിച്ചായിരുന്നു ഇത്.
അത്യുന്നതമായ സ്ഥാനലബ്ധി അദ്ദേഹത്തിന്റെ മനോഭാവത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.
തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളും വോട്ടിങ് രീതിയുമൊന്നും പറയാന്‍ എനിക്ക് സ്വാതന്ത്ര്യമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാവരും അദ്ദേഹത്തെ ആശ്ലേഷിച്ചു. അദ്ദേഹം എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
പുതിയ പാപ്പ മുമ്പ് ഇന്ത്യയില്‍ വന്നതായി അറിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് സംസാരിച്ചപ്പോള്‍ ഇന്ത്യയിലെയും മലങ്കരയിലെയും സഭയെക്കുറിച്ച് ഏതാനും വാചകങ്ങള്‍ പറയാനുള്ള സാവകാശമേ ലഭിച്ചുള്ളൂ. വ്യാഴാഴ്ച വൈകിട്ട് പുതിയ പാപ്പയുമൊത്ത് എല്ലാ കര്‍ദ്ദിനാള്‍മാരും ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ കര്‍ദ്ദിനാള്‍മാര്‍ പാപ്പയുമായി കൂടിക്കാണുന്നുമുണ്ട്. ഈ കൂടിക്കാഴ്ചയില്‍ പരിശുദ്ധ പിതാവിനോട് കൂടുതലായി സംസാരിക്കാമെന്ന് കരുതുന്നു.





MathrubhumiMatrimonial