എന്റെ ഓര്‍മ്മയിലെ കൊന്നമരം

അദിതി Posted on: 12 Apr 2015


ഓഫീസില്‍ പോവാനായി ഇറങ്ങിയപ്പോള്‍ നേരം വൈകി. സമയത്തെത്തുമോ എന്ന ചിന്തയായിരുന്നു മനസ്സില്‍മുഴുവന്‍. ബസ്സില്‍ കയറി എന്നത്തേയും പോലെ മനസ്സിനെ മേയാന്‍ വിട്ടു. എവിടെ പോവാന്‍..അത് ഓഫീസിനെ ചുറ്റിപ്പറ്റിത്തന്നെ നില്‍ക്കുന്നു.
കുറച്ചുദൂരം പിന്നിട്ടപ്പോള്‍ വെറുതെ പുറത്തേക്ക് നോക്കി. പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന കണ്‍മുമ്പില്‍..മനസ്സിലൂടെ മിന്നല്‍പ്പിണര്‍ പോലെ ഓര്‍മകള്‍ പായുന്നു. കണിക്കൊന്ന..എന്റെ ഓര്‍മയിലെ കണിക്കൊന്ന!!!
വിഷുക്കാലം ഓര്‍മയിലെങ്ങും സന്തോഷമേ തന്നിട്ടുള്ളു. തറവാടും കുടുംബക്കാരും ഒത്തുചേര്‍ന്നുള്ള ആഘോഷം. രാത്രിയില്‍ പടക്കങ്ങളുടെ കാതടപ്പിക്കന്ന ശബ്ദം. പൂത്തിരി, മേശപ്പൂ, മത്താപ്പ്, ചക്രം അങ്ങനെയെന്തൊക്കെ..ഹായ്, എന്തു രസമായിരുന്നു!!!
''കാലമിനിയുമുരുളും വിഷുവരും വര്‍ഷംവരും....''

വീണ്ടും വീണ്ടും വായിച്ച വരികള്‍..പക്ഷെ കാലമുരുളുന്നതിനൊപ്പം വല്ലപ്പോഴും വര്‍ഷം വന്നു...എന്നാല്‍ എന്റെ വിഷു എവിടെ? നന്മകളുടെയും ആനന്ദത്തിന്റെയും ആ വിഷുക്കാലമെവിടെ?
വിഷുക്കാലമായാല്‍ വീടിന്റെ മുറ്റം നിറയെ മഞ്ഞപരവതാനി വിരിച്ചിരിക്കും. രാവിലെ മുറ്റമടിക്കാനിറങ്ങുന്ന അമ്മയോട് ഞാന്‍ പറയും..
അടിച്ചുകളയണ്ട..കരിയിലകള്‍ ഞാന്‍ പെറുക്കിയെടുത്തോളാം...

അമ്മ അതുകേള്‍ക്കാതെ അടിച്ചുവാരുമ്പോള്‍ എനിക്ക് സങ്കടം വരും. ഈ അമ്മയ്ക്ക് ഒരു ബോധോമില്ല! എന്ന് ഉറക്കെ പ്രഖ്യാപിച്ച് അകത്തേക്ക് കയറിപ്പോകും. മറുപടിയായി അമ്മ ഒന്ന് ചിരിക്കും. എന്നിട്ട് പറയും. ഇവള്‍ക്കെന്താ..വൈകീട്ടാവുമ്പോഴേക്ക് ഇത് വീണ്ടും പഴയപടിയാവും. അടിച്ചുകളഞ്ഞില്ലേല്‍ ഇവിടെ കുന്നുകൂടി കിടക്കും. അല്ല പിന്നെ!
ആ 'അല്ല പിന്നെ' ഞാന്‍ കേട്ടില്ലെന്ന് നടിക്കാറാണ് പതിവ്.
ഡിഗ്രിക്ക് പഠിക്കുമ്പോഴെല്ലാം ആ മരം അവിടെത്തന്നെയുണ്ടായിരുന്നു. ഷൈജുവും രാജുവുമെല്ലാം വിഷുത്തലേന്ന് വീട്ടില്‍ ഹാജരുണ്ടാവും. കൊന്നപ്പൂ പറിക്കാന്‍.. (അവരത് മറിച്ചുവിറ്റിരുന്നോന്ന് ഒരിക്കല്‍ ചിരിയോടെ അമ്മ സംശയം പ്രകടിപ്പിച്ചിരുന്നു. അമ്മയ്ക്ക് സംശയം മാത്രം, എനിക്ക് ഉറപ്പായിരുന്നു).
<<ഘ10064ബ566596.ഷുഴ>>
പിന്നീടൊരിക്കല്‍ ജോലികിട്ടി ഞാന്‍ തിരുവനന്തപുരത്തായിരുന്ന കാലം...നാട്ടില്‍ ലീവിനുവന്ന ദിവസം വീട്ടിനകത്തേക്ക് നല്ല വെളിച്ചം വരുന്നു. എന്തോ ഒരു കുറവ്..പെട്ടന്നോര്‍ത്തു..
ഇവിടെനിന്ന എന്റെ കൊന്നയെവിടെ?
ഉത്തരം അമ്മ തന്നെ തന്നു. ''ഇഷ്ടമുണ്ടായിട്ടല്ല. അപ്പുറത്തെ വീട്ടുകാര്‍ക്ക് അതുകൊണ്ട് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. കരിയില നന്നായി വീഴുന്നുവെന്ന്. പിന്നെ, കൊമ്പുകള്‍ അവരുടെ മേല്‍ക്കൂരയ്ക്ക് മുകളില്‍ ഭീഷണിമുഴക്കുന്നെന്ന്!''
പിന്നെന്തുചെയ്യാന്‍..അച്ഛനും തീരെ ഇഷ്ടമില്ലായിരുന്നു. ക്രമസാമാധാന പാലനം കരുതിയാവണം പുഴകളെയും പൂക്കളെയും സ്‌നേഹിക്കുന്ന എന്റെ അച്ഛന്‍ ഈ ക്രൂരകൃത്യത്തിന് സമ്മതിച്ചത്. എന്തായാലും എനിക്കത് സഹിക്കാനാവുമായിരുന്നില്ല. ആ ദേഷ്യം ഇന്നും അവരെ കാണുമ്പോള്‍ ഇടയ്ക്കിടെ വരാറുണ്ട്. ഒരിക്കല്‍ സംസാരിക്കുമ്പോള്‍ ജ്യോതിയോട് അതേപ്പറ്റി പറയുകയും ചെയ്തു. അവള്‍ക്കും അതില്‍ ചെറിയ വിഷമമുള്ളതുപോലെ തോന്നി. എന്തുചെയ്യാനാ?
വീടിനു പിറകിലായി അന്ന് അമ്മ വെച്ചുപിടിപ്പിച്ച കൊന്നത്തൈ ഇന്ന് കുറച്ചുവലുതായി കാണുമ്പോഴാണ് മനസ്സിന് ആശ്വാസം കിട്ടുന്നത്. രണ്ടുവര്‍ഷമായി വിഷുക്കാലമാവുമ്പോള്‍ അതില്‍ രണ്ടുചില്ലയെങ്കിലും പൂക്കും. എന്റെ മനസ്സിലെ പഴയ കണിക്കൊന്നയുടെ ഓര്‍മയ്ക്ക്..
ഇത്തവണ അതില്‍ പൂവുണ്ടോ ആവോ? ഫളാറ്റിലെ വരള്‍ച്ചയില്‍ ഉറങ്ങുകയും ഉറക്കമുണരുകയും ചെയ്യുമ്പോള്‍ ആര്‍ക്കാണിത് ഓര്‍ക്കാന്‍ സമയമുള്ളത്. അച്ഛനോടും അമ്മയോടും ഫോണില്‍ വിവരമന്വേഷിക്കുന്നതുവരെ തിരക്കില്‍ ചടങ്ങായി മാറിയിരിക്കുന്നു. എന്തെങ്കിലും കുത്തിക്കുറിക്കുന്നതുതന്നെ ഭര്‍ത്താവും കുഞ്ഞും ഉറങ്ങിയശേഷം മാത്രമാണ്.
എന്തായാലും നാളെ വിളിക്കുമ്പോള്‍ ചോദിക്കണം. ''എന്റെ കുഞ്ഞിന് കണികാണാന്‍ ഇത്തവണ നമ്മുടെ കുഞ്ഞുകൊന്ന പൂ തരുമോന്ന്''
ഒരു കുടന്ന കൊന്നപ്പൂവ്.. അത്രേം മതിയെനിക്ക്!!!





vishu

 

ga