കരിഞ്ഞുണങ്ങിയ കൊന്നപ്പൂവ്‌

ആര്‍.ഹരി Posted on: 12 Apr 2015


എനിക്കേറെ പ്രിയപ്പെട്ട ഒരു വിഷുക്കാലത്ത് കൈയിലൊരു കുല കൊന്നപ്പൂ തന്ന് എന്റെ പിന്‍വിളി കാതോര്‍ക്കാതെ നീ നടന്നകന്നു. തിരിച്ചുവരില്ലെന്ന തിരിച്ചറിവില്‍ അലറിക്കരഞ്ഞ് കരിഞ്ഞുണങ്ങിയ കൊന്നപ്പൂക്കള്‍ ഭ്രാന്തിയെപ്പോലെ വാരിയെറിയുമ്പോള്‍ ഇനിയൊരു മേടപ്പുലരിയോളം ഞാനുണ്ടാകില്ലെന്ന് തീര്‍ച്ചപ്പെടുത്തിയതാണ്.

കണ്ണുനിറച്ച് വിതുമ്പി നില്‍ക്കുമ്പോള്‍ വഴക്കുപറയാനും പിണക്കത്തിന്റെ കടുത്തമൗനങ്ങള്‍ക്കിടയിലും ചേര്‍ത്തുപിടിക്കാനും ഉറക്കമില്ലാത്തരാവുകളില്‍ കൂട്ടിരിക്കാനും പറയുന്നതെന്തും മൂളിക്കേള്‍ക്കാനും നീയില്ലെന്നറിയുമ്പോള്‍ ഞാന്‍ ചിതറാതിരിക്കുന്നതെങ്ങനെ?

അത്രമേല്‍ നീ എന്റെ ശീലമായി മാറിക്കഴിഞ്ഞിരുന്നു.

എന്നിട്ടും ഇന്നും മാറാല പിടിച്ച ഇടനെഞ്ചില്‍ ജീവതാളം പിടയ്ക്കുമ്പോള്‍ എന്താണ് ഞാനറിയാന്‍ ബാക്കിയുള്ളത്? ഞാന്‍ എനിക്കുവേണ്ടിയാണ് ജീവിക്കുന്നതെന്നോ? ഇനിയും വിഷു വരുമെന്നോ?

നീയില്ലെങ്കിലും എനിക്ക് ശ്വസിക്കാനാകുമെന്ന് കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ എന്നെ പഠിപ്പിച്ചു. ഉള്ളു നീറ്റിയ നോവുകള്‍ ആരും ആര്‍ക്കും തണലല്ലെന്ന് പറഞ്ഞുതന്നു. പ്രതീക്ഷകളില്ലാതെയും സ്വപ്‌നങ്ങളില്ലാതെയും സൂര്യനും ചന്ദ്രനും ഉദിക്കുമെന്ന് വിളറിവെളുത്ത ദിനരാത്രങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കി.

അതിനെല്ലാമൊടുവില്‍ കൊന്നകള്‍ വീണ്ടും പൂത്തിരിക്കുന്നു.

പക്ഷേ, ഇന്നും ഏതാള്‍ക്കൂട്ടത്തിനിടയിലും ഞാന്‍ തിരയുന്നത് നിന്റെ ഗന്ധമാണ്. ജീവിതത്തിന്റെ കാലിടര്‍ച്ചകളില്‍ കൈനീട്ടി ഉറക്കെ വിളിക്കുന്നത് നിന്റെ പേരാണ്. നാളെയെ കണ്ടു പേടിച്ച് തളര്‍ന്നിരിക്കുമ്പോള്‍ കുറ്റപ്പെടുത്തുന്നത് നിന്നെയാണ്. നിലവിട്ട് കരയുമ്പോള്‍ മുഖമമര്‍ത്തുന്നത് നിന്റെ നെഞ്ചിലാണ്. മുറുകെ പിടിച്ചിരിക്കുന്നത് നീ തന്ന പൂക്കുലയിലെ കരിഞ്ഞുണങ്ങിയ ഇതളുകളാണ്.

അത്രമേല്‍ ഞാന്‍ നിന്റേതായിക്കഴിഞ്ഞിരിക്കുന്നു.



vishu

 

ga