
കതിന നിറയ്ക്കുക, പിന്നെ അതിന് തീകൊളുത്തി ഇടിമുഴക്കം പോലെ പൊട്ടിക്കുക. സ്ത്രീകള്‍ അപൂര്‍വമായുള്ള ഈ പണി തീക്കളിയാണെന്ന് തങ്കമ്മക്കറിയില്ല. പക്ഷേ, ജീവിതം പുലര്‍ത്താന്‍കഴിഞ്ഞ 17 വര്‍ഷമായി തങ്കമ്മ ഈ തീക്കളി അനായാസം ചെയ്യുന്നു.
തങ്കമ്മ പള്ളിക്കൂടത്തിന്റെപടി കണ്ടിട്ടില്ല. എഴുത്തുംവായനയുമറിയില്ല. എന്നാല്‍ അറിയാവുന്ന അനവധി കാര്യങ്ങളുണ്ട്. ജീവിതത്തീയില്‍ വെന്തുരുകിയ അനുഭവങ്ങളുണ്ട്.
പ്രായം 70നോടടുത്തെങ്കിലും തങ്കമ്മ തളരുന്നില്ല. ജീവിതം കരുപ്പിടിപ്പിച്ചെടുക്കാനുള്ള പരിശ്രമത്തിലാണവര്‍. കതിനയില്‍ കരിമരുന്നു നിറയ്ക്കുന്നതുപോലൊരു യത്‌നം.
17 വര്‍ഷമായി, തങ്കമ്മ ചാരമംഗലം കൊച്ചനാകുളങ്ങര ക്ഷേത്രത്തിലെ കതിനവെപ്പു കാരിയായിട്ട്. ഭര്‍ത്താവ് കരുണാകരന്‍ ഇതേ അമ്പലത്തിലെ കതിനവെപ്പ് ജീവനക്കാരനായിരുന്നു. കതിന നിറയ്ക്കുന്നതും കുറിഞ്ഞികുത്തുന്നിടത്ത് വഴിമരുന്നിടുന്ന വിദ്യയുമെല്ലാം ഭര്‍ത്താവില്‍നിന്ന് സ്വായത്തമാക്കി. അങ്ങനെ അടുക്കളയിലെ അടുപ്പില്‍ മാത്രം തീകത്തിച്ച് പരിചയമുള്ള തങ്കമ്മ കതിനയ്ക്ക് തീവയ്ക്കാന്‍ പരിശീലിച്ചു. ഭര്‍ത്താവിന്റെ പൂര്‍ണ ശിക്ഷണത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ തങ്കമ്മക്ക് പിന്നെയത് ജീവിതമാര്‍ഗമായി.
ഭര്‍ത്താവിന്റെ മരണം-അതുണ്ടാക്കിയ ശൂന്യത തങ്കമ്മക്ക് സഹിക്കാനാകുന്നതിനുമപ്പുറമായിരുന്നു. എന്നാല്‍ പട്ടിണി കിടന്ന വയറിന് ഇതൊന്നും മനസ്സിലായതുമില്ല. പിന്നെ ഭര്‍ത്താവിന്റെ ജോലി സ്വയം ഏറ്റെടുത്തു. തങ്കമ്മ കതിനവെപ്പുകാരിയായി ജോലിചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ 'തീക്കളിയാണ്, ഇത് വേണോ?' എന്ന് പലരും സംശയം പറഞ്ഞു. പക്ഷേ, തങ്കമ്മക്ക് ഒരു തീരുമാനമേ ഉണ്ടായിരുന്നുള്ളൂ.
കാലത്ത് നാലുമണിക്ക് കൃത്യമായി ഇവര്‍ ക്ഷേത്രത്തിലെത്തും. നടതുറക്കുമ്പോഴുള്ള കതിന. പിന്നെ വെടിവഴിപാട് നടത്താനെത്തുന്നവര്‍ക്കു വേണ്ടി കതിനനിറയ്ക്കല്‍. ഉച്ചപ്പൂജ-ദീപാരാധന-ഇങ്ങനെ തങ്കമ്മ ഒരുദിവസം മുഴുവന്‍ വെടിപ്പുരയിലായിരിക്കും.
ക്ഷേത്രദേവസ്വം നല്‍കുന്ന മാസശമ്പളം 750 രൂപയാണ് തങ്കമ്മയുടെ ഏകവരുമാനം. പിന്നെ വഴിപാട് നടത്താന്‍ വരുന്നവര്‍ സ്‌നേഹത്തോടെ നല്‍കുന്നതും. ഏകമകന്‍ അനില്‍കുമാര്‍ അമ്മയെ സഹായിക്കാന്‍ ഇടയ്ക്കിടെ ക്ഷേത്രത്തിലെത്തും. കൂലിപ്പണിക്കാരായ അനില്‍ കുമാറും ഭാര്യയും രാപകലില്ലാതെ അധ്വാനിച്ച് കൊണ്ടുവരുന്നത് ഒരുകുടുംബം നടത്താന്‍ തികയില്ലെന്ന് തങ്കമ്മയ്ക്കറിയാം. അവര്‍ക്കൊരു സഹായമാകണം. മരിയ്ക്കുന്നതുവരെ സ്വന്തംകാര്യങ്ങള്‍ നടത്തണം. ഇത്രയേയുള്ളൂ തങ്കമ്മയ്ക്ക്.
പക്ഷേ, പലകയടിച്ച് പണിത കൊച്ചുകൂര ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായിരിക്കുന്നു. അതൊന്ന് മാറ്റിപ്പണിയണം. മകനും മരുമകളും നാലു വയസ്സുള്ള കൊച്ചുമോളും ഇപ്പോള്‍ ആ കൂരയ്ക്കുള്ളിലാണ് ഒതുങ്ങുന്നത്. പുത്തനങ്ങാടി സ്വദേശിനിയായ തങ്കമ്മ വിവാഹത്തെത്തുടര്‍ന്നാണ് ചാരമംഗലത്തെത്തുന്നത്. ഇപ്പോള്‍ ഇവര്‍ക്ക് ഒരു പ്രാര്‍ഥനയേയുള്ളൂ. തനിക്ക് ജീവിതംതന്ന ഈ ജോലിചെയ്ത് ദേവിക്കുവേണ്ടി മരിക്കുംവരെ കതിന പൊട്ടിച്ച് ജീവിക്കണം.