മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്

തേക്കടിയില്‍ നിന്ന് ബോട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് തിരിക്കുമ്പോള്‍ത്തന്നെ മഴ തുടങ്ങിയിരുന്നു. ചിന്നിത്തെറിക്കുന്ന മഴയും കാറ്റും. യാത്രയുടെ തുടക്കത്തില്‍ത്തന്നെ കണ്ടു, വലതുഭാഗത്തായി കരയിലേക്ക് വലിച്ചുകയറ്റിയ ജലകന്യകയെന്ന ബോട്ട്. 2009 സപ്തംബര്‍ 30ന് തടാകത്തില്‍ 45 പേരുടെ ജീവനുമായി മുങ്ങിപ്പോയ ജലയാനം. കുറച്ച് മുന്നോട്ട് ചെന്നപ്പോള്‍ അല്പമകലെ വെള്ളത്തിന് മീതെ ഒരു കൂറ്റന്‍ മതില്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട്. മരക്കുറ്റികള്‍ സവിശേഷമായ ഭംഗിയൊരുക്കുന്ന ഈ ജലാശയത്തെ തടുത്തുനിര്‍ത്തുന്നത് 115 വര്‍ഷം പഴക്കമുള്ള ആ അണക്കെട്ടാണെന്നറിയുമ്പോള്‍, ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ടാണത് നിര്‍മിച്ചിട്ടുള്ളതെന്ന് മനസ്സിലാകുമ്പോള്‍ ഉള്ളൊന്ന് കിടുങ്ങും; ആര്‍ക്കും. തടാകത്തെയിളക്കി കാറ്റ് മുഴങ്ങുമ്പോള്‍ പോലും പേടിയാകും.
കിഴക്ക് ദൂരെയെവിടെയോ ആണ് സഹ്യനിലെ ശിവഗിരിക്കുന്നുകള്‍. അവിടെ, തണുപ്പിന്റെ കൂടാരത്തില്‍, കാണാത്തിടത്തുനിന്ന് രണ്ട് നീര്‍ച്ചാലുകള്‍ പിറവികൊള്ളുന്നു. വളര്‍ന്ന് വലുതായി വരുന്നു. ഒന്ന് മുല്ലയാര്‍, അടുത്തത് പെരിയാര്‍. രണ്ടും ചേര്‍ന്ന് മുല്ലപ്പെരിയാറായി. ആ പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ അണക്കെട്ടുണ്ടായി. അതാദ്യം ഊഷരമായിക്കിടന്ന ദേശങ്ങളെ ഉര്‍വരമാക്കി, പച്ചപ്പട്ടണിയിച്ചു. പിന്നീടത് ജനങ്ങള്‍ക്ക് ഭീഷണിയായി. രണ്ടു സംസ്ഥാനങ്ങള്‍ അതിന്റെ പേരില്‍ നിയമയുദ്ധം തുടങ്ങി. ഒടുവില്‍ സുപ്രീംകോടതിയുടെ കേസുകെട്ടുകളിലൊന്നില്‍ ചുരുണ്ടുകിടക്കുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു സൂചകമാണ്. ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയുടെ, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ദുര്‍ബലമായ ബന്ധത്തിന്റെ സൂചകം. ഒരു മഹാദുരന്തത്തെ നിസ്സംഗമായി കാണുന്ന പ്രബുദ്ധ ജനതയുടെ ചിത്രം കൂടി അത് കാട്ടിത്തരുന്നുണ്ട്. 1895 ഫിബ്രവരിയില്‍ പണിതീര്‍ത്തതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. അതിന്റെ സുരക്ഷിതത്വം സംബന്ധിച്ചാണ് കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം നടക്കുന്നത്. അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേരളം. എത്രയോ സുരക്ഷിതമെന്ന് തമിഴ്‌നാട്.
തര്‍ക്കം മൂത്തപ്പോള്‍ കേന്ദ്രം ഇടപെട്ടു. കേന്ദ്രജലക്കമ്മീഷനെക്കൊണ്ട് പരിശോധിപ്പിച്ചു. തമിഴ്‌നാടിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന കമ്മീഷന്‍ സത്യങ്ങള്‍ പലതും കണ്ടില്ല. തീരുമാനം കേരളത്തിനെതിരായി. വിഷയം കേരള ഹൈക്കോടതി വഴി സുപ്രീംകോടതിയില്‍. ജലക്കമ്മീഷന്റെ അളവുകോല്‍ അവിടെയും കേരളത്തിനെതിരായി. കേസില്‍ കേരളം തോറ്റു. 2006 ല്‍ ആയിരുന്നു ഇത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരുപക്ഷേ, തകര്‍ന്നാലും സാരമില്ല, അവിടത്തെ വെള്ളം കൂടി താഴെയുള്ള ഇടുക്കി അണക്കെട്ട് താങ്ങിക്കൊള്ളുമെന്ന അബദ്ധവാദം അംഗീകരിക്കപ്പെട്ട വിധിയായിരുന്നു അത്. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കിവരെ ജനങ്ങള്‍ താമസിക്കുന്നുണ്ടെന്ന സത്യം പോലും കണക്കാക്കാതെയുള്ള വാദം കേരള പ്രതിനിധികള്‍ പോലും എതിര്‍ത്തിരുന്നില്ലെന്നതാണ് അത്ഭുതകരമായ കാര്യം.
കേസില്‍ തോറ്റെങ്കിലും ജനങ്ങളുടെ സുരക്ഷിതത്വം മുന്നില്‍ക്കണ്ട് കേരളം അണക്കെട്ട് സുരക്ഷാനിയമം പാസ്സാക്കിയത് പിന്നീടാണ്. അതിനെതിരെ തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയില്‍ പോയി. കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചു, കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍. സമിതിയുടെ പരിശോധനകളും തെളിവെടുപ്പും മറ്റും ഏറെക്കുറെ പൂര്‍ത്തിയായി. അടുത്ത മാസത്തോടെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തുടങ്ങും.

ഈ കുലുക്കം മുന്നറിയിപ്പ്

ഭൂമികുലുക്കങ്ങള്‍ അത്ര നിസ്സാരമല്ലെന്ന് സമീപകാല കാഴ്ചകള്‍ കാട്ടിത്തരുന്നു. ചലനങ്ങളുടെ ഇടവേളകള്‍ കുറഞ്ഞും വരുന്നു. പേടിക്കണം. മുന്‍കരുതലെടുക്കണം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇടയ്ക്കിടെ അനുഭവപ്പെടുന്ന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം, പഴക്കം കൊണ്ട് സുരക്ഷാഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപ്രദേശമാണെന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു.
കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍, ജൂലായ് വരെ ഈ മേഖലയിലുണ്ടായത് 22 ഭൂചലനങ്ങള്‍! ഏറ്റവും ഒടുവിലത്തേത് നവംബര്‍ 18ാം തീയതി. അണക്കെട്ടിന്റെ 50 കി.മീ. ചുറ്റളവിലാണ് ഭൂചലനങ്ങള്‍ ഉണ്ടായിട്ടുള്ളത്. കൂടെക്കൂടെയുണ്ടാകുന്ന ഭൂമികുലുക്കങ്ങള്‍ പ്രകൃതി നല്‍കുന്ന മുന്നറിയിപ്പാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ 22 പ്രധാന ഭ്രംശമേഖലകള്‍ ഉള്ളതായി റൂര്‍ക്കി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുതും വലുതുമായ ഭൂചലനങ്ങള്‍ക്ക് എപ്പോഴും സാധ്യതയുള്ളതാണ് ഈ ഭ്രംശമേഖലകള്‍. ഡോ. ഡി.കെ. പോളിന്റെ നേതൃത്വത്തിലുള്ള, ഐ.ഐ.ടി. എര്‍ത്ത്‌ക്വേക് ഡിപ്പാര്‍ട്ട്‌മെന്റിന്റേതായിരുന്നു പഠനം.
റിക്ടര്‍ സെ്കയിലില്‍ 6.5 വരെ ശക്തി രേഖപ്പെടുത്തുന്ന വന്‍ ഭൂചലനത്തിന് സാധ്യതയുള്ള തേക്കടി കോടൈവന്നല്ലൂര്‍ ഭ്രംശമേഖല, മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തുനിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെയാണ്. ഇടമലയാര്‍ വിള്ളലും പെരിയാര്‍ വിള്ളലും കൂടിച്ചേരുന്ന പ്രദേശമാണിത്. 22 ഭ്രംശമേഖലകളിലെയും ഭൂചലന സാധ്യതയും പരമാവധിയുണ്ടാകുന്ന തീവ്രതയും ഐ.ഐ.ടി. ഇതിനകം പഠനവിധേയമാക്കിയിട്ടുണ്ട്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ. ഡി.കെ. പോളും ഡോ. എം.എന്‍. ശര്‍മയും അടങ്ങുന്ന സംഘം മുല്ലപ്പെരിയാര്‍ പ്രദേശം, കേന്ദ്ര ജലക്കമ്മീഷന്റെ പഠനത്തില്‍ കണ്ടെത്തിയതിനേക്കാള്‍ വലിയ ഭൂചലനങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലമാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
എല്ലാ ഭ്രംശമേഖലയിലും ഉള്ള വിള്ളലുകളുടെ നീളം, ആഴം എന്നിവ പരിഗണിച്ചാണ് ഭൂചലനത്തിന്റെ തീവ്രത കണക്കാക്കുക. മാത്രമല്ല, അവയുടെ സ്ഥാനവും അണക്കെട്ടുപ്രദേശവും തമ്മിലുള്ള ദൂരവും പ്രധാന ഘടകമാണ്. എത്രത്തോളം ദൂരം കുറയുമോ, അത്രയും അണക്കെട്ടിന്മേലുള്ള പ്രഹരശേഷി വര്‍ധിക്കും. അങ്ങനെ പരിശോധിച്ചപ്പോഴാണ്, തേക്കടികോടൈവന്നല്ലൂര്‍ മേഖലയിലുണ്ടാകുന്ന ഭൂചലനം, മുല്ലപ്പെരിയാറിന് ഏറ്റവും ഭീഷണിയാകുമെന്ന് കണ്ടെത്തിയത്. റിക്ടര്‍ സെ്കയിലില്‍ 6.5 ഓ അതിലധികമോ ശക്തി രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്ന് ഐ.ഐ.ടി. ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ടിലുണ്ട്.


SocialTwist Tell-a-Friend