Home>Sex>Common Doubts
FONT SIZE:AA

ഉയരക്കുറവും ലൈംഗികതയും

18 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് ഞാന്‍. എന്റെ ക്ലാസില്‍ ഞാനാണ് ഏറ്റവും ഉയരം കുറഞ്ഞ വിദ്യാര്‍ഥിനി; നാല് അടി ഉയരം മാത്രം. കുടുംബജീവിതത്തില്‍ പുരുഷനുമൊത്ത് സംതൃപ്തമായി ജീവിക്കാന്‍ ഉയരക്കുറവുള്ള പെണ്‍കുട്ടികള്‍ക്ക് കഴിയില്ലെന്നു പറഞ്ഞ് കൂട്ടുകാരികള്‍ എന്നെ പരിഹസിക്കുന്നു. ഇത് ശരിയാണോ ? എനിക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നത് സത്യമാണ്. എന്നാലും കൂട്ടുകാരികള്‍ ഓരോന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ ഞാന്‍ ആശയക്കൂഴപ്പത്തിലാവുന്നു.

ഒട്ടും ശരിയല്ല. നിങ്ങളുടെ ഉയരത്തിന് ലൈംഗിക താത്പര്യവുമായോ സംതൃപ്തിയുമായോ കഴിവുമായോ യാതൊരു ബന്ധവുമില്ല. ലൈംഗികസംതൃപ്തി എന്നതിന് മാനസികമായ ഒരു തലംകൂടിയുണ്ട്. രണ്ട് വ്യക്തികള്‍ തമ്മില്‍ പങ്കുവെക്കുന്ന സന്തോഷവും സംതൃപ്തിയുമാണ് വിവാഹജീവിതത്തില്‍ പരമപ്രധാനം. ബന്ധത്തെ ശക്തിപ്പെടുത്തുന്നത് സ്ത്രീയുംപുരുഷനും തമ്മിലുള്ള സൗഹൃദം തന്നെയാണ്.

പ്രസവംനിര്‍ത്തല്‍ ലൈംഗികതയെബാധിക്കുമോ?

26 വയസ്സുള്ള ഒരു വിവാഹിതയാണ് ഞാന്‍. മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. പ്രസവം നിര്‍ത്താനുള്ള ആലോചനയിലാണ് ഞാനും ഭര്‍ത്താവും. ഇത് എന്റെ ലൈംഗികശേഷിയെ ബാധിക്കുമോ ?


ഗര്‍ഭനിരോധന ശസ്ത്രക്രിയ നിങ്ങളുടെ ലൈംഗികശേഷിയെ ഒരു തരത്തിലും ബാധിക്കുകയില്ല. എങ്കിലും സ്ത്രീയെ അപേക്ഷിച്ച് പുരുഷന്മാരില്‍ ചെയ്യുന്ന വാസക്ടമി ശസ്ത്രക്രിയയാണ് കൂടുതല്‍ ലളിതം. അതാണെങ്കില്‍ ഉത്പാദനക്ഷമത ആവശ്യമെങ്കില്‍ തിരിച്ചെടുക്കുന്നതും എളുപ്പമാക്കും. ഗര്‍ഭനിരോധനത്തിനായി പുരുഷന്മാരില്‍ ബീജനാളിയെ ബന്ധിക്കുന്നതോ, സ്ത്രീയില്‍ ഫാലോപിയന്‍ നാളിയെ കെട്ടിയിടുന്നതോ ലൈംഗികജീവിതത്തെ ബാധിക്കുകയില്ല.


അവഗണന

30 വയസ്സുള്ള ഒരു വിവാഹിതയാണ് ഞാന്‍. രണ്ടു വര്‍ഷംമുമ്പായിരുന്നു വിവാഹം. എന്റെ ലൈംഗിക താത്പര്യങ്ങള്‍ക്കു നേരെ തികഞ്ഞ അവഗണനയാണ് പങ്കാളിക്ക് എപ്പോഴും. ഇതുമൂലം എനിക്ക് വളരെയധികം മാനസികപ്രയാസമുണ്ട്. കാര്യങ്ങള്‍ തുറന്നുസംസാരിക്കാന്‍ പലപ്പോഴും ഞാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, അദ്ദേഹം പങ്കുചേരാന്‍ തയ്യാറല്ല. അതേസമയം എന്നോട് വലിയ സ്‌നേഹമാണെന്നു പറയുകയും ചെയ്യും.


യഥാര്‍ഥമായ സ്‌നേഹത്തില്‍ നിബന്ധനകളില്ലെന്ന് പങ്കാളിയെ ബോധ്യപ്പെടുത്താന്‍ ഒന്നുകൂടി ശ്രമിക്കണം. നിങ്ങളുടെ താത്പര്യങ്ങളെ ഭര്‍ത്താവ് പരിഗണിച്ചില്ലെങ്കില്‍ പിന്നെ മറ്റാരാണ് അതിന് തയ്യാറാവുക? എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളോട് അദ്ദേഹം മുഖംതിരിക്കുന്നതെന്നും അറിയാന്‍ ശ്രമിക്കണം.

ഡോ. പ്രകാശ് കോത്താരി


Tags- Height difference
Loading