രൂപയുടെ ഇടിവ്: പോക്കറ്റ് ചോരും

Posted on: 24 Aug 2013


സന്ദീപ്




ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം ദിനംപ്രതി ഇടിയുകയാണ്. മുമ്പെങ്ങും കാണാത്ത തരത്തിലാണ് രൂപ കഴിഞ്ഞ ദിവസങ്ങളില്‍ കൂപ്പുകുത്തിയത്. വ്യാഴാഴ്ച്ച ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം ഒരവസരത്തില്‍ 65.56 രൂപ നിരക്ക് വരെ ഇടിയുകയുണ്ടായി. ഇത് ഉത്പ്പന്നങ്ങള്‍ക്ക് വില കൂടാനും ജീവത ചെലവ് വന്‍തോതില്‍ ഉയര്‍ത്താനും സാധ്യതയുണ്ടെന്ന നിരീക്ഷണങ്ങള്‍ സാധാരണക്കാരന്റെ ഉറക്കം കെടുത്തിക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വിനിമയ മൂല്യം 70 രൂപ നിരക്ക് വരെ താഴ്‌ന്നേക്കാമെന്നാണ് ഒരു പ്രമുഖ അന്താരാഷ്ട്ര ബാങ്കിന്റെ അനുമാനം. പിന്നീട് വര്‍ഷവാസനത്തോടെ രൂപ തിരിച്ചു കയറുമെന്ന് പ്രതീക്ഷിക്കുന്നതായും ബാങ്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിന്നു.

ഈ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചുരങ്ങിയ കാലത്തേക്കെങ്കിലും സാധാരണക്കാരന്റെ ബജറ്റ് താളം തെറ്റാന്‍ തന്നെയാണ് സാധ്യത. വിദേശ രാജ്യത്ത് വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, വിദേശ യാത്ര നടത്താന്‍ പദ്ധതിയിട്ടവര്‍ക്കുമായിരിക്കും രൂപയുടെയിടിവ് ഏറ്റവും വലിയ തിരിച്ചടിയാവുക. ഐ.ടി, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും ; ഒരുപരിധിവരെ ഭക്ഷ്യ വസ്തുക്കള്‍ക്കും വിലയേറാന്‍ സാധ്യതയുള്ളത് സാധാരണക്കാരനെയും ബുദ്ധിമുട്ടിലാക്കും.

പലവ്യഞ്ജനങ്ങള്‍ക്ക് എങ്ങനെ വില കൂടും?


രൂപയ്ക്ക് വിലയിടിയുമ്പോള്‍ ഇത് പ്രധാനമായും ഇറക്കുമതി മേഖലയെയാണ് കൂടുതല്‍ ബാധിക്കുക. ക്രൂഡ് ഓയില്‍, വളം, മരുന്ന്, ഇരുമ്പയിര് എന്നിവയ്ക്ക് വില കൂടുമെന്ന് ഉറപ്പാണ്. ഇത് സാധാരണക്കാരനെ നേരിട്ട് ബാധിക്കില്ലെങ്കിലും പരോക്ഷമായി നമുടെ ബജറ്റിനെ താളം തെറ്റിക്കുക തന്നെ ചെയ്യും. ഡീസലിനും പെട്രോളിനും വില ഉയര്‍ന്നാല്‍ പച്ചക്കറിയുടെയും മറ്റും വില ഉയരും. ഇപ്പോള്‍ തന്നെ കേരളത്തില്‍ ഉള്ളിക്കും മറ്റുമുണ്ടായ വിലക്കയറ്റം സാധാരണക്കാരന്റെ ബജറ്റ് താളം തെറ്റിച്ചു കഴിഞ്ഞു.

ഭക്ഷണ, ഗതാഗത ചെലവ് കഴിഞ്ഞാല്‍ എല്ലാവരും ഏറ്റവും കൂടുതല്‍ പണം ചെലവാക്കുക സോപ്പ്, പേസ്റ്റ് ഉള്‍പ്പടെയുള്ള എഫ്.എം.സി.ജി ഉത്പ്പന്നങ്ങള്‍ക്കാണ്. ഇവ നിര്‍മിക്കേണ്ടതിനാവശ്യമായ ഉത്പന്നങ്ങള്‍ പലതും ഇറക്കുമതി ചെയ്യുന്നവയായതിനാല്‍ ഇവയ്ക്കും വില ഉയരും. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അടക്കമുള്ള ചില കമ്പനികളെങ്കിലും ഉത്പന്നങ്ങള്‍ക്ക് ഇപ്പോഴെ വില വര്‍ധിപ്പിച്ചു കഴിഞ്ഞു.

ഇന്ന് ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ 60-70 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ട് എണ്ണയ്ക്കും വില കൂടാന്‍ അധികം താമസമുണ്ടാവില്ല. ഏപ്രില്‍ മാസത്തോടെ എണ്ണ വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് എണ്ണക്കച്ചവടക്കാര്‍ പറയുന്നത്.

മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രോണിക്ക് ഉത്പ്പന്നങ്ങള്‍ക്കും വില കൂടും


ഇന്ന് പലവ്യഞ്ജനങ്ങള്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ പണം ചെലവിടുന്നത് മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങളും വാങ്ങാനാണ്. ആപ്പിളിന്റെ ഐഫോണ്‍ മുതല്‍ ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട് ഫോണുകള്‍ക്ക് വരെ വില ഉയരാനാണ് സാധ്യത. ഇവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ഉത്പന്നങ്ങല്‍ പലതും ഇറക്കുമതി ചെയ്യുന്നതായതിനാലാണിത്.

വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി


വിദേശത്ത് താമസിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് രൂപയുടെ ഇടിവ് കൂടുതല്‍ ബാധിക്കുക. ഇടത്തരം കുടുംബങ്ങളില്‍പ്പെട്ട പലരും വായ്പയെടുത്താണ് വിദേശത്തെ തങ്ങളുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്. ബാങ്കില്‍ തുക അടയ്ക്കുന്നത് രൂപയിലാണെങ്കിലും ബാങ്കുകള്‍ ഇവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഫീസ് എത്തിക്കുന്നത് ഡോളറിലാണ്. ഇക്കാരണത്താല്‍ തന്നെ പഠന ചെലവ് വര്‍ധിക്കുന്നത് സ്വാഭാവികം. ഇതിന് പുറമെയാണ് താമസ ചെലവ്. ഇവരില്‍ പലരും താമസത്തിനായി വാടകയടക്കമുള്ള ചെലവുകള്‍ ഡോളറായി നല്‍കുമ്പോള്‍ രൂപയുടെ വില തകര്‍ച്ച ഇവര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നു. ഭക്ഷണത്തിനായി ഉണ്ടാവുന്ന ചെലവില്‍ പ്രതിമാസം 1,800 രൂപയുടെ വര്‍ധനയെങ്കിലും ഇവര്‍ക്ക് പ്രതീക്ഷിക്കാം.

കാര്‍ വാങ്ങുമ്പോള്‍


വില്‍പന മന്ദഗതിയിലായ കാര്‍ വിപണിക്ക് പുതിയ തിരിച്ചടിയാവുകയാണ് രൂപയുടെ വിലതകര്‍ച്ച. ഈ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാഹചര്യം കൂടുതല്‍ മോശമാക്കുമെന്ന് കാര്‍ കമ്പനികള്‍ക്ക് അറിയാമെങ്കിലും മറ്റു പോംവഴിയില്ലാതെയാണ് ഇവര്‍ വില ഉയര്‍ത്തുന്നത്. കാര്‍നിര്‍മാണത്തിന് ആവശ്യമായ ഉത്പന്നങ്ങള്‍ ഏറെയും ഇറക്കുമതി ചെയ്യുന്നവയായതിനാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും വില ഉയര്‍ത്താതെ പോംവഴിയില്ലെന്ന സ്ഥിതിയാണ്. വിദേശത്തുള്ള മാതൃകമ്പനികള്‍ക്ക് നല്‍കേണ്ട അമിത റോയല്‍റ്റി തുകയും ചില കമ്പനികള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്.

ഇന്ത്യന്‍ കാര്‍വിപണിയില്‍ മുന്‍നിരയിലുള്ള മാരുതി ഈയിടെ രണ്ടു തവണയായി വില വര്‍ധിപ്പിച്ചിരുന്നു. മറ്റുകമ്പനികളായ ഹ്യൂണ്ടായ്, ഹോണ്ട, ഫോര്‍ഡ് എന്നിവയടക്കമുള്ള കമ്പനികള്‍ക്കും മാരുതിയുടെ വഴി പിന്തുടരേണ്ട സാഹചര്യമാണ് നിലവിലേത്.

വിദേശ ആഢംബര കാര്‍ കമ്പനിയായ ബി.എം.ഡബ്ല്യൂ കാറുകളുടെ വില അഞ്ച് ശതമാനവും മറ്റൊരു കമ്പനിയായ ഔഡി കഴിഞ്ഞ മാസം വില നാലുശതമാനവും ഉയര്‍ത്തിയിരുന്നു. ഇതോടെ ഔഡി ക്യൂഫൈവ് മോഡലിന് വില 1.52 ലക്ഷം രൂപയും എ.സിക്‌സ് സെഡാന് 1.80 ലക്ഷം രൂപയും വര്‍ധിച്ചു. ഔഡിയുടെ ടോപ്പ് എന്‍ഡ് മോഡലായ ആര്‍ എയ്റ്റിന് 4.42 ലക്ഷം രൂപയാണ് വര്‍ധിച്ചത്.

പ്രവാസികള്‍ക്ക് നേട്ടം താത്ക്കാലികം


രൂപയുടെ വില ഇടിയുന്നത് വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് പണം അയക്കുമ്പോള്‍ നേട്ടമാവുമെങ്കിലും ഇത് താത്ക്കാലികം മാത്രമാണെന്ന് വിദേശത്ത് നിന്നും നാട്ടിലെത്തിയ പ്രവീണ്‍ രാജ് പറയുന്നു. ഇവിടെ ഉത്പന്നങ്ങള്‍ക്ക് വില കയറായില്‍ സാധാരണക്കാര്‍ക്ക് ഈ നേട്ടം കൊണ്ട് കാര്യമുണ്ടാവില്ല. നേട്ടം മുഴുവന്‍ ചെലവായി പോവുക തന്നെ ചെയ്യും. പിന്നെ ഇങ്ങനെയുണ്ടാവുന്ന നേട്ടം ഓഹരി വിപണിയിലും മറ്റും നിക്ഷേപിക്കുകയാണെങ്കില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാമെന്നത് മറ്റൊരു വസ്തുത തന്നെ. പക്ഷെ ഇതിനും കൈയ്യില്‍ ഒരുപാട് പണമുണ്ടാവണം. സാധാരണക്കാര്‍ക്ക് ആലോചിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഇതൊക്കെ. ബഹ്‌റൈനില്‍ ഒരു പത്രസ്ഥാപനത്തിലാണ് പ്രവീണിന് ജോലി. നാട്ടിലെത്തിയത് മുതല്‍ക്കിങ്ങോട്ട് ഉണ്ടായ ചെലവിന്റെ ഭാരത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ഇനി വീണ്ടും ബഹ്‌റൈനില്‍ എത്തണമെന്ന് പ്രവീണ്‍.

വിദേശയാത്ര ചെയ്യുന്നവര്‍ക്കും ദുരിതകാലം


അവധിക്കാലം വിദേശത്ത് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഇത് ദുരിതകാലമാണ്. വിമാനഇന്ധനത്തിന് വില ഉയര്‍ന്നതോടെ മിക്ക വിമാനക്കമ്പനികളുടെയും ടിക്കറ്റ് നിരക്ക് വര്‍ധിച്ചുകഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് വിദേശത്തുള്ള താമസ ചെലവ് 3-5 ശതമാനം ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. അതേസമയം, രൂപയുടെ വിലയിടിവ് ആരംഭിക്കുന്നതിന് മുമ്പ് ഹോളിഡേ ട്രിപ്പ് ബുക്ക് ചെയ്തവരെ വിലയിടിവ് കാര്യമായി ബാധിച്ചേക്കില്ല. എന്നാല്‍, 2013ലെ വേനല്‍ക്കാല അവധിക്കലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പലരും ടിക്കറ്റ് റദ്ദാക്കുന്നുണ്ടെന്നാണ് വിമാന ടിക്കറ്റ് ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഇക്കാലത്ത് വിദശത്ത് തമാസ ചെലവ് വര്‍ധിച്ചേക്കുമെന്ന അനുമാനത്തിലാണിത്.

Tags: Rupee slide crumbles economy
»  News in this Section

Enter your email address: